കാഞ്ഞിരമറ്റം: പ്രശസ്ത ബാലസാഹിത്യകാരന്‍ കാഞ്ഞിരമറ്റം ശ്രീകാവ്യം (നങ്ങേത്ത്) സുകുമാരന്‍ (67) അന്തരിച്ചു.
1947 ല്‍ എറണാകുളം ജില്ലയിലെ കാഞ്ഞിരമറ്റത്ത് ജനിച്ചു. ദീര്‍ഘകാലം മലയാള ഭാഷാധ്യാപകനായിരുന്നു. ആനുകാലികങ്ങളിലും ദിനപത്രങ്ങളിലും കുട്ടികള്‍ക്കുള്ള രചനകളും അവരില്‍ മലയാളഭാഷാ പഠനതാല്പര്യം വളര്‍ത്തുവാനുതകുന്ന കളികളും പഠനപ്രവര്‍ത്തനങ്ങളും പ്രസിദ്ധീകരിച്ചുവരുന്നു. പതിനഞ്ച് ബാലസാഹിത്യകൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളഭാഷയുടെ മധുരിമയും മഹത്വവും വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നുകൊടുക്കുന്നതിനായി 2001 മുതല്‍ ആയിരം വേദികള്‍ പിന്നിട്ട് മാഷും കുട്ടികളും സര്‍ഗസംവാദം വിദ്യാലയങ്ങളിലും സാംസ്കാരിക സ്ഥാപനങ്ങളിലും അവതരിപ്പിച്ചുവരുന്നു.
ഗുരുശ്രേഷ്ഠ അവാര്‍ഡ്, ബാലസാഹിത്യ ശ്രേഷ്ഠ അവാര്‍ഡ്, ഭാഷാശ്രേഷ്ഠ അവാര്‍ഡ്, അധ്യാപക പ്രതിഭ അവാര്‍ഡ്, കുഞ്ഞുണ്ണി പുരസ്കാരം, ശ്രേഷ്ഠഭാഷ കുട്ടിക്കഥാ പുരസ്കാരം, തക്ഷശില പുരസ്കാരം മുതലായവ ലഭിച്ചിട്ടുണ്ട്. ദീര്‍ഘകാലം ഗവ. ഹൈസ്കൂള്‍ അധ്യാപകനായിരുന്നു. കടുങ്ങമംഗലം ഗവ. ഹൈസ്കൂളില്‍ നിന്നാണ് വിരമിച്ചത്. ജന്മഭൂമിയില് നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രാമായണമാസത്തില്‍ സംസ്കൃതി പേജില്‍ പ്രസിദ്ധീകരിച്ചിരുന്ന പദപ്രശ്നം സമൂഹത്തിന്റെ നാനാ തുറകളില്‍പെട്ടവരെ ആകര്‍ഷിച്ചിരുന്നു.
ഭാര്യ: നിര്‍മ്മല (വനംവകുപ്പ് റിട്ട. ഉദ്യോഗസ്ഥ). മകള്‍: അമ്പിളി. മരുമകന്: അരുണ്‍കുമാര്‍ (ഇരുവരും ന്യൂസിലാന്‍ഡില്‍). സംസ്കാരം ഇന്ന് ഉച്ചക്ക് 12 ന് വീട്ടുവളപ്പില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: