പാലക്കാട് മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ സ്ഥാപനമല്ലെന്ന് രേഖകള്‍

Monday 29 June 2015 2:16 am IST

പാലക്കാട്: പാലക്കാട് മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ സ്ഥാപനമല്ലെന്ന് ഔദ്യോഗിക രേഖകള്‍. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെയും ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെയും രേഖകളില്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കല്‍ സയന്‍സസ് എന്നാണ് സ്ഥാപനത്തിന്റെ പേര്. ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് എന്ന് സംസ്ഥാന സര്‍ക്കാരിന്റെ രേഖകളില്‍ കാണുന്നത് തട്ടിപ്പാണെന്ന് ഇതോടെ വ്യക്തമായി. പട്ടികജാതി വികസന വകുപ്പിന് കീഴില്‍ മുഖ്യമന്ത്രി ചെയര്‍മാനായ സൊസൈറ്റിയാണ് മെഡിക്കല്‍ കോളേജിന്റെ നടത്തിപ്പെന്നു പാലക്കാട് എംഎല്‍എ ഷാഫി പറമ്പില്‍ പറഞ്ഞിരുന്നു. എന്നാല്‍, കേരള സ്റ്റേറ്റ് ഷെഡ്യൂള്‍ഡ് കാസ്റ്റ് ആന്റ് ഷെഡ്യൂള്‍ഡ് ട്രൈബ് എജ്യുക്കേഷന്‍ സൊസൈറ്റിക്കു കീഴില്‍ ഒമ്പത് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ മാത്രമേയുള്ളൂവെന്ന് വിവരാവകാശ രേഖകളിലൂടെ പുറത്തുവന്നിരുന്നു. ഇപ്പോള്‍ കേന്ദ്ര മന്ത്രാലയത്തിന്റെ രേഖകള്‍ പുറത്തുവന്നതോടെ പാലക്കാട് മെഡിക്കല്‍ കോളേജ് സ്വാശ്രയ മേഖലയിലെ സ്ഥാപനമാണ് എന്ന ആശങ്ക ശരിവച്ചു. അതിനിടെ, കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ മെഡിക്കല്‍ കോളേജില്‍നിന്ന് 46 ഡോക്ടര്‍മാര്‍ പിരിഞ്ഞുപോയി. അഞ്ച് പ്രൊഫസര്‍മാര്‍, ഒരു അസോസിയേറ്റ് പ്രൊഫസര്‍, 11 അസി. പ്രൊഫസര്‍മാര്‍മാര്‍, ജൂനിയര്‍ റെസിഡന്റ് തസ്തികയിലുണ്ടായിരുന്ന ആറുപേര്‍, സീനിയര്‍ റെസിഡന്റായിരുന്ന അഞ്ചുപേര്‍, 17 ട്യൂട്ടര്‍മാര്‍ എന്നിവരാണ് സ്ഥാപനം വിട്ടത്. ഈ ഒഴിവുകലേക്ക് കഴിഞ്ഞദിവസങ്ങളില്‍ നിയമനം നടത്തിയത് സ്‌പെഷ്യല്‍ ഓഫീസറും പ്രിന്‍സിപ്പാളും ചേര്‍ന്നാണെന്നത് പുതിയ തട്ടിപ്പ്. സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കോളേജില്‍ നിയമനം പിഎസ്‌സി വഴി വേണമെന്നിരിക്കെ പാലക്കാട് മെഡിക്കല്‍ കോളേജിലെ അധികാരി സെപ്ഷ്യല്‍ ഓഫീസര്‍. ഇതും മുഖ്യമന്ത്രിയും പാലക്കാട് എംഎല്‍എയും ആണയിടുന്ന സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് എന്ന വാദം കള്ളമെന്നു തെളിയിക്കുന്നു. എംബിബിഎസ് സീറ്റുകളിലേക്ക് 100 വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാന്‍ 102 അധ്യാപകരും 87 അധ്യാപകേതര ജീവനക്കാരും വേണമെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ വ്യവസ്ഥ. 2014 ഫെബ്രുവരി മുതലാണ് നിയമനം നടത്തിയത്. സര്‍ക്കാര്‍ സ്ഥാപനത്തിലെ നിയമനങ്ങളില്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ പ്രാഥമിക നിയമനത്തിലും കൊഴിഞ്ഞുപോകപ്പെട്ട ഒഴിവിലുമുണ്ടായിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.