രാമപാദങ്ങളില്‍

Wednesday 24 June 2015 10:17 pm IST

  മന്ഥരയുടെ ഈ വാക്കുകള്‍ കൈകേയിക്ക് ഉള്‍ക്കൊള്ളാതിരിക്കാന്‍ കഴിഞ്ഞില്ല. എക്കാലവും ആട്ടു തുപ്പുംകേട്ട് ജീവിക്കുന്നതിലും നല്ലത് മരണമാണെന്ന് പറഞ്ഞ് കൈകേയിയേ മാനസികമായി തളര്‍ത്തിയശേഷം അവളെ തന്റെ വഴിക്ക് കൊണ്ടുവരാമെന്ന് മന്ഥരയ്ക്ക് ഉറപ്പുണ്ടായിരുന്നു. അവള്‍ തുടര്‍ന്നു എന്റെ പ്രാണനു തുല്യയായ കൈകേയി, നിന്നെ ഈ സങ്കടാവസ്ഥയില്‍നിന്നും രക്ഷിക്കേണ്ടത് എന്റെ കര്‍ത്തവ്യമാണ് അതുകൊണ്ട് നിന്റെ ശ്രേയസ്സിനും സൗഭാഗ്യത്തിനും വേണ്ടിയാണ് ഞാന്‍ പറയുന്നത്. നീ ശ്രദ്ധിച്ചു കേള്‍ക്കണം. രാമന് പതിനാലുവര്‍ഷം വനവാസവും, ഭരതന് രാജ്യാഭിഷേകവും രാജാവിനെക്കൊണ്ട് പ്രാവര്‍ത്തികമാക്കണം. അതിനുപറ്റിയ ഒരു എളുപ്പവഴിയും ഞാന്‍ പറഞ്ഞ് തരാം. തന്നെ പ്രാണനു തുല്യം സ്‌നേഹിക്കുന്നു എന്ന് മന്ഥരയുടെ വാക്കുകള്‍ കൈകേയിയുടെ ഹൃദയത്തില്‍ തുളഞ്ഞുകയറി. തന്റെ ഭാവിസുഖത്തിനും, ശ്രേയസ്സിനുംവേണ്ടി സുഗമമായ ഒരു മാര്‍ഗ്ഗം പറഞ്ഞുതരാമെന്ന മന്ഥരയുടെ വാക്കുകള്‍ കൂടികേട്ടപ്പോള്‍ അതെന്താണെന്നറിയാനുള്ള ആകാംക്ഷ കൈകേയിയില്‍ അങ്കുരിച്ചു. അവള്‍ മന്ഥരയുടെ വാക്കുകള്‍ക്കായി കാതോര്‍ത്ത് കാത്തിരുന്നു. മന്ഥര തുടര്‍ന്നു പണ്ട് ദേവാസുരയുദ്ധം നടക്കുന്ന അവസരത്തില്‍ ഇന്ദ്രന്റെ അഭ്യര്‍ത്ഥനപ്രകാരം ഇന്ദ്രനെ സഹായിക്കുന്നതിന് വേണ്ടി തേരില്‍ നീയുമൊത്ത് ദശരഥന്‍ ദേവലോകം ഗമിക്കുകയുണ്ടായി. ഘോരയുദ്ധം നടക്കുന്നതിന്നിടയില്‍ ദശരഥന്റെ രഥത്തിന്റെ അച്ചാണി ഇളകുകയും, അത് കണ്ട് ആണി ഊരിപ്പോകാതിരിക്കുന്നതിനായി യുദ്ധം തീരുന്നതുവരെ നീ കൈകൊണ്ട് അമര്‍ത്തിപ്പിടിക്കുകയും ചെയ്തു. യൂദ്ധത്തില്‍ മുഴുകിയിരുന്ന ദശരഥന്‍ ഇതൊന്നും അറിഞ്ഞിരുന്നില്ല. യുദ്ധം നിര്‍ത്തിയശേഷം തേരില്‍നിന്നും താഴെയിറങ്ങിയ ദശരഥന്‍ നിന്റെ പ്രവൃത്തിയെക്കുറിച്ചറിഞ്ഞു. സന്തുഷ്ടനായ ദശരഥന്‍ നിന്നെകെട്ടിപ്പുണര്‍ന്ന്‌കൊണ്ട് തന്റെ പ്രാണരക്ഷാര്‍ത്ഥം നീ നടത്തിയ സാഹസത്തിന് പ്രത്യുപകാരമായി രണ്ടുവരം തരാമെന്നും അത് ചോദിച്ചുകൊള്ളുവാനും പറഞ്ഞു. പക്ഷെ സന്തുഷ്ടയായ നീ ആ വരം രണ്ടും ദശരഥനില്‍ തന്നെ നിക്ഷേപിച്ച് ഞാന്‍ പിന്നീട് ഒരവസരത്തില്‍ ചോദിക്കുമ്പോള്‍ തന്നാല്‍ മതിയെന്ന് പറയുകയുണ്ടായി. ആ രണ്ടു