അഞ്ച് ഇരട്ടി വോട്ട്

Wednesday 1 July 2015 1:49 am IST

ബിജെപി- 34,145 യുഡിഎഫ്- 56,448 എല്‍ഡിഎഫ്- 46,2 തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ചരിത്രനേട്ടം. ബിജെപി സ്ഥാനാര്‍ത്ഥി ഒ. രാജഗോപാല്‍ മുന്‍ നിയമസഭാ തെരഞ്ഞെടുപ്പിലേതിനെക്കാള്‍ അഞ്ചിരട്ടി വോട്ടാണ് നേടിയത്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 7,694 വോട്ടുകള്‍ നേടിയ ബിജെപി ഇത്തവണ 34,145 വോട്ടുകള്‍ നേടിയാണ് ചരിത്രമെഴുതിയത്. 6.6 ശതമാനമായിരുന്ന ബിജെപിയുടെ വോട്ടുകള്‍ 23.96 ശതമാനമായി . യുഡിഎഫിന്റെ വോട്ടിങ് ശതമാനം 48.78 ശതമാനത്തില്‍ നിന്ന് 39.61 ശതമാനമായും   എല്‍ഡിഎഫിന്റെ വോട്ടിങ് ശതമാനം 39.32 നിന്നും 32.5 ശതമാനമായും കുറഞ്ഞു. 28 ബൂത്തുകളില്‍ ഒന്നാമതെത്തിയ ബിജെപി 24 ബൂത്തുകളില്‍ രണ്ടാം സ്ഥാനത്തെത്തി. വെള്ളനാട് പഞ്ചായത്തില്‍  മൂന്നു വോട്ടിന്റെ വ്യത്യാസത്തിലാണ് ബിജെപി സിപിഎമ്മിന്റെ പിന്നില്‍, മൂന്നാംസ്ഥാനത്തായത്. യുഡിഎഫ് ശക്തികേന്ദ്രമായ തൊളിക്കോട് പഞ്ചായത്തില്‍ 2011ല്‍ ബിജെപിക്ക് 783 വോട്ടാണ് ഉണ്ടായിരുന്നത്. ഇത് 3,442 വോട്ടായി. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.എസ്. ശബരീനാഥന്‍ 6,584 വോട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം. വിജയകുമാര്‍ 4,701 വോട്ടും നേടി. 2011ല്‍ ഇത് യഥാക്രമം 5,903 ഉം 4,697 ഉം ആയിരുന്നു. വിതുര പഞ്ചായത്തില്‍ 931 വോട്ട് നേടിയിടത്ത് ബിജെപി 3,756 വോട്ട് നേടി. ശബരീനാഥന്‍ 6,847 വോട്ട് നേടിയപ്പോള്‍ വിജയകുമാര്‍ 6,047 വോട്ടാണ് നേടിയത്. 2011ല്‍ ഇത് 6,163 ഉം 6,037 ഉം ആയിരുന്നു. ആര്യനാട് പഞ്ചായത്തില്‍ ബിജെപിയുടെ മുന്നേറ്റത്തില്‍ എല്‍ഡിഎഫിന് കനത്ത നഷ്ടമുണ്ടായി. 689 വോട്ട് നേടിയ ആര്യനാട് പഞ്ചായത്തില്‍ ബിജെപി ഇത്തവണ 3,783 വോട്ട് നേടി. കഴിഞ്ഞ തവണ 6,368 വോട്ട് നേടിയ ആര്യനാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ഇത്തവണ കിട്ടിയത് 5,828 വോട്ടാണ്. ശബരീനാഥന്‍ 7,024 വോട്ട് നേടി. കാര്‍ത്തികേയന് കഴിഞ്ഞ തവണ ഇവിടെ 6,780 വോട്ടാണ് ലഭിച്ചിരുന്നത്. ഉഴമലയ്ക്കല്‍ പഞ്ചായത്തില്‍ ബിജെപിയുടെ മുന്നേറ്റം ഇരുമുന്നണികളെയും പിടിച്ചുലച്ചു. 2011ല്‍ 864 വോട്ട് നേടിയ ഇവിടെ ബിജെപി 3,535 വോട്ട് നേടി. കാര്‍ത്തികേയന്‍ 5,161 വോട്ടുകള്‍ സ്വന്തമാക്കിയയിടത്ത് 5,047 വോട്ടുകള്‍ നേടാനേ ശബരീനാഥിനായുള്ളു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അമ്പലത്തറ ശ്രീധരന്‍ നായര്‍ നേടിയ 4,831 വോട്ടുകള്‍ പോലും നേടാന്‍ വിജയകുമാറിനായില്ല. 4,601 വോട്ടുകളാണ് സിപിഎം സ്ഥാനാര്‍ത്ഥി ഇവിടെ നേടിയത്. വെള്ളനാട് പഞ്ചായത്തില്‍ ബിജെപി ഇരുമുന്നണികളെയും വിറപ്പിച്ചു. 1,154 വോട്ടുകള്‍ നേടിയയിടത്തു നിന്നും 5,463 വോട്ടുകളിലേക്ക് ബിജെപി മുന്നേറി. വെള്ളനാട് യുഡിഎഫ് വോട്ടുകളിലും എല്‍ഡിഎഫ് വോട്ടുകളിലും വന്‍ചോര്‍ച്ചയുണ്ടായി. കാര്‍ത്തികേയന്‍ 8,520 വോട്ട് നേടിയ ഇവിടെ 7,955 വോട്ട് നേടാനേ ശബരീനാഥിനായുള്ളു. കഴിഞ്ഞ തവണ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ 5,284 വോട്ട് 5,467 ആക്കി ഉയര്‍ത്താന്‍ വിജയകുമാറിനായെങ്കിലും ബിജെപിയും സിപിഎമ്മും തമ്മിലുള്ള വോട്ടുകളുടെ വ്യത്യാസം വെറും മൂന്നു വോട്ടുകള്‍ മാത്രം. അരുവിക്കരയില്‍ 911 വോട്ടുകള്‍ നേടിയിരുന്നത് ബിജെപി ഇത്തവണ 5,024 ആക്കി ഉയര്‍ത്തി. അരുവിക്കര പഞ്ചായത്തില്‍ ബിജെപിയുടെ നേട്ടം യുഡിഎഫിന് വന്‍ തിരിച്ചടിയായി. കഴിഞ്ഞ തവണ 2,434 വോട്ടിന് ലീഡ് നേടിയ യുഡിഎഫിന് ഈ പഞ്ചായത്തില്‍ മാത്രം ഇത്തവണ ലീഡ് നേടാനായില്ല. കഴിഞ്ഞ തവണ 9,336 വോട്ടുകള്‍ സ്വന്തമാക്കിയയിടത്ത് 7,395 വോട്ടുകള്‍ മാത്രമാണ് കിട്ടിയത്. കഴിഞ്ഞതവണ 6,902 വോട്ട് നേടിയ എല്‍ഡിഎഫ് ഇത്തവണ 8,158 വോട്ട് നേടി. അരുവിക്കര മണ്ഡലത്തില്‍ എല്‍ഡിഎഫിന് ലീഡ് കിട്ടിയ ഏക പഞ്ചായത്തും അരുവിക്കരയാണ് (763) പൂവച്ചല്‍ പഞ്ചായത്തില്‍ 1,823 വോട്ടുകള്‍ 6,086 വോട്ടുകള്‍ ആക്കി ഉയര്‍ത്താന്‍ ബിജെപിക്കായി. ശബരീനാഥന്‍ ഇവിടെ 10,933 വോട്ടും വിജയകുമാര്‍ 8,298 വോട്ടും നേടി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇത് യഥാക്രമം 10,421 ഉം 7,720 ഉം ആയിരുന്നു.കുറ്റിച്ചല്‍ പഞ്ചായത്തില്‍ 533 വോട്ടുകള്‍ നേടിയിരുന്ന ബിജെപി ഇത്തവണ അത് 3,055 ആക്കി മാറ്റി. ശബരീനാഥന് 4,662 വോട്ട് കിട്ടിയപ്പോള്‍ വിജയകുമാറിന് 3,219 വോട്ടാണ് ഇവിടെ കിട്ടിയത്. മുമ്പ് ഇത് യഥാക്രമം 4,207 ഉം 3,953 ആയിരുന്നു. ആറ് പോസ്റ്റല്‍ വോട്ടുകളില്‍ മൂന്നെണ്ണം അസാധുവായി. ബിജെപി, എല്‍ഡിഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ഓരോ വോട്ടു വീതം പങ്കിട്ടു. തൊളിക്കോട് പഞ്ചായത്തിലെ 6,9 ബൂത്തുകളില്‍ ഒന്നാമതെത്തിയ ബിജെപി ആറ് ബൂത്തുകളില്‍ രണ്ടാമതെത്തി. വിതുരയിലെ 36-ാം നമ്പര്‍ ബൂത്തില്‍ ഒന്നാമതും, 35-ാം ബൂത്തില്‍ രണ്ടാമതുമെത്തി. ആര്യനാട് 40, 41, 47 ബൂത്തുകളില്‍ ഒന്നാമതെത്തിയപ്പോള്‍, മൂന്നു ബൂത്തുകളില്‍  രണ്ടാമതെത്തി. ഉഴമലയ്ക്കലില്‍ 66-ാം ബൂത്തില്‍ ഒന്നാമതെത്തി, മൂന്നു ബൂത്തുകളില്‍ രണ്ടാമതായി. വെള്ളനാട് 77, 79, 80, 83, 84, 85, 86 ബൂത്തുകളില്‍ ഒന്നാമത,് ഇവിടെ നാലു ബൂത്തുകളില്‍ രണ്ടാംസ്ഥാനം.  അരുവിക്കരയില്‍ 92, 96, 97, 101 ബൂത്തുകളില്‍ ഒന്നാമതെത്തിയപ്പോള്‍, ആറ് ബൂത്തുകളില്‍ രണ്ടാമതായി. പൂവച്ചലില്‍ 117, 127, 128, 129, 136 ബൂത്തുകളിലാണ് ലീഡ് നേടിയത്. ഒരു ബൂത്തില്‍ രണ്ടാമതെത്തി. കുറ്റിച്ചലില്‍ 141, 143,147, 148, 149 ബൂത്തുകളില്‍ ബിജെപി ലീഡ് നേടി.  കാല്‍ ലക്ഷത്തിലേറെ പുതുവോട്ടര്‍മാര്‍ ഉണ്ടായിരുന്നതും ബിജെപിക്ക് മെച്ചപ്പെട്ട മുന്നേറ്റം കൈവരിക്കാന്‍ സഹായകമായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.