ആ കറുത്ത ദിനത്തിന് നാല്‍പ്പതാണ്ട്

Friday 26 June 2015 8:51 am IST

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ആ കറുത്ത രാത്രിക്ക് 40 കഴിഞ്ഞു. ജനാധിപത്യത്തിനും ദേശസ്‌നേഹികള്‍ക്കും ആ ഓര്‍മ്മയ്ക്ക് പ്രായമേ ആയിട്ടില്ല. അവരുടെ വേദനയ്ക്കും യാതനയ്ക്കും നീറ്റല്‍ കുറഞ്ഞിട്ടില്ല. ചില 'ഓര്‍മ്മകള്‍ക്ക് ചാവില്ലല്ലോ; ജരയും നരയും' പിടിക്കില്ലല്ലോ. അധികാരപ്രമത്തതയില്‍, അതിജീവനത്തിനുള്ള അങ്കലാപ്പിലാണ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ചൈനായുദ്ധത്തിലും പാക്കിസ്ഥാന്‍ യുദ്ധത്തിലും ഭരണഘടനയുടെ 352-ാം വകുപ്പ് വിനിയോഗിച്ച് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ രാജ്യരക്ഷയ്ക്കു വേണ്ടിയായിരുന്നു. എന്നാല്‍, 1975 ജൂണ്‍ 25-ന് അര്‍ദ്ധരാത്രിയില്‍ ആ വകുപ്പുപയോഗിച്ചത് സ്വാര്‍ത്ഥ രക്ഷയ്ക്കും സ്വന്തം ജനതയോടു യുദ്ധം ചെയ്യാനുമായിരുന്നു. പിന്നെ നടന്നത് നരമേധങ്ങള്‍, ജനാധിപത്യക്കശാപ്പ്..... രാജാവിനേക്കാള്‍ രാജഭക്തി കാണിച്ചവര്‍ പോലീസ് സ്‌റ്റേഷനുകള്‍ തോറും കൊടും പീഡനമുറികള്‍ തുറന്നു. ഔദ്യോഗിക കാക്കിയണിഞ്ഞവര്‍ സ്വന്തം ജനതയ്ക്കു നേരേ യുദ്ധമുറകള്‍ പയറ്റി. കിരാതന്മാരില്‍ നിന്നു രാജ്യത്തെരക്ഷിക്കാനും ജനാധിപത്യം സംരക്ഷിക്കാനും രാജ്യസ്‌നേഹികള്‍ പടക്കളത്തിലെന്നപോലെ യുദ്ധം നയിച്ചു; കുരുക്ഷേത്ര യുദ്ധം. ആര്‍എസ്എസ് പ്രസ്ഥാനം അതിനെ മുന്നില്‍ നിന്നു നയിച്ചു. ഭരണകൂടം നടുവൊടിച്ചതും നാവരിഞ്ഞതും നാട്ടുകാരുടേതുമാത്രമായിരുന്നില്ല. ജനജിഹ്വയായ പത്രങ്ങളില്‍ വാര്‍ത്തമറയ്ക്കാന്‍ കരിപുരട്ടി. വിയോജിച്ചവരെ അടച്ചുപൂട്ടി. വാല്‍ ചുരുട്ടി വഴങ്ങിയും കാല്‍തൊട്ടുവണങ്ങിയും നിന്നവരെ അന്നും, പിന്നീടെന്നും തലോടി വളര്‍ത്തി. ജനങ്ങള്‍ക്കു വേണ്ടി സത്യത്തോടൊപ്പം ധീരതയോടെ നിലകൊണ്ട ജന്മഭൂമി പത്രത്തിന്റെ കോഴിക്കോട്ടെ ആസ്ഥാനം അടച്ചുപൂട്ടി. ഭാരതത്തില്‍, അടിയന്തരാവസ്ഥാ സെന്‍സര്‍ഷിപ്പിന്റെ പേരില്‍ അടച്ചുപൂട്ടിയ ഒരേയൊരു പത്രം. വയോധികനായ പത്രാധിപര്‍ പി.