വരങ്ങളും ഇപ്പോള്‍ രാജാവിനോട് ചോദിച്ചു വാങ്ങണം ഈ സംഭവം സത്യത്തില്‍ ഞാനും മറന്നിരിക്കുകയായിരുന്നു. ഈശ്വരാനുഗ്രഹംകൊണ്ടാണ് ഇപ്പോള്‍ ഓര്‍മ്മ വന്നത്. തന്നെ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത് ഈശ്വരനാണെന്ന് മന്ഥര പറഞ്ഞത് സത്യത്തില്‍ കൈകേയിയെകൊണ്ട് ഒരുറച്ച തീരുമാനം എടുപ്പിക്കുന്നതിനുവേണ്ടിയായിരുന്നു. തന്റെ വാക്കുകള്‍ കൈകേയിയുടെ മനസ്സില്‍ ശരിക്കും പ്രവര്‍ത്തിക്കാന്‍ തുടങ്ങിയെന്ന് മനസ്സിലാക്കിയ മന്ഥര ഉടന്‍തന്നെ കൈകേയി അനുഷ്ഠിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വിശദീകരിക്കാന്‍ തുടങ്ങി. നീ ഉടന്‍തന്നെ ആഭരണങ്ങളും ആഭൂഷണങ്ങളും പറിച്ചുകളഞ്ഞ് മലിനവസ്ത്രത്തോടെ വെറും തറയില്‍ കിടക്കുക. കരഞ്ഞ്, കരഞ്ഞ് കവിള്‍ത്തടവും, കൊങ്കത്തടവും കണ്ണുനീരില്‍ കുതിര്‍ത്ത് മുടിയഴിച്ചിട്ട് വര്‍ദ്ധിച്ചകോപത്തോടെ ക്രോധാഗാരം പ്രവേശിച്ച് രാജാവ് വരുന്നതുവരെ കഴിയണം. രാജാവില്‍ നിന്ന് അനുകൂലമായ വാഗ്ദാനം ലഭിക്കുന്നത് വരെ നീ നിന്റെ ഭാവമാറ്റം വെടിയരുത്. മന്ഥരയുടെ വാക്കുകള്‍ കൊള്ളേണ്ടിടത്തുതന്നെ ശരിക്കുംകൊണ്ടു, കൈകേയിയുടെ തലച്ചോറിലാകെ തീ പടര്‍ന്നു. മനസ്സിന് മങ്ങലേര്‍പ്പെട്ടു. കണ്ണുകള്‍ കലങ്ങി അവള്‍ക്ക് തലകറങ്ങുന്നത്‌പോലെ തോന്നി. മുഖത്ത് പ്രകാശം നഷ്ടപ്പെട്ടു. ഏതോ ഭൂതാവേശം കൈവന്നപോലെ കൈകേയി വിറച്ചു. ഈ സന്ദര്‍ഭത്തില്‍ മന്ഥര വീണ്ടും കൈകേയിയുടെ അടുത്തുചെന്ന് എന്തോ കാതില്‍ പറഞ്ഞു. കൈകേയി വീണ്ടും ഒരു കനക വളകൂടി മന്ഥരയ്ക്ക് ഊരി നല്‍കികൊണ്ട് മന്ഥരയോട് പറഞ്ഞു രാമന്‍ വനത്തിന്നു പോകുന്നതുവരെ ഞാന്‍ ഈ കോപഗൃഹത്തില്‍ തന്നെ കിടക്കും. അല്ലാത്തപക്ഷം ജീവന്‍ വെടിയുന്നതാണ്. ഭരതന്റെ രാജ്യാഭിഷേകം കഴിഞ്ഞാല്‍ നിനക്ക് നൂറ് ദേശങ്ങള്‍കൂടി സമ്മാനമായി തരുന്നതാണ്. രാമനെ ഭരതനേക്കാള്‍ കൂടുതല്‍ സ്‌നേഹിക്കുന്നെന്നു പറഞ്ഞ കൈകേയി എത്രപെെട്ടന്നാണ് രാമന്‍ വനവാസത്തിന്ന് പോകാത്ത പക്ഷം താന്‍ മരിച്ചുകളയുമെന്ന് പറഞ്ഞത്. അതാണ് കാലത്തിന്റെ നിയോഗം ഈ ലോകത്തില്‍ സംഭവിക്കുന്ന എല്ലാ നിയോഗവിയോഗങ്ങളും കാലത്തിന്റെ കൈവിരുതാണ്. കൃതകൃത്യയായ ഏഷണിക്കാരി മന്ഥര പിന്നീട് അവിടെ നില്‍ക്കാതെ പെട്ടെന്ന് നിഷ്‌ക്രമിച്ചു. കൈകേയി മണിമഞ്ചത്തിന്‍ നിന്നും ചാടിയെണീറ്റു