കിം ഡേവിയെ ഇന്ത്യക്ക്‌ വിട്ടുകിട്ടില്ല

Thursday 30 June 2011 8:02 pm IST

ന്യൂദല്‍ഹി: പുരുളിയ കേസിലെ ഒന്നാം പ്രതി കിം ഡേവിയെ ഇന്ത്യക്ക്‌ കൈമാറേണ്ടതില്ലെന്ന്‌ ഡാനിഷ്‌ കോടതി വിധിച്ചു. എകെ 47 തോക്കുകളും പിസ്റ്റളുകളും ടാങ്ക്‌വേധ ഗ്രനേഡുകളും റോക്കറ്റ്‌ ലോഞ്ചറുകളും പശ്ചിമബംഗാളിലെ പുരുളിയയില്‍ വിമാനത്തിലിറക്കി എന്നതായിരുന്നു കേസ്‌. പശ്ചിമബംഗാളിലെ കമ്മ്യൂണിസ്റ്റ്‌ സര്‍ക്കാരിനെ എതിര്‍ക്കാന്‍ ആനന്ദമാര്‍ഗികള്‍ക്ക്‌ ഉപയോഗിക്കാനാണ്‌ ആയുധമെന്നായിരുന്നു സിബിഐയുടെ വാദം. ആയുധങ്ങള്‍ ആനന്ദമാര്‍ഗികള്‍ക്കാണെന്നതിന്‌ തെളിവൊന്നുമില്ലെന്ന്‌ കോടതി നിരീക്ഷിച്ചു.
ആയുധങ്ങള്‍ ആര്‍ക്കായിരുന്നു എന്ന്‌ ഇതേവരെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
കിം ഡേവിയും അഞ്ച്‌ ലാത്വിയക്കാരും താനുമാണ്‌ സംഭവത്തിനുത്തരവാദികളെന്ന്‌ പിടിയിലായ ബ്രിട്ടീഷ്‌ പൗരന്‍ പീറ്റര്‍ ബ്ലീച്ച്‌ അഭിപ്രായപ്പെട്ടിരുന്നു. ലണ്ടനിലെ ഗേറ്റ്‌വിക്‌ വിമാനത്താവളത്തില്‍നിന്ന്‌ 4 ടണ്‍ ആയുധങ്ങളുമായി പോയ വിമാനം പാക്കിസ്ഥാനിലെ കറാച്ചിയിലിറങ്ങി.
വിമാനത്താവളത്തിലെ ടാര്‍മാര്‍ക്കില്‍ അവര്‍ കുറെ ദിവസം സംശയത്തിന്‌ വിധേയരാകാതെ കഴിഞ്ഞു. അടുത്തതായി വാരാണസിയിലെത്തിയാണ്‌ അവര്‍ ഇന്ധനം നിറച്ചത്‌.
അറസ്റ്റ്‌ ചെയ്തെങ്കിലും ഡേവി മുംബൈ വിമാനത്താവളത്തില്‍നിന്നും അഞ്ച്‌ ദിവസത്തിനുശേഷം രക്ഷപ്പെടുകയായിരുന്നു. സിബിഐ ഡേവിയെ വിട്ടുകിട്ടാന്‍ 2002 ല്‍ ഡാനിഷ്‌ സര്‍ക്കാരിന്‌ എഴുതിയിരുന്നു. 2005 ല്‍ അതിനുള്ള നിബന്ധനകള്‍ ഡെന്‍മാര്‍ക്ക്‌ മുന്നോട്ടുവച്ചു.
ആനന്ദമാര്‍ഗികള്‍ക്കുള്ളതായിരുന്നു ആയുധങ്ങള്‍എന്ന സിബിഐയുടെ വാദം തെളിയിക്കാന്‍ കഴിഞ്ഞില്ല. അഞ്ച്‌ ലാറ്റ്‌വിയന്‍ പൗരന്മാരും ഒരു ബ്രിട്ടീഷുകാരനും കേസില്‍ ജീവപര്യന്തം ശിക്ഷ ലഭിച്ചിരുന്നു. 2000ല്‍ ലാറ്റ്‌വിയക്കാരേയും പ്രസിഡന്റ്‌ മാപ്പ്‌ നല്‍കിയതിനെത്തുടര്‍ന്ന്‌ 2000ല്‍ ബ്രിട്ടീഷുകാരനേയും വിട്ടയച്ചു. കിംഡേവിയെ ഇന്ത്യക്ക്‌ കൈമാറിയാലും ഇന്ത്യയും ഡെന്‍മാര്‍ക്കുമായുള്ള ധാരണപ്രകാരം ഇന്ത്യന്‍ കോടതികളുടെ തടവുശിക്ഷ ഡേവിക്ക്‌ ഡെന്‍മാര്‍ക്ക്‌ ജയിലില്‍ അനുഭവിക്കാനാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.