സ്മാര്‍ട്ട്‌സിറ്റി-അമൃത് പദ്ധതികള്‍ പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

Thursday 25 June 2015 1:22 am IST

ന്യൂദല്‍ഹി: രാജ്യത്തെ നഗരങ്ങളുടെ മുഖഛായ മാറ്റാന്‍ ലക്ഷ്യമിട്ടുള്ള മൂന്ന് സുപ്രധാന പദ്ധതികള്‍ക്ക് ഇന്ന് രാവിലെ 10ന് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിക്കും. സ്മാര്‍ട്ട് സിറ്റികളുടെ നിര്‍മ്മാണം, അടല്‍ മിഷന്‍ ഫോര്‍ റിജുവനേഷന്‍ ആന്റ് അര്‍ബന്‍ ട്രാന്‍സ്ഫര്‍മേഷന്‍ (അമൃത്) നഗരങ്ങള്‍ക്കായുള്ള പ്രധാനമന്ത്രി ആവാസ് യോജന എന്നിവയാണ് പദ്ധതികള്‍. രാജ്യത്തെ 10 മുതല്‍ 40 ലക്ഷം വരെയുള്ള ജനസംഖ്യയുള്ള നൂറ് നഗരങ്ങളെ സ്മാര്‍ട്ട്‌സിറ്റികളും ഒരുലക്ഷത്തിലധികം ജനസംഖ്യയുള്ള 500 നഗരങ്ങളെ അമൃത് നഗരങ്ങളുമാക്കി മാറ്റാനുമാണ് ലക്ഷ്യമിട്ടിട്ടുള്ളത്. അഞ്ച്‌വര്‍ഷം കൊണ്ട് സ്മാര്‍ട്ട്‌സിറ്റി പദ്ധതിയ്ക്ക് 48000 കോടിരൂപയും അമൃത് പദ്ധതിക്ക് 50,000 കോടിരൂപയും ചെലവിടും. ആദ്യഘട്ടത്തില്‍ 20 സ്മാര്‍ട്ട്‌സിറ്റികളായിരിക്കും പ്രഖ്യാപിക്കുക. ഈ നഗരങ്ങളില്‍ ഇടതടവില്ലാതെ വൈദ്യുതിയും കുടിവെള്ളവും ലഭ്യമാക്കും. ശുചീകരണം, മാലിന്യ നിര്‍മ്മാര്‍ജ്ജനം, പൊതുഗതാഗത സംവിധാനങ്ങള്‍, പാവപ്പെട്ടവര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ വീടുകള്‍, ഐ.ടി കണക്ടിവിറ്റി തുടങ്ങിയവയും ഒരുക്കും. അമൃത് പദ്ധതി പ്രകാരം നഗരങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും. ജലവിതരണം, അഴുക്ക്ചാല്‍ നിര്‍മ്മാണം, പൊതുഗതാഗത സംവിധാനം, പച്ചതുരുത്തുകളും പാര്‍ക്കുകളും സജ്ജീകരിക്കല്‍, കുട്ടികളുടെ കൂട്ടായ്മകള്‍ക്കായി പ്രത്യേകസ്ഥലമൊരുക്കന്‍ തുടങ്ങിയവയ്ക്ക് മുന്‍ഗണന നല്‍കും. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം 2022 ഓടെ നഗര പ്രദേശങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കായി രണ്ട് കോടി വീടുകള്‍ നിര്‍മ്മിക്കും. പൊതുമേഖല ബാങ്കുകളുടെയും സ്വകാര്യ മേഖലയുടെയും സഹകരണത്തോടെയായിരിക്കും പദ്ധതി നടപ്പിലാക്കുക. വീടൊന്നിന് ഒരുലക്ഷം മുതല്‍ 2.30 ലക്ഷം രൂപവരെ കേന്ദ്രസഹായം ലഭിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.