ആ ധീരന്മാരെ അഭിവാദ്യം ചെയ്യാം - കൂപ്പുകൈകളോടെ

Friday 26 June 2015 9:02 am IST

  മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനം ജഗദീശ്വരന്റെ നാമത്തില്‍ നമ്മുടെ കുടുംബം ഏറ്റെടുത്തിരിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ ബലിവേദിയില്‍ ആദ്യ ആഹുതി നല്‍കാനുള്ള അസുലഭ സന്ദര്‍ഭവും അപൂര്‍വ്വ സൗഭാഗ്യവും നമുക്കാണ് കൈവന്നിരിക്കുന്നത്. എന്റെ ജ്യേഷ്ഠസഹോദരന്‍ ബലിവേദിയിലെ ആദ്യ സമര്‍പ്പണമായി. അടുത്തത് ഇളയസഹോദരന്റേതായിരുന്നു. ഇപ്പോള്‍ എന്റെ ഉൗഴവും വന്നിരിക്കുന്നു. മൂന്നു സഹോദരന്മാര്‍ക്കു പകരം നാം ഏഴുപേരായിരുന്നുവെങ്കില്‍ ആ ഏഴുപേരും സന്തോഷത്തോടെ ബലിവേദിയില്‍ എത്തുമായിരുന്നു. ആ മഹത്കര്‍മ്മത്തിനിടയില്‍ നമ്മുടെ കുടുംബം നാമാവശേഷമാകുമെങ്കില്‍ പോലും അതിനെ സന്തോഷേത്താടെ സ്വീകരിക്കും. ധീരസവര്‍ക്കറുടെ ഈ വാക്കുകളോടെയാണ് അടിയന്തരാവസ്ഥക്കെതിരായ പോരാട്ടത്തിന്റെ മൂര്‍ധന്യത്തില്‍ കുരുക്ഷേത്രം ജനങ്ങളുടെ കയ്യിലേക്കെത്തിയത്. അതേ, ആ ധീരന്മാര്‍ നഷ്ടമായ മാതൃഭൂമിയുടെ സ്വാതന്ത്ര്യം വീണ്ടെടുക്കാന്‍ ജീവന്‍ ബലിയര്‍പ്പിക്കാന്‍ തയ്യാറായാണ് അടര്‍ക്കളത്തിലിറങ്ങിയത്. അതിന്റെ പേരില്‍ സംഭവിച്ച എല്ലാ നഷ്ടങ്ങളെയും അവഗണിച്ച് സ്വജീവിതം കൊണ്ട് മാതൃപൂജക്കൊരുങ്ങുകയായിരുന്നു ആ ദേശഭക്തന്മാര്‍. സഹസ്രാബ്ദങ്ങളായി ഭാരതത്തിലെ ബഹുജനങ്ങള്‍ക്കിടയില്‍ വേരൂന്നി വളര്‍ന്നു നില്‍ക്കുന്ന ധാര്‍മ്മിക ചിന്തയുടെ അടിസ്ഥാനത്തിലാണ് ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നത്. ഋഷിമാരും ഗുരുക്കന്മാരും പരമ്പരാഗതമായി ജനങ്ങളില്‍ വളര്‍ത്തിയ ഈ ധാര്‍മികചിന്തയാണ് ഭാരതത്തിന്റെ കരുത്ത്. ആരാലും നശിപ്പിക്കാന്‍ കഴിയാത്തവിധം ഈ ധാര്‍മികശക്തി ഭാരതത്തിലെ ബഹുജനങ്ങളിലാണ് കുടികൊള്ളുന്നതെന്നു മനസിലാക്കാന്‍ ഈ നാട് അടക്കി ഭരിക്കാന്‍ ശ്രമിച്ചവര്‍ തയ്യാറായില്ല. ഓരോ കാലത്തും ഇവിടെ സ്വേഛാധിപത്യപരമായി ഭരണം നടത്താന്‍ ശ്രമിച്ചവര്‍ പരാജയപ്പെട്ടത് അങ്ങനെയാണ്. ഭാരതത്തിന്റെ പുരാണങ്ങളും ചരിത്രവുമെല്ലാം ഈ കഥകള്‍ വീണ്ടും വീണ്ടും നമ്മെ ഓര്‍മിപ്പിക്കുന്നു. ത്രിലോകങ്ങളും