പനമരം കൊറ്റില്ലം സംസ്ഥാനത്തെ ആദ്യ കണ്‍സര്‍വേഷന്‍ റിസര്‍വ്വാക്കാന്‍ നീക്കം

Tuesday 23 June 2015 11:18 pm IST

കല്‍പ്പറ്റ : പനമരം പുഴയിലെ കൊറ്റില്ലം സംസ്ഥാനത്തെ ആദ്യ കണ്‍സര്‍വേഷന്‍ റിസര്‍വ്വായി പ്രഖ്യാപിക്കാനുള്ള നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി വയനാട് ജില്ലാകളക്ടര്‍ വി.കേശവേന്ദ്രകുമാര്‍, പനമരം ഗ്രാമപഞ്ചായത്ത്, വനംവകുപ്പ്, ഡിടിപിസി ഭാരവാഹികള്‍ തുടങ്ങിയവര്‍ കഴിഞ്ഞദിവസം കൊറ്റില്ലം സന്ദര്‍ശിച്ച് നടപടിക്രമങ്ങള്‍ ആരംഭിച്ചു. പ്രകൃതിസ്‌നേഹികളുടെയും പ്രദേശവാസികളുടെയും  വര്‍ഷങ്ങളായുള്ള ആവശ്യമാണ് ഇതോടെ സാക്ഷാല്‍ക്കരിക്കപ്പെടുന്നത്. കൊറ്റില്ലത്തിന്റെ നിലവിലെ ദയനീയ സ്ഥിതിയെ പറ്റി ജന്മഭൂമി വാരാദ്യത്തില്‍ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ലോകത്തില്‍ അരിവാള്‍ കൊക്കുകളുടെ എണ്ണം പതിനായിരത്തില്‍താഴെയാണ്. ഐക്യരാഷ്ട്രസഭ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പക്ഷിയാണിത്. പനമരത്ത് ആയിരത്തിലധികം അരിവാള്‍ കൊക്കുകളുണ്ട്. 300 ന് അടുത്ത് കൂടുകളും. കേരളത്തില്‍ കാലിമുണ്ടികളുടെ പ്രജനനം രേഖപെടുത്തിയത് പനമരത്ത് മാത്രമാണ്. പനമരത്തും പരിസരങ്ങളിലുമായുള്ള വിശാലമായുള്ള പാടശേഖരങ്ങളും ജലലഭ്യതയുമാണ് ഇവിടം നീര്‍പക്ഷികളുടെ താവളമാക്കിയത്. പാതിരാ കൊക്ക്, പെരുമുണ്ടി, ചായമുണ്ടി, ചിന്നമുണ്ടി, ചെറുമുണ്ടി, ചൂളന്‍ എരണ്ട, ചെറിയനീര്‍കാക്ക, പുള്ളികൊക്കന്‍ വാത്ത, നീലകോഴി, വര്‍ണ്ണ കൊക്ക്, ചേരാ കൊക്കന്‍, പടം വീര്‍ത്തി പക്ഷി തുടങ്ങി 14 ഇനം പക്ഷികളും കൊറ്റില്ലത്ത്. മുളംകൂട്ടം പൂത്തുനശിച്ചതും അനിയന്ത്രിത മണല്‍ വാരലും പക്ഷിവേട്ടയും പനമരം കൊറ്റില്ലത്തെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.