ആത്മഹത്യാ മുനമ്പിലെ തിരക്ക്

Tuesday 23 June 2015 11:31 pm IST

ആരോഗ്യകേരളം,സാംസ്‌കാരിക കേരളം എന്നെല്ലാമാണ് അമര്‍ത്യ സെന്‍ ഒരുകാലത്ത് കേരളത്തിന് നല്‍കിയ വിശേഷണങ്ങള്‍! ഇന്നോ? ഇന്ന് കേരളം പകര്‍ച്ചപ്പനികളുടെ സ്വന്തം നാടായ അനാരോഗ്യ കേരളം, കോഴ കേരളം, ആത്മാഹത്യാ മുനമ്പ്. കേരളത്തില്‍ ഇന്ന് ഒരുലക്ഷത്തില്‍ 24 പേര്‍ ആത്മഹത്യചെയ്യുന്നു. ആത്മഹത്യ കുറഞ്ഞു എന്നവകാശപ്പെടുമ്പോഴും അറുപതിനു മുകളിലുള്ളവരുടെ ആത്മഹത്യയും കൗമാരക്കാരുടെ ആത്മഹത്യയും കൂടുകയാണ്. ഇന്ന് ആത്മഹത്യ നിരാശരായ പലരുടെയും രക്ഷാമാര്‍ഗമാണ്. കര്‍ഷക ആത്മഹത്യയും കുടുംബ ആത്മഹത്യയും ഇന്ന് വര്‍ധിക്കുകയാണ്.ഏറ്റവും അധികം ആത്മഹത്യകള്‍ കൊല്ലത്താണ്.30 നും 59 നും ഇടയിലുള്ളവരാണ് ഏറ്റവും കൂടുതല്‍  ആത്മഹത്യ ചെയ്യുന്നത്. ഇവരില്‍ അധികവും പുരുഷന്മാരാണ്.പുരുഷ-സ്ത്രീ അനുപാതം 3:1 ആണ്.പതിനെട്ട് വയസ്സില്‍ താഴെയുള്ളവരുടെ പുരുഷ-സ്ത്രീ അനുപാതം 52:18 ആണ്. 30-44 വയസ്സുള്ളവരില്‍ 79:21 ഉം 45-59 വരെ 80-20 ഉം. മറ്റൊരു പ്രത്യേകത അധികം ആത്മഹത്യകള്‍ നടക്കുന്നത് വിവാഹിതരിലാണ് എന്നുള്ളതാണ്. വിവാഹമോചനങ്ങള്‍ വര്‍ധിക്കുന്നത് ആത്മഹത്യയ്ക്ക് കാരണമാകുന്നു. കുടുംബപ്രശ്‌നങ്ങള്‍, രോഗം, മാനസിക രോഗം, ധനസംബന്ധമായ പ്രശ്‌നങ്ങള്‍,തൊഴിലില്ലായ്മ,മയക്കുമരുന്നുപയോഗം എല്ലാം ആത്മഹത്യയ്ക്ക് പ്രേരകമാകുന്നുണ്ട്. സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി പാര്‍ട്ടി ഓഫീസില്‍ തൂങ്ങിമരിച്ചതായി വായിച്ചു. ബാര്‍ കോഴ അന്വേഷണത്തില്‍ മാണിക്കെതിരെ കോഴ ചോദിക്കുന്നതായ ശബ്ദരേഖ അടങ്ങിയ തെളിവുണ്ടെന്ന് പറഞ്ഞ എസ്പി സുകേശനെതിരെ വധഭീഷണി ഉയര്‍ന്നപ്പോഴാണ് അദ്ദേഹം ആത്മഹത്യയെപ്പറ്റി ചിന്തിക്കുന്നു എന്നുപറഞ്ഞത്. പണ്ട് സ്‌കൂള്‍ കുട്ടികള്‍ ആത്മഹത്യ ചെയ്തിരുന്നത് പരീക്ഷയില്‍ തോല്‍ക്കുമ്പോഴായിരുന്നു. കൗണ്‍സലിംഗില്‍ക്കൂടി ആ പ്രതിഭാസം കുറഞ്ഞു. അതുപോലെ പൈങ്കിളി വാരികകളില്‍ ആസക്തരായ പെണ്‍കുട്ടികളും പ്രേമനൈരാശ്യത്തില്‍ ആത്മഹത്യ ചെയ്തിരുന്നു. പ്രസിദ്ധ മനഃശാസ്ത്രജ്ഞന്‍ ഡോ.സി.ജെ.ജോണ്‍ പറയുന്നത് കേരളം ഇന്ന് ആത്മഹത്യയില്‍ മൂന്നാം സ്ഥാനത്താണ് എന്നാണ്. 2015 മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് ഒരുലക്ഷത്തില്‍ 24 പേര്‍ മാത്രം മരിക്കുന്നു എന്നുപറയുമ്പോഴും അറുപതിന് മുകളിലുള്ളവരുടെ ആത്മഹത്യകള്‍ കൂടുകയാണത്രെ. കൗമാരക്കാരിലും ആത്മഹത്യകള്‍ കൂടുന്നുണ്ട്. വയസ്സായവര്‍ ആത്മഹത്യചെയ്യുന്നത് അവര്‍ക്ക് അടുത്തതലമുറയെ ആശ്രയിക്കേണ്ടിവരുമ്പോഴുള്ള മാനസിക സംഘര്‍ഷവും പീഡനവും മറ്റുമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇന്ന് വൃദ്ധരായ മാതാപിതാക്കള്‍ ഈ തലമുറയ്ക്ക് ഭാരമാണ്. അമ്മിഞ്ഞപ്പാല്‍ നുകരാന്‍ മടിയിലിരുത്തി, ചോറുവാരിയൂട്ടിയവരെ ഒരു മനഃസാക്ഷിക്കുത്തുമില്ലാതെ വഴിയിലും അമ്പലനടയിലും വൃദ്ധസദനങ്ങളിലും ഉപേക്ഷിക്കുന്നു. വൃദ്ധരുടെ ആത്മഹത്യ വിരല്‍ചൂണ്ടുന്നത് സാമൂഹ്യ സ്ഥാപനങ്ങളുടെ അപചയമാണ്. ജനനനിരക്ക് കുറയുമ്പോഴും വൃദ്ധരുടെ ആത്മഹത്യകള്‍ സൂചിപ്പിക്കുന്നത് അവരോടുള്ള അവഗണനയിലേക്കാണ്. വൃദ്ധര്‍ക്കായി ഒരു സോഷ്യല്‍ പ്രോഗ്രാമും സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നില്ല. ഗ്രാമപഞ്ചായത്തുകളും ഇതില്‍ പരാജയമാണ്. പണ്ട് രാജഗിരി കോളേജില്‍ പ്രൊഫ.ജോര്‍ജിന്റെ നേതൃത്വത്തില്‍ മൈത്രി എന്ന സംഘടന പ്രവര്‍ത്തിച്ചിരുന്നത് ആത്മഹത്യാ കുറവിന് കാരണമായിരുന്നു. ഏകാന്തതയും ഒറ്റപ്പെടലും സാമൂഹ്യജീവിയായ മനുഷ്യന് താങ്ങാനാകില്ല. ഇന്ന് വൃദ്ധജനങ്ങളുടെ എണ്ണം കൂടുകയാണ്; വൃദ്ധസദനങ്ങളിലെ അംഗങ്ങളുടെയും. ഇന്നത്തെ യുവതലമുറ സ്വന്തം കാര്യത്തില്‍ മാത്രം ശ്രദ്ധചെലുത്തുന്നത് ഇതിനൊരു കാരണമാണ്. മറ്റൊരു വസ്തുത ഇന്ന് കുടുംബബന്ധങ്ങള്‍ പരാജയപ്പെടുന്നു എന്നതാണ്. വിവാഹമോചനങ്ങള്‍ വര്‍ധിക്കുകയാണെന്ന് കുടുംബ കോടതിയില്‍ക്കൂടി വരുന്ന കേസുകള്‍ തെളിയിക്കുന്നു. കേരളം മദ്യകേരളമായി മാറിയതും കുടുംബബന്ധങ്ങള്‍ ഉലയാനും