മുനിസിപ്പാലിറ്റികളും നഗരസഭകളും മാലിന്യനിര്‍മ്മാര്‍ജ്ജന നടപടികള്‍ സ്വീകരിക്കണം: മുഖ്യമന്ത്രി

Wednesday 1 July 2015 9:07 pm IST

തിരുവനന്തപുരം: പകര്‍ച്ചവ്യാധികള്‍ കൂടുതലായി ഉണ്ടാകുന്നത് നഗരപ്രദേശങ്ങളിലായതിനാല്‍ മുനിസിപ്പാലിറ്റികളും നഗരസഭകളും മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനായുള്ള സത്വരനടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി. സംസ്ഥാനത്തെ പകര്‍ച്ചവ്യാധി പ്രതിരോധ-നിയന്ത്രണപ്രവര്‍ത്തനങ്ങളില്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും ഏകോപനം ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മന്ത്രിമാരായ വി.എസ്. ശിവകുമാര്‍, എം.കെ. മുനീര്‍, മഞ്ഞളാംകുഴി അലി എന്നിവരുടെ സാന്നിധ്യത്തില്‍, മുഖ്യമന്ത്രിയുടെ ഓഫീസില്‍ വിളിച്ചുചേര്‍ത്ത അവലോകന യോഗത്തിലാണ് നിര്‍ദ്ദേശം. മുനിസിപ്പല്‍ ചെയര്‍മാന്‍മാരുടെയും മേയര്‍മാരുടെയും യോഗം ഈ മാസം 7ന് തിരുവനന്തപുരത്ത് ചേരും. ഗ്രാമപഞ്ചായത്ത് ഭാരവാഹികളുടെ യോഗങ്ങളും വിളിച്ചുകൂട്ടും. ചീഫ് സെക്രട്ടറി എല്ലാആഴ്ചകളിലും സംസ്ഥാനത്തെ പകര്‍ച്ചവ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യും. എല്ലാ വാര്‍ഡുതല ശുചിത്വസമിതികളും അനുവദിച്ച തുക മുഴുവനും വിനിയോഗിച്ച് പ്രവര്‍ത്തനങ്ങള്‍വിപുലപ്പെടുത്തുന്നതില്‍ വീഴ്ചവരുത്തരുതെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. രോഗികളുടെ ബാഹുല്യം കൂടുതലുള്ള ആശുപത്രികളില്‍ പകര്‍ച്ചവ്യാധികള്‍ ചികിത്സിക്കുന്നതിന് കൂടുതല്‍ ഡോക്ടര്‍മാരെ ആവശ്യാനുസരണം കരാറടിസ്ഥാനത്തില്‍ നിയമിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂടുതല്‍ ഫാര്‍മസിസ്റ്റുകളെയും സ്റ്റാഫ് നഴ്‌സിനെയും താല്‍ക്കാലികമായി ലഭ്യമാക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.