മണ്‍സൂണ്‍ നാഷണല്‍ ഡാന്‍സ് ഫെസ്റ്റ് ജൂലൈ ഒന്നു മുതല്‍

Saturday 27 June 2015 9:13 pm IST

തൃശൂര്‍: നവനീതം കള്‍ച്ചറല്‍ ട്രസ്റ്റ് നടത്തുന്ന മണ്‍സൂണ്‍ നാഷണല്‍ ഡാന്‍സ് ഫെസ്റ്റ് ജൂലൈ ഒന്നു മുതല്‍ എട്ടുവരെ തൃശൂരില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. മോഹിനിയാട്ടം, ബിഹു ഡാന്‍സ് ശില്‍പ്പശാലകളാണ് ഡാന്‍സ് ഫെസ്റ്റിലെ പ്രധാന സവിശേഷത. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി മുപ്പതോളം പ്രശസ്ത നര്‍ത്തകരാണ് പരിപാടിയുടെ ഭാഗമാകുക. കേരള സംഗീത നാടക അക്കാദമി റീജ്യണല്‍ തിയ്യറ്ററിലും നാട്യ ഗൃഹത്തിലുമായാണ് ഡാന്‍സ് ഫെസ്റ്റ്. പരിപാടികള്‍ക്ക് മോഹിനിയാട്ടം നര്‍ത്തകി നീനാ പ്രസാദ് നേതൃത്വം നല്‍കും. വര്‍ണ്ണശബളമായ ബിഹു ഡാന്‍സ് പരിശീലനം ജൂലൈ നാല് മുതല്‍ ആറ് വരെ നടക്കും. പ്രമുഖ ആസ്സാം നര്‍ത്തകി ഡ്രീംലി ഗൊഗോയി ബിഹു ഡാന്‍സ് പരിശീലന കളരി നയിക്കും. സംഗീത നാടക അക്കാദമി സെക്രട്ടറി പി.വി.കൃഷ്ണന്‍ നായര്‍ ശില്‍പകല ഉദ്ഘാടനം ചെയ്യും. അഞ്ചിന് വൈജയന്തി കാശി അവതരിപ്പിക്കുന്ന കുച്ചിപ്പുഡി, ആറിന് ഒഡീഷ നര്‍ത്തകിയായ ലീന മൊഹന്തിയുടെ ഒഡീസി നൃത്തം, ഏഴിന് ആസ്സാമില്‍ നിന്നുള്ള പതിനെട്ടംഗ സംഘം ഒരുക്കുന്ന നാടോടി നൃത്തം, സമാപന ദിവസമായ എട്ടിന് കൊല്‍ക്കത്തയിലെ പ്രശസ്ത നര്‍ത്തകി മധുമിത റായിയും സംഘവും അവതരിപ്പിക്കുന്ന കഥക് നൃത്തം എന്നിവയാണ് പരിപാടികള്‍. കലാരംഗത്തെ പ്രതിഭകള്‍ക്കായി നവനീതം സമ്മാനിക്കുന്ന ദേശീയ പുരസ്‌ക്കാരങ്ങളായ ഭാരത് കലാഭാസ്‌കര്‍, ഭാരത് കലാരത്‌ന അവാര്‍ഡുകളും പരിപാടിയില്‍ സമ്മാനിക്കും. വാര്‍ത്താസമ്മേളനത്തില്‍ നവനീതം ചെയര്‍മാന്‍ ടി.ആര്‍.വിജയകുമാര്‍, ഫൗണ്ടര്‍ ഡയറക്ടര്‍ ബല്‍രാജ് സോണി, ജോസ് ആലുക്ക എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.