ആത്മഹത്യാനിരക്ക് കൂട്ടാനും കാരണമാകുന്നുണ്ട്. കര്‍ഷക ആത്മഹത്യകളും വര്‍ധിക്കുകയാണ്. കേരളത്തില്‍നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരുന്ന ബ്ലേഡ് കമ്പനികള്‍ പുനര്‍ജനിച്ചിരിക്കുകയാണ്. കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത ഓപ്പറേഷന്‍ കുബേര എങ്ങുമെത്തിയില്ല.സര്‍ക്കാരിന്റെ മറ്റുപദ്ധതികളെപ്പോലെ കര്‍ഷകര്‍ ബ്ലേഡില്‍നിന്ന് കടമെടുക്കുകയും തിരിച്ചുകൊടുക്കാനാകാതെ ക്വട്ടേഷന്‍ സംഘത്തെ ഭയന്ന് ആത്മഹത്യ ചെയ്യുന്നു. കര്‍ഷകര്‍ ബാങ്കില്‍നിന്നും കടമെടുക്കുന്നത് കാര്‍ഷികാവശ്യത്തിനെന്ന് പറഞ്ഞാണെങ്കിലും അത് പലപ്പോഴും മകളുടെ കല്യാണാവശ്യത്തിനോ മകന്റെ ഉന്നത വിദ്യാഭ്യാസത്തിനോ വേണ്ടിയായിരിക്കാം. പലപ്പോഴും കടംവാങ്ങിയ പണം മറ്റാവശ്യങ്ങള്‍ക്കോ മദ്യപിച്ചോ ധൂര്‍ത്തടിക്കപ്പെട്ട് കര്‍ഷക ആത്മഹത്യയില്‍ കലാശിക്കുന്ന സംഭവങ്ങളുമുണ്ട്. ഇന്നത്തെ ലോകം ഒരു പുതിയ ലോകമാണ്. മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ്, ഫേസ്ബുക്ക്, ചാറ്റിംഗ് എന്നിവയില്‍ക്കൂടി സ്ഥാപിക്കുന്ന പ്രണയബന്ധത്തിന്റെ പാളിച്ചകളും ആത്മഹത്യയിലേക്ക് നയിക്കുന്നു. സൈബര്‍യുഗത്തിലെ കുടുംബബന്ധങ്ങള്‍ തകര്‍ച്ചയുടെ വക്കിലാണ്. ടെലിവിഷന്‍, ഇന്റര്‍നെറ്റ്, ഫേസ്ബുക്ക്,ഇ-മെയില്‍, ട്വിറ്റര്‍ തുടങ്ങി  സൈബര്‍ലോകം സ്വര്‍ഗത്തിന്റെ വാതായനങ്ങള്‍ തുറക്കുമ്പോള്‍ ഒപ്പം നരകത്തിന്റെ വാതിലും തുറക്കപ്പെടുന്നു. കുടുംബത്തിനുള്ളില്‍ ഇന്ന് ശൈഥില്യം കൂടുകയാണ്. 100 കോടിയിലേറെ പേരുടെ സാന്നിധ്യമുള്ള ഫേസ്ബുക്കില്‍ 8.3 കോടി വ്യാജന്മാരുമുണ്ട്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് നവമാധ്യമങ്ങളിലൂടെ അശ്ലീലദൃശ്യങ്ങള്‍ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കേസുകള്‍ കേരളത്തിലാണ്. 73,605 കേസുകള്‍ സൈബര്‍ നിയമലംഘനത്തിന്റെ പേരില്‍ രജിസ്റ്റര്‍ചെയ്തു. അധികവും അശ്ലീല പ്രചാരണക്കേസുകളാണ്. ഇതില്‍ 27 ശതമാനം സാംസ്‌കാരിക കേരളത്തിന്റെ സംഭാവനയാണ്. കേരളത്തിലെ കുറ്റകൃത്യങ്ങളുടെ നിരക്ക് ദേശീയ ശരാശരിയുടെ ഇരട്ടിയാണ്.ദേശീയതലത്തില്‍ ആത്മഹത്യാനിരക്ക് 11.2 ആണെങ്കില്‍ കേരളത്തില്‍ ഇത് 25.3 ആണ്. ഇവിടെ ശരാശരി 1456 കുടുംബിനികളും 1266 പുരുഷന്മാരും ആത്മഹത്യ ചെയ്യുന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ആത്മഹത്യ ചെയ്യുന്നതും കേരളത്തിലാണ്- അരലക്ഷത്തില്‍ 21 സ്ത്രീകള്‍. ആഗോളതലത്തില്‍ ഇത് ഒമ്പത് ആണ്. ഇവിടുത്തെ ആത്മഹത്യാനിരക്ക് ഒരുലക്ഷം പേര്‍ക്ക് 30 എന്ന തോതിലാണ്. തിരുവനന്തപുരം ഇതിലും തലസ്ഥാനംതന്നെയാണ്. കുടുംബബന്ധങ്ങള്‍ ശിഥിലമാകുമ്പോള്‍ ഒളിച്ചോട്ടവും വിവാഹമോചനവും വര്‍ധിക്കുന്നു. 20 കുടുംബകോടതികളിലായി കേസുകള്‍ വര്‍ധിക്കുന്നു. നൂറില്‍ 40 വിവാഹങ്ങളും വിവാഹമോചനത്തിലെത്തുന്നു. ഇന്ന് 'ലിവിംഗ് ടുഗദര്‍' ഇവിടെയും ഫാഷനും പാഷനുമാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ 400 ശതമാനം വിവാഹമോചനക്കേസുകളാണ് വര്‍ധിച്ചത്. ജനുവരി ഒന്നുമുതല്‍ നവംബര്‍ 30വരെയുള്ള 11 മാസത്തിനുള്ളില്‍ 2868 വീട്ടമ്മമാര്‍ ഒളിച്ചോടുകയോ കാണാതാകുകയോ ചെയ്തു. 2605 പേരെ അന്വേഷണത്തില്‍ കണ്ടെത്തി.യഥാര്‍ത്ഥ കണക്ക് ഇതിലിരട്ടിയാകാമെന്നും പോലീസ് പറയുന്നു.ഒളിച്ചോടുന്നവര്‍ മിസ്ഡ് കോളിലും ചാറ്റിംഗിലുംകൂടി കാമുകരെ കണ്ടെത്തുന്നവരാണത്രെ.ഇവര്‍ ഉപേക്ഷിക്കപ്പെടുമ്പോള്‍ ഭര്‍ത്താവ് സ്വീകരിക്കാതെ, ആത്മഹത്യയിലേക്കോ വേശ്യാവൃത്തിയിലേക്കോ തിരിയുന്നു. അതുപോലെ 2014 ജനുവരി മുതല്‍ നവംബര്‍വരെ 18 വയസിന് താഴെയുള്ള 664 പെണ്‍കുട്ടികളെ കാണാതായി. മെയ് 25 കാണാതായ പെണ്‍കുട്ടികള്‍ക്കുള്ള ദിനമാണ്. സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം 18 വയസില്‍ താഴെയുള്ള 1022 കുട്ടികളെ 2015 മെയ് 25 വരെ കാണാതായിട്ടുണ്ട്. ടിവി സീരിയലുകളും മറ്റ് മാധ്യമങ്ങളും നല്‍കുന്ന വികലമായ സന്ദേശങ്ങള്‍ അപ്പാടെ വിഴുങ്ങുന്നവരാണ് സ്ത്രീകള്‍. നവമാധ്യമങ്ങളിലെ അശ്ലീല-ലൈംഗിക അതിപ്രസരത്തിന്റെയും അരാജകത്വത്തിന്റെയും സന്ദേശം ഇവര്‍ ഉള്‍ക്കൊള്ളുന്നു. ഉപഭോഗസംസ്‌കാരവും സുഖജീവിത തൃഷ്ണയും സ്ത്രീകളെ വഴിപിഴപ്പിക്കുന്നു. കുടുംബബന്ധങ്ങളുടെ പവിത്രത അപ്രത്യക്ഷമായിരിക്കുന്നു. 