സംഹരിക്കാന്‍ കഴിവുളളവരെന്ന് അഹങ്കരിച്ചിരുന്നവരും ദില്ലീശ്വരനായ ഞാന്‍ തന്നെയാണ് ജഗദീശ്വരന്‍ എന്ന് അഹങ്കരിച്ചിരുന്നവരും സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അധിപന്മാരെന്ന് സ്വയം പ്രകടിപ്പിച്ചവരും ഇന്നാട്ടിലെ ജനങ്ങളുടെ ധാര്‍മികശക്തി മനസിലാക്കാന്‍ കഴിയാതെ പോയവരാണ്. ജനങ്ങളുടെ ശക്തിക്കും താല്‍പര്യത്തിനുമാണ് ഭാരതം എന്നും വില കല്‍പ്പിച്ചിട്ടുള്ളത്. ഈ ജനശക്തി വൃദ്ധനും ബാലനും സ്ത്രീയും വനവാസിയും നാഗരികനും എല്ലാം ഉള്‍പ്പെട്ടതാണ്. വനാന്തരങ്ങളിലെ ഋഷിവാടങ്ങളിലാണ് ഒരുകാലത്ത് ഇവിടെ പൗരബോധം പഠിപ്പിച്ചിരുന്നത്. നാടിന്റെ വിധികര്‍ത്താക്കള്‍ ജനങ്ങളാണെന്നും ഒരു വ്യക്തിക്കോ ഒരു കുടുംബത്തിനോ സ്വകാര്യസ്വത്താക്കാനുള്ളതല്ല ഇന്നാടെന്നും പഠിപ്പിച്ച ദിനങ്ങളായിരുന്നു അടിയന്തരാവസ്ഥക്കാലം. ജനതയുടെ മനസില്‍ അന്തര്‍ലീനമായി കിടക്കുന്ന ഈ ധാര്‍മികശക്തിയെ പ്രോജ്വലിപ്പിച്ചുകൊണ്ടാണ് ആര്‍എസ്എസ് നേതൃത്വം ഇന്ദിരയുടെയും കോണ്‍ഗ്രസിന്റെയും അടിയന്തരാവസ്ഥയെ നേരിട്ടതും ചെറുത്തുതോല്‍പ്പിച്ചതും. ജനഹൃദയങ്ങളില്‍ സ്ഥാനമുറപ്പിച്ച് ആയിരക്കണക്കിന് സംഘപ്രവര്‍ത്തകര്‍ ഐക്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും സന്ദേശവുമായി ഈ സമരത്തെ നയിച്ചു. അടിയന്തരാവസ്ഥക്കുശേഷം നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ഈ സംഘടനാപ്രവര്‍ത്തനത്തിന്റെ ശക്തി എന്തെന്ന് ഇന്ദിരാഗാന്ധി നല്ലവണ്ണം മനസിലാക്കി. ഇന്ദിരാഗാന്ധിയും മകന്‍ സഞ്ജയ്ഗാന്ധിയും പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും ഈ ജനകീയയുദ്ധത്തില്‍ അടിയറവ് പറഞ്ഞു. പോലീസും പട്ടാളവും അനുചരവൃന്ദവും പ്രചരിപ്പിച്ചതുപോലെ ആയിരുന്നില്ല കാര്യങ്ങളെന്ന് അവര്‍ക്ക് മനസിലായി. ആര്‍എസ്എസ് സര്‍സംഘചാലക് ആയിരുന്ന ബാലാസാഹബ് ദേവറസ് ഉള്‍പ്പെടെയുള്ളവരെ തടവിലാക്കിയായിരുന്നു അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരയുടെ പട്ടാളഭരണം. ജനസംഘം നേതാക്കളായ വാജ്‌പേയി, എല്‍.