രാമപാദങ്ങളില്‍

Monday 29 June 2015 8:09 pm IST

ഇതുകേട്ട രാമന്‍ പറഞ്ഞു ഇതുവല്ലാത്ത കഷ്ടം തന്നെയാണമ്മേ അമ്മ എന്നോട് ഇങ്ങനെയെല്ലാം പറയേണ്ടതുണ്ടോ? അച്ഛന്‍ എന്നോട് തീയില്‍ ചാടാനോ, വിഷം കുടിക്കാനോ, സമുദ്രത്തില്‍ ചാടി ചാകാനോ എന്തുതന്നെ പറഞ്ഞാലും ഞാന്‍ അത് സന്തോഷത്തോടെ അനുസരിക്കും. പിതാവ് ആജ്ഞാപിച്ചില്ലെങ്കില്‍ പോലും പിതാവിന്റെ ഇംഗിതമറിഞ്ഞ് പ്രവര്‍ത്തിക്കുന്നവനാണ് ഉത്തമ പുത്രന്‍. പിതാവിന്റെ നിര്‍ദ്ദേശമനുസരിച്ച് പ്രവര്‍ത്തിക്കുന്നവന്‍ മദ്ധ്യമനും പിതാവ് പറഞ്ഞാലും  അനുസരിക്കാത്തവന്‍ പുത്രേപിര്‍മലം (മാതാപിതാക്കളുടെ മലം) എന്നുമാണ് സജ്ജനങ്ങള്‍ പറഞ്ഞ് ഞാന്‍ കേട്ടിട്ടുള്ളത്. അതുകൊണ്ട് ഉത്തമ പുത്രനെപ്പോലെ താതനിയോഗം അനുഷ്ഠിക്കാന്‍ എനിക്ക് ഒട്ടും വിഷമമില്ല ഞാന്‍ സത്യം ചയ്യുന്നു. ശ്രീരാമന്റെ പ്രതിജ്ഞ കേട്ടപ്പോള്‍ കൈകേയി തന്റെ മനസ്സിലിരുപ്പ് വ്യക്തമാക്കാന്‍ തുടങ്ങി. പണ്ട് ദേവാസുരയുദ്ധകാലത്ത് ഞാന്‍ നിന്റെ പിതാവിന്റെ ജീവന്‍ രക്ഷിച്ചതിന്ന് പ്രത്യുപകാരമായി രണ്ട് വരംതന്നു. പക്ഷെ അന്നു ഞാന്‍ വരം വാങ്ങാതെ പിന്നീട് ആവശ്യം വരുമ്പോള്‍ ചോദിച്ചുകൊള്ളാമെന്ന് പറഞ്ഞുവെച്ചിരുന്നു. ഇപ്പോഴത് ചോദിച്ചു. ഭരതനെ രാജാവാക്കണം നിന്നെ പതിനാലു വര്‍ഷത്തേക്ക് വനവാസത്തിനയക്കണം എന്നിങ്ങനെ രണ്ട് വരങ്ങളാണ് ഞാന്‍ ചോദിച്ചത്. നിനക്ക് സത്യംപാലിക്കണമെന്നുണ്ടെങ്കില്‍ മരവുരിയും, മാന്‍തോലും ധരിച്ച് പതിനാലുകൊല്ലം ദണ്ഡകാരണ്യത്തില്‍ വസിക്കണം.കൈകേയിയുടെ ഈ കഠിനവചനങ്ങള്‍ കേട്ട് യാതൊരു ഭാവവ്യത്യാസവുമില്ലാതെ ഒട്ടും കൂസാതെ രാമന്‍ പറഞ്ഞു. വളരെ നല്ലത് ഇതാണ് അച്ഛന്റെ അഭീഷ്ടെമങ്കില്‍ ഞാനതനുസരിക്കും. പക്ഷെ അച്ഛനെന്താണമ്മേ ഒന്നും മിണ്ടാതിരിക്കുന്നത് കൈകേയിയെ നോക്കികൊണ്ട് രാമന്‍ തുടര്‍ന്നു. അഹം ഹി സീതാ രാജ്യംച പ്രാണാനിഷ്ടാന്‍ ധനാനിച ഹൃഷ്‌ടോ ഭ്രാത്രേ സ്വയം ദദ്യാം ഭരതായ പ്രചോദിത: അമ്മ പറഞ്ഞാല്‍ ഞാന്‍ സീതയെ, രാജ്യത്തെ, പ്രാണനെ, ഇഷ്ടങ്ങളെ, ധനത്തെ എല്ലാത്തിനേയും അനുജന്‍ ഭരതന് കൊടുക്കുമല്ലോ? പിന്നെ അച്ഛന്റെ ആജ്ഞയാണോ ഞാന്‍ അനുസരിക്കാതിരിക്കുക. ശ്രീരാമന്റെ ഈ വാക്കുകള്‍ കൈകേയിയെ അതീവ സന്തുഷ്ടയാക്കി. അവള്‍ പറഞ്ഞു എങ്കില്‍ നീ ഉടനെ വനത്തിലേക്ക് പുറപ്പെടുക. നീ യാത്രയാകാതെ അച്ഛന്‍ എഴുന്നേറ്റ് കുളിക്കുകയോ, ഭക്ഷണം കഴിക്കുകയോ ഒന്നും തന്നെ ചെയ്യില്ല. കൈകേയി പറഞ്ഞത്‌കേട്ട് മഹാരാജാവ് ''ച്ഛേ കഷ്ടം നിന്ദ്യം'' എന്നൊരു വാക്കു മാത്രം ഉച്ചരിച്ച് വീണ്ടും ബോധരഹിതനായി ശയ്യയില്‍ വീണു. കൈകേയി രാമന്റെ വനയാത്രക്കുള്ള ഒരുക്കങ്ങള്‍ പെട്ടെന്ന് ചെയ്തു തുടങ്ങി. കൈകേയിയോടായി രാമന്‍ പറഞ്ഞു ഏവമസ്തു ഗമിഷ്യാമി വനം വസ്തുമഹം ത്വിത: ജടാചീരധരോ രാജ്ഞ പ്രതിജ്ഞാമനുപാലയന്‍ അങ്ങനെയാകട്ടെ ഞാനിതാ കാട്ടിലേക്ക് പോകുന്നു ഭവതി പ്രസാദിച്ചാലും. പ്രിയപിതാവിന് വേണ്ടി എനിക്ക് ചെയ്യാന്‍ കഴിയാത്തത് ഒന്നുമില്ല പക്ഷെ അമ്മേ ഒന്നുമാത്രം എനിക്കു മനസ്സിലാകുന്നില്ല. എന്തുകൊണ്ടാണ് അച്ഛന്‍ എന്നോടൊന്നും പറയാതെ അധോമുഖനായി കണ്ണീര്‍ വാര്‍ത്തുകൊണ്ടിരിക്കുന്നത് എന്ന്. ഏതായാലും ഭരതനെ വിളിച്ചു വരുത്താന്‍ ദൂതന്മാര്‍ വേഗം പോകട്ടെ. അച്ഛന്റെ ആജ്ഞ കിട്ടിയില്ലെങ്കിലും ഞാനിതാ വൈകാതെ വനത്തിലേക്ക് പുറപ്പെടുന്നു. നാഹമര്‍ഥ പരോ ദേവി ലോകമാവസ്തു മുത്സഹേ വിദ്ധി മാമൃഷിഭിസ്തുല്യം വിമലം ധര്‍മ്മമാസ്ഥിതം ഹേ ദേവീ എനിക്ക് സ്വാര്‍ത്ഥ ലാഭത്തിനായി രാജ്യത്തിലിരിക്കാന്‍ ആഗ്രഹമില്ല. പരിശുദ്ധധര്‍മ്മത്തില്‍ പ്രതിഷ്ഠിതനായ ഋഷിതുല്യനാണ് ഞാന്‍. ഭവതിക്കുവേണ്ടി എന്നാല്‍ കഴിയുന്നത്ര എന്റെ പ്രാണനെ വെടിഞ്ഞു  കൊണ്ടായാലും ഞാന്‍ ചെയ്യുന്നതാണ്. ഏറ്റവും വലിയ ധര്‍മ്മം പിതൃവാക്യ പരിപാലനമാണെന്ന് ഞാന്‍ കരുതുന്നു. അച്ഛന്‍ ആജ്ഞാപിച്ചില്ലെങ്കിലും ഭവതിയുടെ ആഗ്രഹപ്രകാരം ഞാന്‍ പതിനാലുകൊല്ലം വനത്തില്‍ വസിച്ചുകൊള്ളാം. എന്നില്‍ അല്പമങ്കിലും ഗുണമുണ്ടെന്ന് കരുതിയിരുന്നെങ്കില്‍ ഈ കാര്യം നേരിട്ട് എന്നോട് കല്പിക്കാതെ ഇതിനുവേണ്ടി രാജാവിനോട് അപേക്ഷിക്കില്ലായിരുന്നു. അമ്മയോട് യാത്ര പറയണം. പിന്നെ സീതയെ പറഞ്ഞ് സാന്ത്വനിപ്പിക്കണം. അതു കഴിഞ്ഞാല്‍ ഞാന്‍ ഉടന്‍ പുറപ്പെടുകയായി. ഭരതന്‍ രാജ്യം ഭരിക്കട്ടെ. അച്ഛനെ പരിചരിക്കട്ടെ. രാമവാക്യം കേട്ട ദശരഥന്‍ പൊട്ടിക്കരഞ്ഞു. പിതാവിനേയും കൈകേയിയേയും വണങ്ങി രാമന്‍ പുറപ്പെട്ടു. ആമുഖത്ത് യായൊരു ഭാവഭേദവും പ്രകടമായില്ല. സാധാരണ പോലെ ശാന്തവും ആകര്‍ഷകവുമായിരുന്നു ആ മുഖം. പക്ഷെ തന്റെ ഉള്ളില്‍ ബന്ധവാഗ്നി എരിയുകയായിരുന്നു. ലക്ഷ്മണന്‍ ഓര്‍ത്തു മനസ്സില്‍ എല്ലാം ചുട്ടുചാമ്പലാക്കാനുള്ള വൈരാഗ്യം കത്തിക്കയറുകയായിരുന്നു. നാനാ വിധത്തിലുള്ള വിരുദ്ധവികാരങ്ങളാണ് തന്റെ മനസ്സില്‍ കൂടുകൂട്ടാന്‍ തുടങ്ങിയത്. പക്ഷെ രാമന്റെ നിഷ്‌കളങ്കവും ശാന്തവുമായ പെരുമാറ്റം കണ്ടപ്പോള്‍ തന്റെ മനസ്സ് തനിയെ അടങ്ങി. അഭിനന്ദനാര്‍ഹമായ രാമന്റെ പെരുമാറ്റം തന്നെ വല്ലാതെ കീഴ്‌പ്പെടുത്തി. കൈകേയിയെ ആദരിക്കാനോ പരിഗണിക്കാനോ തനിക്കു തോന്നിയില്ല. സത്യം   രക്ഷിക്കുന്നതിന് വേണ്ടി കാട്ടില്‍ പോകാനും രാജ്യ ഭരണം ഉപേക്ഷിക്കാനും ഉള്ള ശക്തി തനിക്കുണ്ടെന്ന് ശ്രീരാമന്‍ പറഞ്ഞത് സമചിത്തതയോടെ ആയിരുന്നു. കോപം അടക്കാന്‍ കഴിയാതെയും എന്നാല്‍ എതിര്‍ത്തൊന്നും പറയാന്‍ കഴിയാതെയും താന്‍ രാമനെ പിന്‍തുടര്‍ന്നു. ശ്രീരാമന്റെ മഹത്വവും, ശ്രേഷ്ഠതയും എന്തില്‍ അധിഷ്ടിതമാണെന്ന് ഇത്രകാലങ്ങള്‍ക്കുശേഷം ഇന്നും തനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. അത് അധിഷ്ടിതമായിരിക്കുന്നത് പിതാവിന്റെ അനുചിതമായ ആവശ്യത്തെ സ്വീകരിച്ചുകൊണ്ട് വനത്തില്‍ പോയതിനാലാണോ? അതോ ഒരു ഉത്തമ ഭരണാധികാരി എന്ന് നിലയിലോ? അതുമല്ല മാതൃകാ പുരുഷന്‍, സഹോദരന്‍, പതി, മിത്രം എന്നീ നിലയ്ക്കുള്ള പെരുമാറ്റങ്ങളിലോ? ഇവയിലെല്ലാത്തിനുമോ അല്ലെങ്കില്‍ ഇവയില്‍ ഏതെങ്കിലും ഒന്നിനോ? എത്ര ചിന്തിച്ചിട്ടും തനിക്ക് ഒന്നും തീര്‍ത്ത് പറയാന്‍ കഴിയുന്നില്ല. ഇവയിലൊന്നുമായിരിക്കുകയില്ല. ഒരു പക്ഷെ വേറെ എന്തെങ്കിലുമായിരിക്കാം. കാരണം രഘുകുല പാരമ്പര്യമായി പറയപ്പെടുന്നത്. ശൈശവേളഭ്യസ്ത വിദ്യാനാം യൗവനേ വിഷയൈഷിണാം വാര്‍ധകേമുനിവൃത്തീനാം യോഗേനാതേ തനുത്യജാം ... തുടരും

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.