അടിയന്തരാവസ്ഥയുടെ ചരിത്രം കമ്മ്യൂണിസ്റ്റുകളുടെ ചതിയുടേതും

Friday 26 June 2015 8:54 am IST

ചേര്‍ത്തല: ചതി കൈമുതലാക്കിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെകുറിച്ച് അറിയണമെങ്കില്‍ അടിയന്തരാവസ്ഥയുടെ ചരിത്രം പുതുതലമുറ അറിയണമെന്ന് ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എം.പി. ഭാര്‍ഗവന്‍. ആര്‍എസ്എസ് പ്രചാര്‍ വിഭാഗിന്റെ ആഭിമുഖ്യത്തില്‍ അടിയന്തരാവസ്ഥ കാലത്ത് ജയില്‍ശിക്ഷ അനുഭവിച്ചവരെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ മാളത്തില്‍ പോയൊളിക്കുകയും പിന്‍വലിച്ചപ്പോള്‍ എട്ടുകാലി മമ്മൂഞ്ഞുമാരെ പോലെ അടിയന്തരാവസ്ഥയ്‌ക്കെതിരെ സമരം ചെയ്തത് തങ്ങളാണെന്ന് പറഞ്ഞ് നടക്കുകയാണ് ഇവിടുത്തെ സഖാക്കള്‍. ഭാരതചരിത്രത്തിന്റെ കറുത്ത ഏടാണ് അടിയന്തരാവസ്ഥയെങ്കിലും ആര്‍എസ്എസിന്റെ സുവര്‍ണദശ ആരംഭിച്ചതും ആ കാലഘട്ടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍എസ്എസ് എന്ന പ്രസ്ഥാനത്തെ മാറ്റുരച്ച് നോക്കിയ ഉരകല്ലാണ് അടിയന്തരാവസ്ഥയെന്ന് അദ്ധ്യക്ഷത വഹിച്ച വിഭാഗ് കാര്യവാഹ് എല്‍. പത്മകുമാര്‍ പറഞ്ഞു. സ്വയംസേവകര്‍ തനിത്തങ്കമാണെന്ന് മനസിലാക്കിയപ്പോഴാണ് ഭരണകൂടം തിരിച്ച് ചിന്തിക്കാന്‍ തുടങ്ങിയത്. അന്നത്തെ പ്രവര്‍ത്തകര്‍ അനുഭവിച്ച പീഡനങ്ങളാണ് പ്രതിസന്ധികളിലും തളരാതെ സംഘത്തെ വളര്‍ച്ചയിലേക്ക് നയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജയില്‍ശിക്ഷ അനുഭവിച്ച എച്ച്. നന്ദകുമാര്‍ ഓര്‍മ്മകള്‍ പങ്കുവെച്ചു. ആര്‍എസ്എസ് ജില്ലാ കാര്യവാഹ് എസ്. ജയകൃഷ്ണന്‍, ജില്ലാ പ്രചാര്‍പ്രമുഖ് കെ.ആര്‍. സുബ്രഹ്മണ്യന്‍, കാര്യകാരി സദസ്യന്‍ അഡ്വ. പി. രാജേഷ് എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.