കെ. അദ്വാനി തുടങ്ങിയവരും ലോക്‌നായക് ജയപ്രകാശ് നാരായണനെപ്പോലുള്ളവരും തെരഞ്ഞെടുപ്പിനു മാസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് സ്വതന്ത്രരാക്കപ്പെട്ടത്. ഇന്ദിരക്കുവേണ്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകരേക്കാള്‍ അധികം സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സില്‍ബന്തികളും പ്രചാരണത്തിനിറങ്ങി. സോവിയറ്റ് യൂണിയന്റെ സഹായത്തോടെ കോടികള്‍ വാരിയെറിഞ്ഞുള്ള പ്രചരണം, കേന്ദ്രസര്‍ക്കാരിന്റെ എല്ലാ സംവിധാനങ്ങളും ദുരുപയോഗം ചെയ്തുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം, അതായിരുന്നു ഇന്ദിരാഗാന്ധിയും കോണ്‍ഗ്രസും നടത്തിയത്. എന്നിട്ടും ജനം അവരെ തോല്‍പ്പിച്ചു. ജനങ്ങള്‍ യജമാനനും ഭരണാധികാരി ദാസനും ആയിരിക്കണമെന്ന ഗാന്ധിജിയുടെ വാക്യം ഇന്ദിരയെ ഒരുവട്ടംകൂടി ഓര്‍മ്മിപ്പിക്കുകയായിരുന്നു ഇന്ത്യന്‍ ജനത. രാഷ്ട്രത്തിന്റെ ആശാകേന്ദ്രവും വിശ്വാസപാത്രവുമായിത്തീരാന്‍ ആര്‍എസ്എസിന് കഴിഞ്ഞുവെന്നതാണ് അടിയന്തരാവസ്ഥയുടെ മറ്റൊരനുഭവം. ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നതിന്റെ 25-ാം വാര്‍ഷികത്തിലാണ് ഇന്ദിരാഗാന്ധി ആ ഭരണഘടനയെത്തന്നെ അട്ടിമറിച്ചുകൊണ്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ബാലാരിഷ്ടതകള്‍ പിന്നിടാത്ത ഇന്ത്യന്‍ ജനാധിപത്യം ഏകാധിപത്യത്തിലേക്ക് കൂപ്പുകുത്തിയെന്ന് അന്ന് പലരും വിധിയെഴുതി. എന്നാല്‍ ചരിത്രത്തിന്റെ നിയോഗം മറിച്ചായിരുന്നു. 1977 ല്‍ ജയില്‍മോചിതനായ ആര്‍എസ്എസ് സര്‍സംഘചാലക് ബാലാസാഹബ് ദേവറസ് വളരെ പെട്ടെന്ന് ഭാരതത്തിലെമ്പാടും സഞ്ചരിച്ചു. തെരഞ്ഞെടുപ്പ് വിജയത്തെത്തുടര്‍ന്ന് അധികാരത്തിന്റെ പങ്ക് പറ്റാനോ അതില്‍ അവകാശവാദങ്ങള്‍ ഉന്നയിക്കാനോ ആര്‍എസ്എസ് ഒരിക്കലും തയ്യാറായില്ല. പകരം നിതാന്ത ജാഗ്രതയോടെ രാഷ്ട്രത്തെ കാത്തുസൂക്ഷിക്കാനുള്ള സംഘപ്രവര്‍ത്തനം ശക്തിപ്പെടുത്തുകയായിരുന്നു ദേവറസിന്റെ ഈ ഭാരതപര്യടനത്തിന്റെ ഉദ്ദേശ്യം. ആ ജാഗ്രതയും കാവലും സംഘം ഇന്നും അനവരതം തുടരുന്നു. സംഘപ്രവര്‍ത്തനത്തിലെ ഇതിഹാസതുല്യമായ ഒരേടാണ് അടിയന്തരാവസ്ഥാവിരുദ്ധ സമരം. ആ ധീരന്മാര്‍ക്ക് മുന്നില്‍ ആദരവിന്റെ പ്രണാമങ്ങള്‍. (അവസാനിച്ചു)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.