ചിലി പറന്നു; ഫൈനലിലേക്ക്

Wednesday 1 July 2015 2:16 am IST

സാന്റിയാഗോ: എഴുപത് മിനിറ്റുനേരം പത്തുപേരുമായി പൊരുതിയ പെറുവിനെ തകര്‍ത്ത് ആതിഥേയരായ ചിലി കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. 28 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ചിലി ഫൈനലില്‍ ഇടംപിടിച്ചത്. 1987ലാണ് ചിലി ഇതിന് മുമ്പ് കോപ്പ അമേരിക്കയുടെ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. 1975നുശേഷം ആദ്യമായി കോപ്പ അമേരിക്കയുടെ ഫൈനലെന്ന പെറുവിന്റെ സ്വപ്‌നമാണ് ഇന്നലെ ചിലിക്കെതിരായ പരാജയത്തോടെ തകര്‍ന്നത്. കഴിഞ്ഞ തവണത്തെ ചാമ്പ്യന്‍ഷിപ്പില്‍ ചിലി വെനസ്വേലയോട് ക്വാര്‍ട്ടര്‍ഫൈനലില്‍ തോറ്റു പുറത്തായിരുന്നു. 2011ലെ ചാമ്പ്യന്‍ഷിപ്പിലും പെറു സെമിയില്‍  പരാജയപ്പെട്ടിരുന്നു. അന്ന് ഉറുഗ്വെയോട് 2-0നായിരുന്നു തോല്‍വി. സീരി എ ക്ലബ് നാപ്പോളിയുടെ സ്‌ട്രൈക്കറായ എഡ്വാര്‍ഡോ വര്‍ഗാസിന്റെ ഇരട്ട ഗോളുകളാണ് ചിലിക്ക് ഇന്നലെ പെറുവിനെതിരായ സെമിഫൈനലില്‍ മിന്നുന്ന വിജയം സമ്മാനിച്ചത്. പെറുവിന്റെ കരുത്തനായ പ്രതിരോധനിരതാരം കാര്‍ലോസ് സംബ്രാനോയാണ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയത്. ഇത് ഏറെ വിവാദങ്ങള്‍ക്കും തിരികൊളുത്തിയിട്ടുണ്ട്. ചാള്‍സ് അരാന്‍ഗ്യൂസിന്റെ പക്കല്‍ നിന്ന് കാലുയര്‍ത്തി പന്ത് ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ചതിനാണ് സാമ്പ്രാനോയെ പകരക്കാരനായെത്തിയ റഫറി അര്‍ഗോട്ടെ ചുവപ്പു കാട്ടി പുറത്താക്കിയത്. നേരത്തെ അലക്‌സി സഞ്ചസിനെ ഫൗള്‍ ചെയ്തതിന് സംബ്രാനോ ആദ്യ മഞ്ഞകാര്‍ഡ് കണ്ടിരുന്നു. ഇതോടെ പത്തുപേരുമായി മത്സരത്തിന്റെ മുക്കാല്‍ പങ്കും പെറുവിന് കളിക്കേണ്ടിവന്നത് കനത്ത തിരിച്ചടിയായിരുന്നു. ഇതോടെ പെറുവിയന്‍ പ്രതിരോധം ദുര്‍ബലമാവുകയും ചെയ്തു. ഇത് മുതലെടുത്ത് ചിലി താരങ്ങള്‍ ആക്രമണങ്ങളുടെ പെരുമഴയാണ് എതിര്‍ ഗോള്‍മുഖത്തേക്ക് നടത്തിയത്. എന്നാല്‍ ചുവപ്പുകാര്‍ഡ് നല്‍കാന്‍ മാത്രം ഗൗരവമുള്ള ഫൗളായിരുന്നോ ഇതെന്ന വാദം ഉയര്‍ന്നുകഴിഞ്ഞു. നേരത്തെ ബൊളീവിയന്‍ റഫറി റൗള്‍ ഒരുസ്‌ക്കോയായിരുന്നു മത്സരം നിയന്ത്രിക്കാന്‍ നിയോഗിക്കപ്പെട്ടിരുന്നത്. എന്നാല്‍, ബൊളീവിയയും പെറുവും ചിലിയും തമ്മിലുള്ള ചരിത്രപരമായ ശത്രുതയുടെ പശ്ചാത്തലത്തില്‍ റൗളിനെ മാറ്റി അര്‍ഗോട്ടെയെ റഫറിയാക്കുകയായിരുന്നു. കളിയുടെ തുടക്കം മുതല്‍ ചിലിയായിരുന്നു ആധിപത്യം പുലര്‍ത്തിയത്. കളിയുടെ 72 ശതമാനവും പന്ത് നിയന്ത്രിച്ചുനിര്‍ത്തിയ അവര്‍ 15 ഷോട്ടുകളും പായിച്ചു. എന്നാല്‍ ലക്ഷ്യത്തിലേക്ക് നീങ്ങിയത് അഞ്ച് ഷോട്ടുകള്‍ മാത്രമായിരുന്നു രണ്ടെണ്ണം ഗോളാവുകയും ചെയ്തു. അതേസമയം പെറുവിയന്‍ താരങ്ങള്‍ പായിച്ച 9 ഷോട്ടുകളില്‍ നാലെണ്ണം ലക്ഷ്യത്തിലേക്കായിരുന്നു. കളിയുടെ മുന്നാം മിനിറ്റില്‍ ചിലിയുടെ എഡ്വാര്‍ഡോ വര്‍ഗാസിന്റെ ഷോട്ട് പെറു പ്രതിരോധനിര താരം ബ്ലോക്ക് ചെയ്തു. എന്നാല്‍ ആദ്യ സുവര്‍ണാവസരം ലഭിച്ചത് പെറുവിനായിരുന്നു. ഒമ്പതാം മിനിറ്റില്‍ അവരുടെ ജെഫേഴ്‌സണ്‍ ഫര്‍ഫാന്‍ പൗലോ ഗ്വരേരോയുടെ ക്രോസ് വലയിലേക്ക് ഹെഡ്ഡറിലൂടെ തിരിച്ചുവിട്ടെങ്കിലും ഇടത്തേ പോസ്റ്റില്‍ത്തട്ടിത്തെറിച്ചു. 11-ാം മിനിറ്റില്‍ ചിലിയുടെ അര്‍ട്ടുറോ വിദാലും 26, 28 മിനിറ്റുകളില്‍ വാല്‍ഡിവിയയും അവസരം നഷ്ടമാക്കി. ഒടുവില്‍ 42-ാം മിനിറ്റില്‍ ചിലി ലീഡ് നേടി. അലക്‌സി സാഞ്ചസ് നല്‍കിയ ക്രോസ് വാല്‍ഡിവിയ വലയിലേക്ക് തിരിച്ചുവിടാന്‍ ശ്രമിച്ചെങ്കലും പന്ത് സൈഡ് പോസ്റ്റില്‍ തട്ടിമടങ്ങി. കാത്തുനിന്ന വര്‍ഗാസ് വീണുകിടന്ന ഗോളിയെ സാക്ഷിയാക്കി പന്ത് അനായാസം പെറു വലയിലേക്ക് ഉരുട്ടിയിടുകയും ചെയ്തു. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് പെറുവിന്റെ കാര്‍ലോസ് അസ്‌ക്യൂസ് പായിച്ച വലംകാലന്‍ ഷോട്ട് ചിലി ഗോളി രക്ഷപ്പെടുത്തിയതിന് പിന്നാലെ ആദ്യപകുതി അവസാനിക്കുകയും ചെയ്തു. രണ്ടാം പകുതിയല്‍ ഒരാളുടെ കുറവുണ്ടായിട്ടും ഗോള്‍ മടക്കാനുറച്ച് പെറു മികച്ച ആക്രമണങ്ങള്‍ നടത്തി. 53-ാം മിനിറ്റില്‍ ജെഫേഴ്‌സണ്‍ ഫര്‍ഫാന്റെ ഷോട്ട് ചിലി ഗോളി രക്ഷപ്പെടുത്തിയതിന് പിന്നാലെ വാല്‍ഡിവിയയുടെ ശ്രമം പെറു ഗോളിയും  കയ്യിലൊതുക്കി. 60-ാം മിനിറ്റില്‍ പെറു സമനില ഗോള്‍ കണ്ടെത്തി. ഗോള്‍ മുഖത്ത് നിന്നു പന്തു ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെ സ്വന്തം വലയില്‍ പന്തെത്തിച്ച് ഗാരി മെഡലാണ് പെറുവിന് സെല്‍ഫ് ഗോള്‍ സമ്മാനിച്ചത്. കളി സമനിലയായതോടെ ഉണര്‍ന്നു കളിച്ച ചിലി നാലു മിനിറ്റിനകം രണ്ടാം ഗോളും കണ്ടെത്തി. 30 വാര അകലെ നിന്ന് വാര്‍ഗാസ് പായിച്ച വെടിയുണ്ടകണക്കെയുള്ള ഷോട്ട് മുഴുനീളെ പറന്ന പെറുവിയന്‍ ഗോളി ഗല്ലെസെയെ നിഷ്പ്രഭനാക്കി വലയുടെ വലതുമൂലയില്‍ തറച്ചു കയറി. ടൂര്‍ണമെന്റില്‍ വര്‍ഗാസിന്റെ നാലാം ഗോള്‍. അര്‍ജന്റീന-പരാഗ്വെ മത്സരവിജയികളെയാണ് ചിലി ഫൈനലില്‍ നേരിടുക.    

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.