ആഭരണങ്ങളെല്ലാം പൊട്ടിച്ച് ചുറ്റും വലിച്ചെറിഞ്ഞു. പട്ടാംബരം വലിച്ചുകീറി കോപഗൃഹത്തില്‍ പ്രവേശിച്ചു. അയോദ്ധ്യാധിപതിയായ ദശരഥന്‍ തന്റെ അനന്തരവകാശിയുടെ അഭിഷേകത്തിന് തിരക്കിട്ട് ഒരുക്കങ്ങള്‍ ചെയ്യുന്നതിനിടയില്‍ പത്‌നിമാരെ വിവരമറിയിക്കുന്നതിന് വേണ്ടി അന്തഃപുരത്തില്‍ പ്രവേശിച്ചു. കൈകേയിയുടെ അന്തഃപുരത്തിലേക്കാണ് ആദ്യം വന്നത്. അവിടെ കൈകേയിയെ കാണാതെ രാജാവ് തെല്ലൊന്ന് പരിഭ്രമിച്ചു. അദ്ദേഹം ദാസിമാരോട് കൈകേയി എവിടെയെന്ന് അന്വേഷിച്ചു. കൈകേയി ക്രോധാലയം പ്രവേശിച്ചെന്നും അതിന്റെ കാരണം തങ്ങള്‍ക്കറിയില്ലെന്നും അവര്‍ മറുപടി നല്‍കി. അന്തഃപുര സ്ത്രീകള്‍ എന്തെങ്കിലും ദുഃഖമോ വിഷമമോ അനുഭവിക്കേണ്ടി വരുന്ന സന്ദര്‍ഭങ്ങളില്‍ അവര്‍ അഭയം തേടുന്ന സ്ഥലമാണ് കോപാഗേഹം. ദശരഥന്‍ കോപഭവനത്തില്‍ പ്രവേശിച്ചു അവിടെകണ്ട പ്രക്ഷുബ്ദമായ ആ രംഗം അദ്ദേഹത്തെ അമ്പരപ്പിച്ചു. എങ്കിലും അടുത്തുചെന്ന് അദ്ദേഹം കാര്യം തിരക്കി. രൂക്ഷമായ ഒരു വീക്ഷണം മാത്രമാണ് അതിനു മറുപടിയായത്. എങ്കിലും ദശരഥന്‍ പിന്‍മാറിയില്ല. നിലത്തുകിടന്ന അവളുടെ അരികിലിരുന്ന് മന്ദം, മന്ദം തലോടികൊണ്ട് ചോദിച്ചുപ്രിയേ! സുന്ദരീ! എന്താണ് നിനക്ക് പറ്റിയത്. ആരെങ്കിലും നിന്നെ അപമാനിച്ചോ എന്തിനാണ് ദുഃഖിക്കുന്നത്? എന്തിനാണ് വെറും നിലത്ത് ഈ പൊടിയണിഞ്ഞ് കിടക്കുന്നത്.? അസുഖം വല്ലതുമാണോ? ഒരുത്തരും നിന്നോട് അപ്രിയം കാട്ടാന്‍ വഴിയില്ല. അഥവാ ആരെങ്കിലും അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ അവന്‍ അല്ലെങ്കില്‍ അവള്‍ ദണ്ഡിക്കപ്പെടേണ്ടവരാണെണങ്കില്‍ അതിനും ഞാന്‍ തയ്യാറാണ്. നിനക്ക് എന്താണ് വേണ്ടതെന്നു പറയൂ, ഞാന്‍ സാധിച്ചുതരാം. ''കരിഷ്യാമി തവ പ്രീതിം സൃകൃതേനാപിതേ ശപേ'' ഇതുവരെ ഞാന്‍ ചെയ്തിട്ടുള്ള പുണ്യ കര്‍മ്മങ്ങളെ സാക്ഷി നിര്‍ത്തി ഞാന്‍ ആണയിട്ടു പറയുന്നു നിന്റെ ഇംഗിതം എന്തായാലും ഞാന്‍ സാധിച്ചു തരാം. എന്റെ ജീവിതം തന്നെ നിനക്കധീനമാണ്. അതുകൊണ്ട് എന്താണ് ദുഃഖകാരണമെന്ന് എന്നോട് പറയുക. എന്റെ പ്രാണനേക്കാള്‍ എനിക്കു വലുതാണ് എന്റെ പുത്രനായ രാമന്‍. ആ രാമന്റെ മേല്‍ ആണയിട്ടുകൊണ്ട് പറയുന്നു നിന്റെ ഇഷ്ടം ഞാന്‍ സാധിച്ചു തരും. ... തുടരും

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.