മുംബൈ: ദാമന്‍ തീരത്തുനിന്ന് 24 നോട്ടിക്കല്‍ മൈല്‍ അകലെ നടുക്കടലില്‍ മുങ്ങുകയായിരുന്ന ചരക്കു കപ്പലില്‍നിന്ന് 14 പേരെ നാവികസേനയും കോസ്റ്റ്ഗാര്‍ഡും ചേര്‍ന്ന് രക്ഷിച്ചു. സിമന്റുമായി പോകുകയായിരുന്ന എംവി കോസ്റ്റല്‍ പ്രൈഡ് എന്ന കപ്പലാണ് കഴിഞ്ഞ രാത്രി മുംബൈയില്‍ നിന്ന് 75 നോട്ടിക്കല്‍ മൈല്‍ വടക്കു മാറി മുങ്ങിയത്.
കപ്പലില്‍നിന്ന് സന്ദേശം ലഭിച്ചതോടെ ഇന്നലെ രാവിലെ കൊളാബയില്‍ നങ്കൂരമിട്ടിട്ടുള്ള നവികസേനാ കപ്പല്‍ ഐഎന്‍എസ് ഷിക്രയില്നിന്ന് സീ കിങ് ഹെലികോപ്റ്ററും, കോസ്റ്റ്ഗാര്‍ഡിന്റെ രണ്ട് ചേതക് ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനത്തിനെത്തി. ആറു പേരെ കപ്പല്‍ മുങ്ങുന്നതിനു മുന്‍പ് കോസ്റ്റ്ഗാര്‍ഡ് രക്ഷപ്പെടുത്തി.
കടലില്‍നിന്നാണ് ആറു പേരെ നാവികസേന രക്ഷിച്ചത്. രണ്ടു പേര് കപ്പലിനൊപ്പം താഴ്ന്നെങ്കിലും കോസ്റ്റ്ഗാര്‍ഡ് ഇവരെയും രക്ഷിച്ചു. നാവികരെല്ലാം സുരക്ഷിതരാണ്. ഇവരെ ഉമര്ഗാവിലേക്കു മാറ്റി.
പാല്‍ഗര്‍ ജില്ലയിലെ വസായി തുറമുഖത്ത് മുങ്ങുന്ന കപ്പലില്‍നിന്ന് 20 പേരെ തിങ്കളാഴ്ച നാവികസേന രക്ഷപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: