സംസ്‌കൃതം വ്യക്തിയേയും ലോകത്തെയും വിമലീകരിക്കുന്നു: സുഷമാ സ്വരാജ്

Sunday 28 June 2015 11:11 pm IST

ബാങ്കോക്ക്: സംസ്‌കൃതഭാഷ വ്യക്തിയുടെ മനസ്സിനെ വിമലീകരിക്കുന്നുവെന്നും അങ്ങനെ മുഴുവന്‍ ലോകത്തെയും പവിത്രമാക്കുന്നുവെന്നും വിദേശകാര്യവകുപ്പു മന്ത്രി സുഷമാ സ്വരാജ്. പതിനാറാമത് ലോക സംസ്‌കൃത സമ്മേളനത്തിലെ മുഖ്യാതിഥിയായി ബാങ്കോക്കില്‍ സംസാരിക്കുകയായിരുന്നു മന്ത്രി സുഷമ. വിദേശകാര്യ മന്ത്രാലയത്തില്‍ സംസ്‌കൃത ഭാഷയ്ക്കു വേണ്ടി ജോയിന്റ് സെക്രട്ടറിയെ നിയോഗിച്ചുവെന്നും മന്ത്രി പറഞ്ഞു. വിവിധ രാജ്യങ്ങളില്‍നിന്ന് 600-ല്‍ പരം സംസ്‌കൃത വിദഗ്ദ്ധരും പണ്ഡിതരും പങ്കെടുക്കുന്ന ചടങ്ങിനെ അഭിസംബോധന ചെയ്യവേ സംസ്‌കൃതം ആധുനികവും സാര്‍വലൗകികവുമാണെന്ന് അഭിപ്രായപ്പെട്ടു. ഗംഗ ഉദ്ഭവസ്ഥാനമായ ഗോമുഖം മുതല്‍ നിപതിക്കുന്ന ഗംഗാസാഗരം വരെ കടന്നുപോകുന്ന വഴിയിലുള്ളതിനെയെല്ലാം പവിത്രമാക്കുന്നു. അതുപോലെയാണ് സ്വയം ശുദ്ധമായ സംസ്‌കൃതം സമ്പര്‍ക്കം ചെയ്യുന്ന എന്തിനേയും ശുദ്ധമാക്കുന്നു. അതിനാല്‍, സംസ്‌കൃതത്തെ പോഷിപ്പിക്കുക, സംസ്‌കൃത ഗംഗയില്‍ മുങ്ങുന്നവരെ അത് പവിത്രീകരിക്കും, സുഷമ പറഞ്ഞു. ആധുനിക ശാസ്ത്രജ്ഞര്‍ സംസ്‌കൃത ഭാഷയുടെ സാധ്യതകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അവര്‍ സൈബര്‍ സുരക്ഷയ്ക്കു പോലും സഹായകമായ ഭാഷയെന്ന് വിശേഷിപ്പിക്കുന്നു. സംസ്‌കൃത ഭാഷയില്‍ സൂക്ഷിച്ചിരിക്കുന്ന പ്രാചീന അറിവുകള്‍ ആധുനികകാലത്തെ ആഗോള താപനം പോലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കുന്നു. ദാരിദ്ര്യം മാറ്റാനും ഭീകരതയെ തടുക്കാനുമുള്ള വിവരങ്ങള്‍ സംസ്‌കൃത പ്രാചീന ഗ്രന്ഥങ്ങളിലുണ്ട്. സംസ്‌കൃത ഭാഷയുടെ പഠനത്തിനും അതിലുള്ള ഗവേഷണങ്ങള്‍ക്കും പുതിയ ദിശ നല്‍കിയാല്‍ ഈ നേട്ടങ്ങള്‍ സ്വന്തമാക്കാമെന്നും അവര്‍ വിശദീകരിച്ചു. ജൂലൈ രണ്ടുവരെ നടക്കുന്ന സമ്മേളനത്തിന്റെ സമാപനം അന്ന് മാനവശേഷി വകുപ്പുമന്ത്രി സ്മൃതി ഇറാനി നിര്‍വഹിക്കും. ആദ്യത്തെ ലോക സംസ്‌കൃത സമ്മേളനം നടന്നത് 1972-ല്‍ ദല്‍ഹിയിലായിരുന്നു. മൂന്നു വര്‍ഷത്തിലൊരിക്കലാണ് സമ്മേളനം. ഭാരതത്തില്‍നിന്ന് 250 സംസ്‌കൃത പണ്ഡിതര്‍ പങ്കെടുക്കുന്നതുണ്ട്. ഈ വര്‍ഷം സംസ്‌കൃത ഭാരതിയുടെ 30 പ്രതിനിധികളുമുണ്ട്. സംസ്‌കൃതത്തെ പുകഴ്ത്തിയാല്‍ മാത്രം പോരാ സംസ്‌കൃതം പോഷിപ്പിക്കാനുള്ള പദ്ധതികള്‍ കൂടി ആസൂത്രണം ചെയ്യണമെന്ന് സുഷമ പറഞ്ഞു. രാജ്യത്തെ ശാസ്ത്ര സര്‍വകലാശാലകളും ഐഐടികളും സംസ്‌കൃത സര്‍വകലാശാലകളും യോജിച്ച് പ്രവര്‍ത്തിച്ച് പുതിയ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തണമെന്നും മന്ത്രി സുഷമ പറഞ്ഞു. ഭാരതീയ സാംസ്‌കാരിക വിനിമയ സമിതി, സംസ്‌കൃത പോഷണത്തിന് അന്താരാഷ്ട്ര സംസ്‌കൃത സമ്മാനം ഏര്‍പ്പെടുത്താന്‍ നിശ്ചയിച്ചുവെന്നും സമ്മതപത്രവും 20,000 അമേരിക്കന്‍ ഡോളറുമടങ്ങുന്നതായിരിക്കും സമ്മാനമെന്നും സുഷമ പറഞ്ഞു. തായ് രാജ്ഞിയും സംസ്‌കൃത പണ്ഡിതയുമായ മഹാചക്രി സിരിന്ധോന്‍ ആണ് സമ്മേളനത്തിന്റെ മുഖ്യ രക്ഷാധികാരി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.