അക്ഷരദീപ്തി

Saturday 27 June 2015 3:56 pm IST

മാതൃകാധ്യാപകനും കവിയും മലയാളഭാഷാ പ്രചാരകനുമായ മാങ്കുളം ജി. കെ. നമ്പൂതിരി രചിച്ച വൈവിധ്യമാര്‍ന്ന പതിനെട്ട് ഉപന്യാസങ്ങളുടെ സമാഹാരമാണ് 'അക്ഷരദീപ്തി'. കലയും വിദ്യാഭ്യാസവും ചരിത്ര ചിന്തകളുമൊക്കെ ഈ സമാഹാരത്തില്‍ സംഗമിക്കുന്നുണ്ട്. സംഗീതവും സാഹിത്യവും സമ്മേളിക്കുന്ന സാരസമ്പന്നമായ ഗാനങ്ങളെക്കുറിച്ചും. ഇന്നത്തെ കാലഘട്ടത്തില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ആലാപന സൗഭാഗ്യത്തെക്കുറിച്ചുമെല്ലാം സംഗീതാധിഷ്ഠിതമായ ആദ്യത്തെ രണ്ടുപന്യാസങ്ങളില്‍ പ്രതിപാദിക്കുന്നു. കേരളത്തിന്റെ തനതുകലയായ കഥകളിലെ സാധാരണക്കാര്‍ക്കു പരിചയപ്പെടുത്തുന്ന മികച്ച ഒരു ലേഖനമാണ് ''കഥകളിയുടെ കഥ''. കഥകളിയിലെ അരങ്ങുണര്‍ത്തുന്ന വ്യത്യസ്തതയാര്‍ന്ന വേഷവിധാനങ്ങളെക്കുറിച്ചും വാദ്യങ്ങളെപ്പറ്റിയും ഇതില്‍ പരാമര്‍ശിക്കുന്നുണ്ട്. കേളികൊട്ടില്‍ തുടങ്ങി കഥാരംഭത്തിലേക്ക് എത്തുന്നതുവരെയുള്ള അനുഷ്ഠാനപരമായ ചടങ്ങുകളെക്കുറിച്ചുള്ള സംക്ഷിപ്ത രൂപവും ഈ അധ്യായത്തിലുണ്ട്. കേരളകലാമണ്ഡലം രൂപീകൃതമാകുന്നതിന് ഒരു നൂറ്റാണ്ടു മുമ്പു തന്നെ ആലപ്പുഴ ജില്ലയിലെ കണ്ടല്ലൂരെന്ന കൊച്ചുഗ്രാമത്തില്‍ കഥകളിയുടെ പ്രചാരത്തിനായി ഒരു കളിയോഗം തുടങ്ങിയിരുന്നുവെന്ന ചരിത്രസത്യം ''കണഅടല്ലൂര്‍ കണ്ട കഥകളി'' എന്ന ലേഖനത്തിലൂടെ വെളിപ്പെടുത്തുന്നുണ്ട്. പ്രസിദ്ധ കഥകളി നടന്മാരായിരുന്ന മാങ്കുളം വിഷ്ണു നമ്പൂതിര, കുമരകം കുഞ്ചുപിള്ള, കൊച്ചുനീലകണ്ഠപ്പിള്ള, തകഴി കേശവപ്പണിക്കര്‍, തുടങ്ങി കണ്ടല്ലൂര്‍ കളിയോഗവുമായി ബന്ധ്പപെട്ട കലാകാരന്മാരെ ഈ അധ്യായത്തില്‍ അനുസ്മരിക്കുന്നുണ്ട്. ഓണാട്ടുകരയുടെ സ്വന്തം കലാരൂപമായ 'ജീവിതകളിക്കായി' ഈ സമാഹാരത്തിലെ ഒരു അദ്ധ്യായം സമര്‍പ്പിക്കുന്നു. ജീവിതകളി കലാകാരന്‍കൂടിയായ ലേഖകന്‍ ഈ കലയ്ക്ക് മലയാള നാടിന് ഇതര ഭാഗങ്ങളില്‍ വേണ്ടത്ര പ്രചാരം ലഭിച്ചിട്ടില്ലെന്ന ഖേദവും പ്രകടിപ്പിക്കുന്നുണ്ട്. ദൈവിക ചൈതന്യം കുടികൊള്ളുന്ന വശ്യസുന്ദരമായ ഈ കലാരൂപത്തെ വായനക്കാര്‍ക്കു പരിചയപ്പെടുത്തുന്നതില്‍ ലേഖകന്‍ വളരെയേറെ നിഷ്‌കര്‍ഷ പുലര്‍ത്തിയിട്ടുണ്ട്. ജീവിത കളിയെന്ന കലാരൂപത്തിന്റെ സമസ്ത സൗന്ദര്യവും ആ ലേഖനത്തില്‍ പ്രതിഫലിക്കുന്നുണ്ട്. ഭാഷാശുദ്ധിയും സാഹിത്യഗുണങ്ങളേയും അങ്ങേയറ്റം ആരാധിക്കുന്ന മലയാളത്തിന്റെ ഗാനഗന്ധര്‍വ്വനായ യേശുദാസിനെ 'രത്‌നങ്ങളിലെ രത്‌നം' എന്ന ലേഖനത്തിലൂടെ തന്റെ ആരാധനാപാത്രമായി പ്രകീര്‍ത്തിക്കുന്നു. മലയാള ഗാനരംഗത്തെ രാജശില്‍പ്പിയായ യേശുദാസിന്റെ ഗാന പൂര്‍ണ്ണിമയ്ക്കു മുന്നിലുള്ള ഒരു സാഷ്ടാംഗ നമസ്‌കാരം തന്നെയാണ് ഈ ലേഖനം. ശാസ്ത്ര സാങ്കേതിക വിദ്യകളുടെ പിറകെ പായുന്ന ആധുനിക തലമുറയ്ക്ക് മാനവിക വിദ്യാഭ്യാസം കൂടി നല്‍കേണ്ടതിന്റെ ആവശ്യകതചൂണ്ടിക്കാട്ടുകയാണ് ''മാനവിക വിദ്യാഭ്യാസം എന്ന ലേഖനത്തില്‍. ''വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം'' എന്ന പ്രശസ്തമായ വരിയെ ഓര്‍മ്മപ്പെടുത്തുന്നതാണ്. വിദ്യാഭ്യാസ ചിന്തകളങ്ങിയ നാലു ലേഖനങ്ങളാണ് ഇതില്‍. ശ്രേഷ്ഠ ഭാഷയായി അംഗീകരിക്കുകയും അതോടൊപ്പം തന്നെ സ്‌കൂളില്‍ മലയാളത്തിനായ നീക്കിവെച്ച പഠനസമയം കുറയ്ക്കുകയും വൈപരീത്യം നിറഞ്ഞ ഇന്നത്തെ കാലഘട്ടത്തില്‍ ഭാഷാ ചിന്തയെ ഉദ്ദീപിപ്പിക്കുന്നവയാണ് ഈ ലേഖനങ്ങളെന്നത് നിസ്തര്‍ക്കമാണ്. കവിത്രയങ്ങളെപ്പോലെ ഒരു അദ്ധ്യാപകത്രയത്തേയും ലേഖകന്‍ വായനക്കാര്‍ക്കായി പരിചയപ്പെടുത്തുന്നു. പോള്‍, മാരാര്‍, മുണ്ടശ്ശേരി എന്ന ഈ അദ്ധ്യാപക ത്രയത്തെ ഭാഷാസ്‌നേഹികള്‍ നെഞ്ചിലേറ്റി ലാളിക്കാതിരിക്കില്ല. അപവാദങ്ങളാല്‍ അഭിഷിക്തനായ കായംകുളം കൊച്ചുണ്ണിയുടെ അപദാനങ്ങളാണ് ''കായംകുളം കവര്‍ന്ന കൊച്ചുണ്ണി'' എന്ന ലേഖനത്തിലുള്ളത്. കൊച്ചുണ്ണിയുടെ മനസ്സിലെ നിഴലും നിലാവും കണ്ടെത്താനുള്ള ഒരു ശ്രമമാണ് ഈ ലേഖനം. അറിവിന്റെ അമൃതധാരയായി പൂന്താനം പകര്‍ന്നുതന്ന ജ്ഞാനപ്പാനയിലെ ശാശ്വത സത്യങ്ങള്‍ കണ്ടെത്തുകയാണ് പാനയിലെ ജ്ഞാനം. എന്ന ലേഖനത്തിലൂടെ. 'ആരോഗ്യപാലനം ആയുര്‍വേദത്തില്‍ എന്ന ലേഖനത്തോടെയാണ് ഈ സമാഹാരം പരിപൂര്‍ണ്ണമാകുന്നത്. സംഗീതവും സാഹിത്യവും ചരിത്രവും വിദ്യാഭ്യാസവുമെല്ലാം ഇഴചേരുന്ന ഈ ലേഖനസമാഹാരത്തിന് അവതാരിക നല്‍കിയിരിക്കുന്നത് പ്രശസ്ത സാഹിത്യകാരനായ ഡോ. അമ്പലപ്പുഴ പ്രേംകുമാറാണ്. മാങ്കുളം ജി. കെ. നമ്പൂതിരിയുടെ ''അക്ഷരദീപ്തി'' എന്ന ഈ ലേഖന സമാഹാരത്തിന്റെ തിളക്കമാര്‍ന്ന ഏടുകളെ വായനക്കാര്‍ക്കു പരിചയപ്പെടുത്താന്‍ പര്യാപ്തമായ ഒന്നാണ് സംക്ഷിപ്തമായ ആ അവതാരിക. അക്ഷരദീപ്തി (ഉപന്യാസ സമാഹാരം) മാങ്കുളം ജി. കെ. മാസ്‌ക് ബുക്ക്ഹൗസ്, ചേപ്പാട്, വില 50 രൂപ

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.