വി.കെ. നെടുങ്ങാടിയെ കൈയാമം വെച്ച് പോലീസ് പൊതുനിരത്തിലൂടെ നടത്തി. പ്രസാധകന്‍ യു. ദത്താത്രേയ റാവുവിനെ അറസ്റ്റ്‌ചെയ്ത് ജയിലിലാക്കി. പത്രം തുടങ്ങിയിട്ട് അന്ന് രണ്ടു മാസമേ ആയിരുന്നുള്ളു. അതുകൊണ്ടുതന്നെ ജന്മഭൂമിയുടെ ഓര്‍മ്മത്താളിലെ കറുത്തതും കയ്‌പ്പേറിയതുമായ നാളുകളാണ് അടിയന്തരാവസ്ഥയുടേത്. മുളയിലേ നുള്ളിയിട്ടും പത്രം മുരടിക്കാതെ വളര്‍ന്നുപടര്‍ന്നുവെന്നത് ജനപിന്തുണയുടെ ശക്തികൊണ്ട്. (അന്നത്തെ പത്രത്തിന്റെ തലക്കെട്ട് ഇന്നു ഞങ്ങള്‍ ഉപയോഗിക്കുന്നു) രാജ്യമെമ്പാടുമായി പതിനായിരങ്ങള്‍ ഇന്നും അന്നത്തെ സ്വാതന്ത്ര്യ സമരത്തിന്റെ ജ്വലിക്കുന്ന ഓര്‍മ്മയില്‍ അഭിമാനിക്കുന്നു. സമരത്തീയില്‍ ജീവന്‍ പൊലിഞ്ഞവര്‍ ഏറെ. ജീവച്ഛവങ്ങളായവര്‍ വേറെ. ഇന്നും ആ സമരത്തീ നെഞ്ചിലേറ്റുന്ന രാജ്യസ്‌നേഹികള്‍ അതിലേറെ. നാലു പതിറ്റാണ്ടു തികയുമ്പോള്‍ ജനാധിപത്യക്കശാപ്പിലൂടെ അധികാരം നിലനിര്‍ത്താന്‍ ശ്രമിച്ചവര്‍ ഭരണസ്ഥാനത്തുനിന്നു പുറത്താക്കപ്പെട്ടത് ജനാധിപത്യ ശക്തി. അന്നു പോരടിച്ചവര്‍ ഭരണത്തിനു പുതിയ അര്‍ത്ഥവും വ്യാപ്തിയും ദിശയും നല്‍കുന്നുവെന്നത് ഭരണഘടനയുടെ ശക്തി. കൊച്ചുകേരളത്തിലെ അന്നത്തെ കൊടിയ മര്‍ദ്ദന മുറികളില്‍ ഗരുഡന്‍ പറക്കേണ്ടിവന്നവരും കാവടിയാടേണ്ടിവന്നവരും ഇന്ന് ആശ്വസിക്കുന്നു, നിഷ്ഫലമായില്ല, ആ നിഷ്‌കാമ കര്‍മ്മങ്ങളെന്ന്. കുനിയാന്‍ പറഞ്ഞപ്പോള്‍ മുട്ടിലിഴഞ്ഞവര്‍ക്ക് ചരിത്രത്തിലിടമില്ലാതായി, അനീതിക്കെതിരേ നെഞ്ചുവിരിച്ചു നിന്നവര്‍ പുതിയ ചരിത്രം കുറിച്ചു. അതെ, സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥം തികച്ചും അറിഞ്ഞനുഭവിക്കുകയാണ്. വേദന മറന്നുള്ള കണ്ണീര്‍ മാച്ചുകൊണ്ടുള്ള പുഞ്ചിരികള്‍ നാടെങ്ങും വിരിയുകയാണ്. അവര്‍ നാടെങ്ങും ഏതെങ്കിലും വേദികളില്‍ ഒത്തുകൂടുകയാണ്, ഓര്‍മ്മകള്‍ ഇരമ്പുന്ന മനസ്സുമായി. നാടിനും ജനാധിപത്യത്തിനും കാവലാളുകളായി...

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.