നിനച്ചിരിക്കാതെ വന്ന ദുരന്തം കോതമംഗലത്തെ നടുക്കി

Friday 26 June 2015 11:25 pm IST

കോതമംഗലം: ഇന്നലെ വൈകിട്ട് 4.30ഓടെ നിനച്ചിരിക്കാതെ വന്നെത്തിയ ദുരന്തം കോതമംഗലത്തെ നടുക്കി. കോതമംഗലം നെല്ലിമറ്റത്ത് ശക്തമായ കാറ്റില്‍ വന്‍മരം കടപുഴകി സ്‌കൂള്‍ബസ്സിന് മുകളില്‍ പതിച്ച് കറുകടം വിദ്യവികാസ് സ്‌കൂളിലെ അഞ്ച് കുട്ടികള്‍ മരിച്ചുവെന്ന വാര്‍ത്ത കാട്ടുതീ പോലെ പരക്കുകയായിരുന്നു. കോരിച്ചൊരിയുന്ന മഴയിലും അപകടവാര്‍ത്തയറിഞ്ഞ് നാടിന്റെ നാനാഭാഗത്ത് നിന്ന് നൂറുകണക്കിനാളുകള്‍ ഒഴുകിയെത്തി. ഓടിക്കൂടിയ നാട്ടുകാരും കോതമംഗലത്ത് നിന്നെത്തിയ ഫയര്‍ഫോഴ്‌സും കോതമംഗലം, ഊന്നുകല്‍ എന്നീ സ്റ്റേഷനിലെ പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തില്‍പ്പെട്ട കുട്ടികളെ പുറത്തെടുത്ത് കോതമംഗലത്തെ ധര്‍മ്മഗിരി, ബസേലിയോസ് എന്നീ ആശുപത്രികളില്‍ എത്തിക്കുകയായിരുന്നു. സ്‌കൂളില്‍ നിന്നും വരുന്നതും കാത്ത് റോഡരികില്‍ നിന്ന കോതമംഗലം താലൂക്കിലെ കിഴക്കന്‍മേഖലയിലുള്ള രക്ഷിതാക്കള്‍ അപകടവാര്‍ത്തയറിഞ്ഞ് കോതമംഗലത്തേക്ക് കുതിക്കുകയായിരുന്നു. ആശുപത്രി കിടക്കയില്‍ തങ്ങളുടെ പൊന്നുമക്കള്‍ കാണരുതേയെന്ന് അലമുറയിട്ട് എത്തിയ രക്ഷിതാക്കളുടെ ആക്ഷാംഷ ആശുപത്രിയില്‍ തടിച്ചുകൂടിയ നൂറ് കണക്കിനാളുകളെ സ്തബ്ധരാക്കി. അപകടത്തില്‍ മരണം തട്ടിയെടുത്ത കുട്ടികളുടെ രക്ഷിതാക്കളും ബന്ധുമിത്രാദികളും അലമുറയിടുന്ന കാഴ്ച ഹൃദയഭേദകമായി. അച്ഛനും അമ്മയ്ക്കും പൊന്നുമ്മ നല്‍കി വൈകിട്ട് കാണാമെന്ന് പറഞ്ഞ് രാവിലെ യാത്രയാക്കി സ്‌കൂളിലേക്ക് അയക്കുമ്പോള്‍ അതവരുടെ അവസാന ചുംബനമാണെന്ന് കരുതിയില്ല. ദുരന്തവാര്‍ത്ത കേട്ട് ആശുപത്രിയില്‍ കുതിച്ചെത്തിയ ഹതഭാഗ്യരായ മാതാപിതാക്കള്‍ക്ക് കാണേണ്ടിവന്നത് തങ്ങളുടെ പൊന്നോമന മക്കളുടെ ചേതനയറ്റ ശരീരങ്ങളായിരുന്നു. അപകടവാര്‍ത്തയറിഞ്ഞ് മന്ത്രിമാരായ വി.കെ.ഇബ്രാഹീംകുഞ്ഞ്, കെ.ബാബു, അടൂര്‍പ്രകാശ്, കളക്ടര്‍ രാജമാണിക്യം, ഐജി, റൂറല്‍ എസ്പി യതീഷ്ചന്ദ്ര, ജോയ്‌സ്‌ജോര്‍ജ്ജ് എംപി, ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് പി.എം.വേലായുധന്‍, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ എന്നിവര്‍ ആശുപത്രിയിലെത്തി. അപകടത്തില്‍ മരിച്ച കുട്ടികളുടെ കുടുംബത്തിന് സര്‍ക്കാര്‍ നാല് ലക്ഷംരൂപ അടിയന്തരസഹായം പ്രഖ്യാപിച്ചു. അപകടത്തില്‍ എന്‍.ടി.യു സംസ്ഥാന പ്രസിഡന്റ് വി. ഉണ്ണികൃഷ്ണന്‍ മാസ്റ്ററും ബിജെപി കോതമംഗലം നിയോജകമണ്ഡലം കമ്മറ്റിയും അനുശോചനം രേഖപ്പെടുത്തി. നിയോജകമണ്ഡലം നേതാക്കളായ എം.എന്‍.ഗംഗാധരന്‍, പി.പി.സജീവ്, പി.കെ.ബാബു, സന്തോഷ്പത്മനാഭന്‍ എന്നിവര്‍ ആശുപത്രി സന്ദര്‍ശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.