നിലയ്ക്കല്‍ ശബരി എസ്റ്റേറ്റിലെ തൊഴിലാളികള്‍ സമരത്തിലേക്ക്

Wednesday 1 July 2015 7:34 pm IST

പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള നിലയ്ക്കല്‍ ശബരി എസ്റ്റേറ്റിലെ തൊഴിലാളികള്‍  സമരത്തിലേക്ക്. അടിക്കാട് നീക്കംചെയ്യാത്തതിനാലും റെയിന്‍ ഗാര്‍ഡ് ഇടാത്തതിനാലും  ടാപ്പിംഗ്  മുടങ്ങിയത് തൊഴിലാളികളെ ദുരിതത്തിലാക്കിയിരിക്കുകയാണ്. തോട്ടത്തിലെ കാട് തെളിക്കാത്തതിനാല്‍ വന്യമൃഗങ്ങള്‍ ഇവിടെ താവളമാക്കിയിരിക്കുകയാണ്. ആന, കാട്ടുപന്നി, വിഷപ്പാമ്പുകള്‍ എന്നിവകാരണം തൊഴിലാളികള്‍ക്ക് തോട്ടത്തിലേക്ക് പ്രവേശിക്കാന്‍ കഴിയുന്നില്ല. എസ്റ്റേറ്റിലെ അതിഥിമന്ദിരത്തിന്റെ മതിലും ജനാലച്ചില്ലുകളും തകര്‍ത്ത ആനക്കൂട്ടം തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങളിലും നാശനഷ്ടമുണ്ടാക്കാറുണ്ട്. പലതവണ തൊഴിലാളികള്‍ ആനയെകണ്ട് ഭയന്നോടി വീണ് പരിക്കേറ്റു. ഫാമിംഗ് കോര്‍പ്പറേഷനില്‍നിന്നും ദേവസ്വം ബോര്‍ഡ് തോട്ടം ഏറ്റെടുത്തതിന് ശേഷം തങ്ങള്‍ക്ക് ഏറെ ദുരിതമാണ് അനുഭവിക്കേണ്ടിവരുന്നതെന്നും തൊഴിലാളികള്‍ പറഞ്ഞു. തോട്ടം കൈമാറി പത്തുവര്‍ഷം പിന്നിട്ടപ്പോള്‍ ഒരുതവണ മാത്രമാണ് വളപ്രയോഗം നടത്തിയത്. മൂന്നുവര്‍ഷം മുമ്പാണ് ഇടക്കാട് തെളിയിച്ചത്. മഴക്കാലം മുന്നില്‍കണ്ട് ഏപ്രില്‍ മാസത്തില്‍ റെയിന്‍ഗാര്‍ഡ് ഇടണമെന്ന് തൊഴിലാളി പ്രതിനിധികള്‍ മാനേജരെ അറിയിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നും തൊഴിലാളികള്‍ പരാതിപ്പെടുന്നു. ഫാമിംഗ് കോര്‍പ്പറേഷന്‍ നല്‍കിയിരുന്ന ആനുകൂല്യങ്ങള്‍ ഒന്നൊന്നായി വെട്ടിക്കുറച്ച ദേവസ്വം ബോര്‍ഡ് കാലവര്‍ഷക്കാലത്ത് നല്‍കിവന്നിരുന്ന കുടപോലും ഈവര്‍ഷം നല്‍കിയിട്ടില്ല. 52 സ്ഥിരം തൊഴിലാളികളും 17 താല്‍ക്കാലിക ജീവനക്കാരുമാണ്. പ്രദേശത്ത് മറ്റ് ജോലികള്‍ ലഭ്യമല്ലാത്തതും ഇവരുടെ ദുരിതം വര്‍ദ്ധിപ്പിക്കുന്നു. ശബരിമല പ്രധാന ഇടത്താവളം നിര്‍മ്മിക്കാനായി 2005 ജൂണിലാണ് ഫാമിംഗ് കോര്‍പ്പറേഷനില്‍ നിന്നും തിരുവിതാംകൂര്‍ ദേവസ്വം  ബോര്‍ഡ് 273 ഏക്കര്‍ റബര്‍തോട്ടം ഏറ്റെടുത്തത്.വിരമിക്കുന്ന തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി ആരുനല്‍കുമെന്ന കാര്യത്തില്‍ ഫാമിംഗ് കോര്‍പ്പറേഷനും ദോവസ്വം ബോര്‍ഡും തമ്മില്‍ തര്‍ക്കവും നിലനിന്നിരുന്നു. തൊഴില്‍ മുടങ്ങുന്ന ദിവസങ്ങളിലെ ശമ്പളം തരില്ലെന്ന നിലപാടാണ് ദേവസ്വം ബോര്‍ഡ് സ്വീകരിച്ചിട്ടുള്ളതെന്നും ഇതിനെതിരെ പണിമുടക്ക് ഉള്‍പ്പെടെയുള്ള പ്രക്ഷോഭം ആരംഭിക്കാനാണ് തീരുമാനമെന്നും തൊഴിലാളി പ്രതിനിധികള്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.