കൊച്ചി: പള്ളിയിലെ നേര്ച്ചപ്പണം തിരിമറി നടത്തിയ പള്ളി വികാരിക്കും കൈക്കാരന്മാര്‍ക്കുമെതിരെ കോടതിയില്‍ ക്രിമനല്‍ കേസ് ഫയല്‍ചെയ്തു. അങ്കമാലി തുറവൂര്‍ സെന്റ് അഗസ്റ്റിന് റോമന്‍ കത്തോലിക്ക പള്ളി വികാരി ഫാദര്‍ മാത്യു ഇടശ്ശേരിക്കും കൈക്കാരന്മാര്‍ക്കുമെതിരെ അതേയിടവകയിലെ പള്ളി പാരിഷ് കൗണ്‍സില്‍ അംഗവുമായ അഡ്വ. പോളച്ചന് പുതുപ്പാറയാണ് ഹര്‍ജി ഫയല്‍ ചെയ്തത്. ആര്‍ച്ച് ബിഷപ്പും, ചാന്‍സലറും എട്ട് ഇടവക അംഗങ്ങളും കേസിലെ സാക്ഷികളാണ്.
ഓരോ ഞായറാഴ്ചയും സ്ത്രോത്ര കാഴ്ച എന്നപേരില്‍ 15,000 രൂപ നേര്ച്ചപ്പണം കിട്ടുമ്പോള്‍ അത് പള്ളിക്കണക്കില്‍ 1000 ത്തില്‍ കുറഞ്ഞ തുകയായി മാറുന്നത്് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് പരാതി. ആര്‍ച്ച് ബിഷപ്പ് ആലഞ്ചേരിക്ക് കൊടുക്കേണ്ട 30 ശതമാനം വെട്ടിക്കാനാണ് ഇത്തരത്തിലുള്ള കള്ളക്കണക്കെന്നാണ് ആരോപണം.. യഥാര്‍ത്ഥ പണമെത്രയെന്ന് പള്ളി വികാരി കുര്‍ബ്ബാന മധ്യേ ഏല്ലാ ആഴ്ചയും വിളിച്ച് പറയാറുണ്ട്. മൂന്ന് വര്‍ഷത്തിനുള്ളില്‍ 20 ലക്ഷം രൂപയുടെ തിരിമറി നടന്നിട്ടുണ്ടെന്നാണ് ആരോപണം.
എറണാകുളം – അങ്കമാലി അതിരൂപതയുടെ നിയമമനുസരിച്ച് പള്ളി പൊതുയോഗം തെരഞ്ഞെടുക്കുന്ന ഓഡിറ്റര്‍മാര്‍ പള്ളിയുടെ വരവ് ചെലവ് കണക്ക് ഓഡിറ്റ് ചെയ്ത് പൊതുയോഗത്തില്‍ പാസാക്കി തിരട്ട് ഓഡിറ്റ് റിപ്പോര്‍ട്ട് സഹിതം അരമനയില്‍ ഹാജരാക്കണം. എന്നാല്‍ തുറവൂര്‍ പള്ളിയില്‍ ഓഡിറ്റര്‍മാരും ഓഡിറ്റംഗവുമില്ല.
എറണാകുളം-അങ്കമാലി അതി രൂപതയിലെ പള്ളികളില്‍ നിന്ന് വ്യാജകണക്കുകളാണ് തയ്യാറായി അരമനയിലെത്തുന്നതെന്നും ഇത് നിയന്ത്രിക്കാന്‍ കഴിയാതെ ബിഷപ്പ് നിസ്സഹായനായി നില്‍ക്കുകയാണെന്ന് അഡ്വ. പോളച്ചന് പുതുപ്പാറ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഈ സാഹചര്യത്തിലാണ് ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയുടെ കൂദാശക്കര്മ്മം നടത്തികൊണ്ട് നേര്ച്ചപ്പണം ദുരൂപയോഗം ചെയ്യരുതെന്ന് കര്ദ്ദീനാല് ആലഞ്ചേരി പ്രസംഗിച്ചതെന്ന് പോളച്ചന് ആരോപിച്ചു.
ഇതര മത വിഭാഗങ്ങള്‍ക്ക് ലഭിക്കുന്ന പണം സര്‍ക്കാര്‍ വിഭാഗങ്ങള്‍ പരിശോധിക്കുമ്പോള്‍ ക്രിസ്ത്യന്‍ വിഭാഗത്തിന്റെ കണക്കുകള്‍ പരിശോധിക്കപ്പെടാറില്ല. പള്ളികളിലെ സാമ്പത്തിക വിനിമയങ്ങള്‍ സുതാര്യമാക്കണം. അതിനായി പരേതനായ ജസ്റ്റിസ് വി.ആര് കൃഷ്ണയ്യര്‍ കരട് തയ്യാറാക്കിയ ചര്‍ച്ച് ആക്ട് നടപ്പിലാക്കണമെന്ന് ഹര്ജിക്കാരന് ആവശ്യപ്പെട്ടു. പള്ളിക്ക് പുതുതായി അനുവദിച്ച മാര്‍ അഗസ്റ്റ്യന്‍ പ്ലസ് ടു സ്ക്കൂളില്‍ അദ്ധ്യാപക നിയമനത്തിന് 25 ലക്ഷം രൂപ വീതം കൈക്കൂലി വാങ്ങുന്നുണ്ട്. ഇത് സംബ്നധിച്ച പരാതി വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കുമെന്നും ഹര്ജിക്കാരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: