ഗുവാഹത്തി: വെനസ്വേലന്‍ ഫുട്ബോളിന് മികച്ച നേട്ടങ്ങള്‍ സമ്മാനിച്ച സെസാര്‍ ഫാരിയാസ് ഐഎസ്എല്ലില്‍. ബോളിവുഡ് താരം ജോണ്‍ എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ മുഖ്യപരിശീലകനായാണ് 42കാരനായ സെസാര്‍ ഫാരിയാസ് എത്തുന്നത്. 2007 മുതല്‍ 2013 വരെ വെനസ്വേല ദേശീയ ഫുട്ബോള്‍ ടീമിന്റെ പരിശീലകനായിരുന്നു സെസാര്‍ ഫാരിയാസ്.
റിച്ചാര്‍ഡ് പെയ്സിന് പകരമായാണ് സെസാര്‍ ദേശീയ ടീമിന്റെ കോച്ചായി ചുമതലയേറ്റത്. ചരിത്രത്തിലാദ്യമായി വെനസ്വേല ദേശീയ ടീമിനെ കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനലിലെത്തിച്ച പരിശീലകനെന്ന ബഹുമതി സെസാര്‍ ഫാരിയാസിനാണ്. 2011ലെ കോപ്പ അമേരിക്കയിലായിരുന്നു ഈ ചരിത്ര നേട്ടം.
2008-ല്‍ അണ്ടര്‍ 20 ദേശീയ ടീമിന്റെ പരിശീലകനായ സെസാര്‍ ഫാരിയാസ് 2009ലെ ഫിഫ അണ്ടര്‍ 20 ലോകകപ്പിലേക്ക് ടീമിന് യോഗ്യത നേടിക്കൊടുക്കുകയും ചെയ്തു. ചരിത്രത്തിലാദ്യമായിട്ടായിരുന്നു വെനസ്വേല അണ്ടര്‍ 20 ലോകകപ്പിന് യോഗ്യത നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: