മനുഷ്യന്‍ ബന്ധമുക്തന്‍

Thursday 25 June 2015 8:34 pm IST

ഈശ്വരന്‍ ശാന്തിയുടെ ആലയമാണ്. വിജ്ഞാനരത്‌നാകരമാണ്. സീമയറ്റമംഗളവിഭൂതികളുടെ നിക്ഷേപമാണ്. ഈശ്വരനുമായി ബന്ധം സ്ഥാപിക്കുമ്പോള്‍ അവലംബവും ശക്തിയും ജ്ഞാനവും വിശുദ്ധിയും നിങ്ങള്‍ക്ക് സ്വായത്തമാകും.ഈശ്വരകൃപയോടും ഈശ്വരനോടും വിടപറഞ്ഞ മനുഷ്യന്‍ ദുഃഖത്തിനും ദുരിതത്തിനും ശരവ്യമായിതീരും. ഈശ്വരകാരുണ്യത്തിന് വിധേയനായി ഈശ്വരാഭിമുഖ്യത്തിലേക്ക് പ്രബുദ്ധനാക്കപ്പെട്ട മനുഷ്യന്‍ ബന്ധനിര്‍മുക്തനാണ്. വ്യക്തികളോടും വിഷയങ്ങളോടുമുള്ള ബന്ധം ലൗകിക വ്യാപാരമാണ്. മമതാബന്ധത്തിലേക്ക് നയിക്കുന്ന വ്യക്തിനിഷ്ഠമായ സമീപനമാണത്. അത് പ്രേമത്തിനോടോ പ്രചോദനത്തുനോടോ ഉള്ള ബന്ധമല്ല. അജ്ഞത വ്യാമോഹം അഹന്തയില്‍ കേന്ദ്രീകൃതമായ ബോധം ഇവയാല്‍ രൂപപ്പെടുത്തിയ ഒരുതരം ബന്ധനമാണത്. എന്നാല്‍ ഈശ്വരനുമായുള്ള ബന്ധം നൈസര്‍ഗ്ഗികമാണ്. ശാശ്വതമാണ്. ജീവാത്മാവിന്റെ സഹജാവസ്ഥയ്ക്ക് സമുചിതവുമാണ്. എന്തെന്നാല്‍ ജീവാത്മാവ് ഈശ്വരന്റെ പ്രതിഫലനമാകുന്നു. ഈശ്വരനുമായുള്ള വിശുദ്ധ പ്രേമത്തിലും തികവുറ്റ പ്രബുദ്ധതയിലും അധിഷ്ഠിതമായിട്ടുള്ള ആത്മീയബന്ധമാണ്. സര്‍വ്വാത്മാവായ ഈശ്വരന്‍ സകല ജീവാത്മാക്കള്‍ക്കും ആധാരമാണ്. ഈശ്വരനാണു സര്‍വ്വത്തിന്റെയും ബീജം. അന്തര്‍ന്നിയത്മാവ്, സന്തതസഹചാരി, യഥാര്‍ത്ഥമിത്രം, മാര്‍ഗദര്‍ശി സംപൂര്‍ണപ്രേമധാമം സകലജീവജാലങ്ങളും അന്ത്യത്തില്‍ മടങ്ങിച്ചെല്ലേണ്ടതും വിശ്രമം പ്രാപിക്കേണ്ടതും ആയ അന്തിമസ്ഥാനം ഇവയെല്ലാം ഈശ്വരനാണ്. എല്ലാ ജീവജാലങ്ങളേയും ഈശ്വരന്‍ ഒന്നുപോലെ സ്‌നേഹിക്കുന്നു. അതായത് അവിടത്തെ സ്‌നേഹം പക്ഷഭേദമില്ലാത്തതും അക്ഷയവും നിരുപാധികവും പൂര്‍ണവുമാണ്. എന്നാല്‍ ജീവന്റെ പ്രേമമാകട്ടെ സ്ഥൂലപ്രപഞ്ചത്തിലെ വ്യക്തികളിലും വിഷയങ്ങളില്‍നിന്ന് ബന്ധം വിടര്‍ത്തി അതിനെ ഈശ്വരോന്മുഖമാക്കുന്നതോടെ ഈശ്വരനുമായുള്ള ആന്തരിക ബന്ധത്തിന്റെ ആനന്ദം നിങ്ങള്‍ക്ക് ആസ്വാദിക്കാന്‍ കഴിയും. ശ്രീ രമാദേവി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.