ഏഷ്യന്‍ ബാങ്ക്: ഭാരതം ഉള്‍പ്പടെ 50 രാജ്യങ്ങള്‍ കരാറില്‍ ഒപ്പുവെച്ചു

Monday 29 June 2015 6:38 pm IST

ബീജിംങ്:ബഹുമുഖ ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് (എഐഐബി) രൂപവത്കരിക്കാനുള്ള കരാറില്‍ ഭാരതം ഉള്‍പ്പടെയുള്ള 50 രാജ്യങ്ങള്‍ ഒപ്പുവെച്ചു. ചൈനയുടെ നേതൃത്വത്തില്‍ ബീജിങ്ങില്‍ നടന്ന ചടങ്ങില്‍ വിവിധ രാജ്യങ്ങളിലെ ഉന്നത പ്രതിനിധികള്‍ പങ്കെടുത്തു. ആര്‍ട്ടിക്കിള്‍ 60 പ്രകാരം കാരാറില്‍ ഒപ്പുവെച്ചിട്ടുള്ള രാജ്യങ്ങള്‍ക്ക് എഐഐബിയില്‍ തുല്യനിയന്ത്രണാധികാരമാണുണ്ടാവുക. ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് സാമ്പത്തിക സഹായം ലക്ഷ്യംവെച്ചാണ് ഇത് രൂപീകൃതമായത്. ആസ്‌ട്രേലിയയാണ് കരാറില്‍ ആദ്യം ഒപ്പുവെച്ചത്. 100 ലക്ഷം കോടി യുഎസ്‌ഡോളര്‍ മുതല്‍ മുടക്കില്‍ ഈ വര്‍ഷം അവസാനത്തോടെ ഇത് പ്രവര്‍ത്തനം ആരംഭിക്കും. മൂലധനത്തിന്റെ 75 ശതമാനം അംഗ രാജ്യങ്ങള്‍ നിക്ഷേപിക്കണം.  ചൈനയ്ക്കും ഭാരതത്തിനും റഷ്യയ്ക്കുമാണ് എഐഐബിയില്‍ ഏറ്റവും കൂടുതല്‍ ഓഹരി പങ്കാളിത്തമുള്ളത്. ചൈനക്ക് 30.34 ശതമാനവും ഭാരതത്തിന് 8.52 ശതമാനം, റഷ്യക്ക് 6.66 ശതമാനം എന്നിങ്ങനെയാണ്. അംഗരാജ്യങ്ങള്‍ക്ക് സാമ്പത്തിക സഹായം ഉറപ്പുവരുത്തുന്നതിനായാണ് വിവിധ രാജ്യങ്ങളുടെ പിന്തുണയോടെ ഇത് പ്രവര്‍ത്തനം ആരംഭിക്കുന്നതെന്ന് ചൈനീസ് ധനകാര്യമന്ത്രി ലോ ജിവിയ് പറഞ്ഞു. യുഎസ്,ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ ഇതിനകംതന്നെ  എഐഐബിയ്‌ക്കെതിരെ വിയോജിപ്പുമായി രംഗതെത്തിയിട്ടുണ്ട്. ഈ രാജ്യങ്ങള്‍ കരാറില്‍ ഒപ്പുവെയ്ക്കാനും തയ്യാറായിട്ടില്ല. എഐഐബിയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നത് ലോക ബാങ്ക് ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്ക് എന്നിവയ്ക്ക് തിരിച്ചടിയാകുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ കണക്കുകൂട്ടുന്നത്. 2013 ഒക്ടോബറില്‍ ചൈനീസ് പ്രസിഡന്റ് ഷിജിന്‍ പിങ്ങാണ് 21 രാജ്യങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് ബാങ്ക് സ്ഥാപിക്കാമെന്ന നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്. ചൈനയെക്കൂടാതെ എഷ്യന്‍ രാജ്യങ്ങളായ ഭാരതം, മലേഷ്യ, പാക്കിസ്ഥാന്‍, സിംഗപ്പൂര്‍, തുങ്ങി 21ഓളം രാജ്യങ്ങള്‍ അന്ന് ഇതിന്  അംഗീകാരവും നല്‍കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.