ഐക്യരാഷ്ട്രസഭയിലെ ചൈനീസ് നിലപാടിലുള്ള എതിര്‍പ്പ് സുഷമ വാങ് യിയെ അറിയിച്ചു

Thursday 25 June 2015 7:11 pm IST

കാഠ്മണ്ഡു: ഐക്യരാഷ്ട്രസഭയില്‍ പാക്കിസ്ഥാന്‍ ഭീകരതക്കെതിരെ ഭാരതം കൊണ്ടുവന്ന പ്രമേയത്തിനെതിരെ ചൈന കൈക്കൊണ്ട നിലപാടിലുള്ള ശക്തമായഎതിര്‍പ്പ് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയെ നേരിട്ട് അറിയിച്ചു. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ കൊടുംഭീകരന്‍ സക്കിയൂര്‍ റഹ്മാന്‍ ലഖ്‌വിയെ മോചിപ്പിച്ച പാക്കിസ്ഥാന്‍ നടപടിക്കെതിരെയാണ് ഭാരതം ഐക്യരാഷ്ട്രസഭയില്‍ പ്രമേയം കൊണ്ടുവന്നത്. ചൈനയുടെ ഇത്തരത്തിലുള്ള നിലപാടുകള്‍ വളര്‍ന്ന് വരുന്ന ബന്ധങ്ങള്‍ക്ക് തടസ്സമാകുമെന്ന് സുഷമ പറഞ്ഞു. കാഠ്മണ്ഡുവില്‍ നടന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സിനിടയിലാണ് വാങ് യിയുമായി ഇക്കാര്യം സുഷമ സംസാരിച്ചത്. ലഖ്‌വി ഒരു സാധാരണ ഭീകരനല്ലെന്നും 166 പേര്‍ കൊല്ലപ്പെട്ട മുംബൈ സ്‌ഫോടനത്തിന്റെ സൂത്രധാരനാണെന്നും സുഷമ ചൂണ്ടിക്കാട്ടി. ചൈനയും ഭാരതവും ഭീകരതമൂലമുള്ള ഭീഷണികള്‍ നേരിടുന്ന രാഷ്ട്രങ്ങളാണ്. നല്ല ഭീകരരെന്നും ചീത്ത ഭീകരരെന്നുമുള്ള വ്യത്യാസമില്ലെന്നും വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് ചൂണ്ടിക്കാട്ടി. ചൈനയും ഭാരതവും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തില്‍ വന്‍ പുരോഗതി ഉണ്ടായിരിക്കുന്ന സമയത്തുള്ള ചൈനയുടെ ഈ നിലപാട് ബുദ്ധിമുട്ടുണ്ടാക്കുന്നതായും സുഷമ പറഞ്ഞു. എല്ലാത്തരത്തിലുള്ള ഭീകരതയെയും ചൈന എതിര്‍ക്കുമെന്ന് വാങ് യി സുഷമക്ക് ഉറപ്പ് നല്‍കി. ചൈനയും ഭാരതവും തമ്മില്‍ ഭീകരതക്കെതിരെ യോജിച്ച് മുന്നോട്ട് പോകാതിരിക്കുന്നതില്‍ യാ തൊരു കാരണവുമില്ലെന്നും വാങ് യി പറഞ്ഞു. ഭാരതം വേണ്ടത്ര വിവരങ്ങള്‍ നല്‍കാതിരുന്നത്മൂലമാണ് യുഎന്നില്‍ പ്രമേയത്തെ ചൈനീസ് പ്രതിനിധി എതിര്‍ത്തത്. കഴിഞ്ഞ ഏപ്രിലിലാണ് ലഖ്‌വിയെ പാക്കിസ്ഥാന്‍ ജയിലില്‍ നിന്നും മോചിപ്പിച്ചത്. കഴിഞ്ഞ ആഴ്ചയാണ് ഭാരതത്തിന്റെ പ്രമേയം യുഎന്നില്‍ എത്തുന്നത്. ലഖ്‌വിയെ പാക്കിസ്ഥാന്‍ മോചിപ്പിച്ചത് യുഎന്‍ പ്രമേയം 1267ന്റെ ലംഘനമാണ്. ഭാരത പ്രമേയത്തെ വീറ്റോ ചെയ്ത നിലപാടിനെതിരെ ചൈനീസ് നേതൃത്വവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചിരുന്നു. വാങ് യിയുമായുള്ള സുഷമയുടെ കൂടിക്കാഴ്ച വളരെ നല്ലതായിരുന്നുവെന്ന് വികാസ് സ്വരൂപ് പറഞ്ഞു. പ്രധാനപ്പെട്ട നിരവധി വിഷയങ്ങള്‍ ഇരുനേതാക്കളും തമ്മില്‍ ചര്‍ച്ച നടത്തി. നേപ്പാളിന്റെ പുനരുദ്ധാരണത്തില്‍ ചൈനയും ഭാരതവും സഹകരിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. മാനസരോവര്‍ തീര്‍ത്ഥാടകര്‍ക്കായി ചൈന നാഥു ലാ പാസ് തുറന്ന് കൊടുത്തതിലുള്ള നന്ദിയും ഭാരതം ചൈനയെ അറിയിച്ചു. ഭൂചലനത്തില്‍ തകര്‍ന്ന നേപ്പാളിന്റെ പുനരുദ്ധാരണം സംബന്ധിച്ച് നേപ്പാള്‍ വിളിച്ചുകൂട്ടിയ അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുക്കുവാനെത്തിയതായിരുന്നു സുഷമയും വാങ് യിയും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.