76 ശതമാനം ആത്മഹത്യകളും വിവാഹിതര്‍ ചെയ്യുന്നതാണ്. ആത്മഹത്യാശ്രമങ്ങളും ധാരാളമാണ്. 2012 ല്‍ അധികം പുരുഷന്മാരും ആത്മഹത്യ ചെയ്തത് നിരാശയിലാണ്ടും ആരോടും മനസ്സ് തുറക്കുകയോ സഹായം അഭ്യര്‍ത്ഥിക്കുകയോ ചെയ്യാതെയുമാണ്. സീരിയലില്‍ കാണുന്നത് അനുസരിച്ച് കീടനാശിനി കഴിച്ചും ഫാനില്‍ കെട്ടിത്തൂങ്ങിയും സ്വയം തീകൊളുത്തിയും ആത്മഹത്യ ചെയ്യുന്നവരുണ്ട്. കുടുംബ ആത്മഹത്യയില്‍ കുഞ്ഞുങ്ങളെ കൊന്നശേഷം ആത്മഹത്യ ചെയ്യുന്നു.സംശയരോഗം ബാധിച്ച പുരുഷന്മാര്‍ ഭാര്യയെയും കുഞ്ഞിനെയും കൊന്ന് ആത്മഹത്യ ചെയ്യുന്നു. വിഷാദരോഗം ഇന്നും ആത്മഹത്യക്ക് കാരണമാണ്.സ്ഥിതിഗതികള്‍ ഇതായിരിക്കെ സര്‍ക്കാരോ സമൂഹമോ ഇതില്‍ ഫലപ്രദമായി ഇടപെടുന്നില്ല. പീഡനം അനുഭവിക്കുന്നവര്‍ക്ക് സാമൂഹിക പിന്തുണ ലഭിക്കുന്നില്ല. അതാണ് സ്ത്രീകളുടെ ആത്മഹത്യകൂടാന്‍ കാരണം. ആത്മഹത്യാ കൗണ്‍സലിംഗിന്റെ അഭാവവുമുണ്ട്. മാനസികസമ്മര്‍ദ്ദംമൂലം ഒരു ദശലക്ഷം മലയാളികള്‍ ആത്മഹത്യ ചെയ്യുന്നുണ്ടത്രെ. എന്‍സിആര്‍ബി കണക്കുപ്രകാരം 27 പേരാണ് പ്രതിദിനം ആത്മഹത്യ ചെയ്യുന്നത്. സ്ത്രീപീഡനം,അവിഹിത ഗര്‍ഭധാരണം, നിരാശ ഇവയെല്ലാം ആത്മഹത്യയിലേക്ക് നയിക്കുന്നു.ഇതില്‍ സര്‍ക്കാരും കുറ്റക്കാരാകുന്നത് കടബാധ്യതയുടെ പേരില്‍ കടക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനാലാണ്. അയ്യമ്പുഴ പഞ്ചായത്ത് ബ്ലേഡ് മാഫിയയുടെ കെണിയിലാണ്.സിക്കിം കഴിഞ്ഞാല്‍ കേരളം ആത്മഹത്യയില്‍ രണ്ടാംസ്ഥാനത്താണ്. ഇതിലേക്ക് സമൂഹത്തിന്റെയും സര്‍ക്കാരിന്റെയും ശ്രദ്ധതിരിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.കോഴപ്പണത്തെക്കാള്‍ വിലയേറിയതാണ് മനുഷ്യജീവന്‍ എന്ന് സര്‍ക്കാര്‍ തിരിച്ചറിയണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.