അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ മെഡി. കോളേജുകള്‍ തുറക്കുന്നതിനെതിരെ ഡോക്ടര്‍മാര്‍

Friday 26 June 2015 10:37 pm IST

പത്തനംതിട്ട: അടിസ്ഥാന സൗകര്യങ്ങള്‍പോലുമൊരുക്കാതെ സംസ്ഥാനത്തെ ജില്ലാ, ജനറല്‍ ആശുപത്രികള്‍ മെഡിക്കല്‍കോളേജുകളായി മാറ്റുന്നതിനെതിരെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന രംഗത്ത്. നിലവിലുള്ള ആശുപത്രികളുടെ ബോര്‍ഡുകള്‍ മാറ്റി മെഡിക്കല്‍ കോളേജുകളായി  രൂപാന്തരപ്പെടുത്തുന്നത്  ആരോഗ്യ വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുമെന്ന്  കേരളാ ഗവ.മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാര്‍ മേഖലയില്‍ പുതിയ മെഡിക്കല്‍ കോളേജുകള്‍ ആരംഭിക്കുന്നതിന് ഡോക്ടര്‍മാര്‍ എതിരല്ല. എന്നാല്‍ കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ മേഖലയില്‍ ആരംഭിച്ച മഞ്ചേരി, ഇടുക്കി, പാലക്കാട് മെഡിക്കല്‍ കോളേജുകളുടെ സ്ഥിതി പരിതാപകരമാണ്. ഇവിടെ മെഡിക്കല്‍ സീറ്റുകള്‍ക്കുള്ള അംഗീകാരം നഷ്ടമാകുന്ന സാഹചര്യമുണ്ട്. നല്ലനിലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ജില്ലാ, ജനറല്‍ ആശുപത്രികളുടെ ബോര്‍ഡുമാറ്റി പുതിയ മെഡിക്കല്‍ കോളേജുകള്‍ പ്രഖ്യാപിച്ചതല്ലാതെ കൂടുതല്‍ സൗകര്യങ്ങളൊരുക്കാന്‍ കഴിഞ്ഞിട്ടില്ല. ആശുപത്രികളുടെ സ്ഥലസൗകര്യം മെഡിക്കല്‍ കോളേജ് ഭരണസംവിധാനത്തിനും പഠനാവശ്യത്തിനുമായി മാറ്റിവയ്‌ക്കേണ്ടിവന്നത്  രോഗികള്‍ക്ക്  പ്രയാസം സൃഷ്ടിക്കുന്നു. നേരിട്ട് മെഡിക്കല്‍ കോളേജില്‍ ചികിത്സതേടാനും കഴിയാത്ത സാഹചര്യമായി. റഫറല്‍ രോഗികളെ മാത്രമേ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശിപ്പിക്കുകയുള്ളൂ. പത്തനംതിട്ട, തിരുവനന്തപുരം ജനറല്‍ ആശുപത്രികളില്‍ പുതിയ മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കുന്നതും അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെയാണ്. നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് ജനറല്‍ ആശുപത്രികളുടെ ബോര്‍ഡ് മാറ്റി മെഡിക്കല്‍ കോളേജുകളാക്കി ഇക്കൊല്ലം ക്ലാസുകള്‍ തുടങ്ങാനാണ് നീക്കം.മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം ലഭ്യമായില്ലെങ്കില്‍തന്നെ മൂന്നുമാസത്തേക്ക് കേന്ദ്രാനുമതിയോടെ മെഡിക്കല്‍ കോളേജ് പ്രവര്‍ത്തിക്കാനാകും. ഇത്തരത്തില്‍ മൂന്നുമാസത്തേക്കുള്ള അനുമതി ഒരുവര്‍ഷംവരെ നീട്ടിക്കൊണ്ടുപോകാം.കോന്നിയില്‍ നിര്‍ദിഷ്ട മെഡിക്കല്‍ കോളേജിന്റെ കെട്ടിടനിര്‍മ്മാണം പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് പത്തനംതിട്ട ജനറല്‍ ആശുപത്രിയുടെ സൗകര്യങ്ങള്‍ മെഡിക്കല്‍ കോളേജിനായി പ്രയോജനപ്പെടുത്തുന്നത്. ഉന്നത ബൗദ്ധിക നിലവാരമുള്ള മലയാളി വിദ്യാര്‍ഥികളെ മുറിവൈദ്യന്‍മാരാക്കി തീര്‍ക്കുന്ന പ്രഹസനമാണ് കേരളത്തില്‍ നടന്നുവരുന്നത്. ആവശ്യത്തിലധികം മെഡിക്കല്‍ കോളേജുകള്‍ സ്വകാര്യ, സര്‍ക്കാര്‍ മേഖലയിലായി നിലവിലുണ്ട്. സ്‌പെഷലിസ്റ്റ് ആശുപത്രികളാണ് ഇനിയുമുണ്ടാകേണ്ടത്. പിഎസ്‌സി ലിസ്റ്റുണ്ടായിട്ടും ഡോക്ടര്‍മാരുടെ നിയമനം നടക്കുന്നില്ലെന്നും ഡോക്ടര്‍മാരുടെ അപര്യാപ്തതയും മരുന്നുകളുടെ ലഭ്യതക്കുറവും ഗുണമേന്‍മയില്ലാത്തതും കാരണം കേരളത്തിലെ ആരോഗ്യമേഖല പിന്നോക്കം പോവുകയാണെന്നും ഡോക്ടര്‍മാര്‍ കുറ്റപ്പെടുത്തി. കെജിഎംഒഎ സംസ്ഥാന ഭാരവാഹികളായ  ഡോ.പ്രമീളാദേവി, ഡോ.എ.എന്‍. ശാന്തമ്മ, ഡോ.മനോജ് കുമാര്‍, ഡോ.സുരേഷ് ബാബു, ഡോ.ജോസഫ് ചാക്കോ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.