സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച ഗേറ്റ് പൊളിച്ചു നീക്കി

Wednesday 1 July 2015 10:27 pm IST

മുണ്ടക്കയംഈസ്റ്റ്: നൂറു വര്‍ഷത്തോളമായി സ്വകാര്യ തോട്ടം ഉടമ സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ് വച്ചിരുന്ന ഗേറ്റ് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവു പ്രകാരം റവന്യു സംഘം പൊളിച്ചു നീക്കി. പെരുവന്താനം പഞ്ചായത്തിലെ ടി.ആര്‍.ആന്റ് ടി കമ്പനിയിലെ തെക്കേമല-വളളിയാങ്കാവ്-മുപ്പത്തിയഞ്ചാം മൈല്‍ റോഡില്‍ തെക്കേമല ജങ്ഷനില്‍ കമ്പനി സ്ഥാപിച്ചിരുന്ന ഗേറ്റാണ് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവിനെ തുടര്‍ന്ന് ഇടുക്കി ജില്ലാ കലക്ടര്‍ വി.രതീഷന്റെ നിര്‍ദേശാനുസരണം ഇടുക്കി ആര്‍ഡിഒ സി.ജി.സജീവ് കുമാര്‍ പൊളിച്ചു നീക്കിയത്. മേഖലയിലെ നൂറു കണക്കിനു കുടുംബങ്ങള്‍ക്ക് പ്രസിദ്ധമായ വളളിയാങ്കാവ് ദേവീക്ഷേത്രത്തിലേക്കു പോകാനുളള എളുപ്പ വഴിയാണിത്.എന്നാല്‍ തോട്ടം ഉടമ റോഡ് അടച്ച് ഗേറ്റ് സ്ഥാപിച്ചിരിക്കുന്നതിനാല്‍ യാത്രാ ദുരിതമായിരുന്നു.തെക്കേമലയില്‍ നിന്നും വളളിയാങ്കാവിലേക്കുകിലോമീറ്ററുകള്‍ ചുറ്റി സഞ്ചരിച്ചു മണിക്കല്‍ വഴി പോകേണ്ടയവസ്ഥയിലായിരുന്നു.ഗേറ്റു തുറന്നു തരണമെന്നയാവശ്യവുമായി നാട്ടുകാര്‍ നിരവധി തവണ തോട്ടം ഉടമയെ സമീപിച്ചിരുന്നെങ്കിലും പ്രയോജനമുണ്ടായില്ല. വിവിധ തലങ്ങളിലെ ഉദ്യോഗസ്ഥന്‍ മാരെയും ജനപ്രതിനിധികളെയും സമീപിച്ചെങ്കിലും കമ്പനി സ്ഥാപിച്ച ഗേറ്റിനെതിരെ ശബ്ദിക്കാന്‍ ആരും തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് നാട്ടുകാര്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.തുടര്‍ന്ന് ഗേറ്റു നീക്കാന്‍ കമീഷന്‍ എന്‍.നടരാജന്‍ ഉത്തരവിട്ടിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടര്‍ക്കു മനുഷ്യാവകാശകമീഷന്‍ അടിയന്തിര നിര്‍ദേശം നല്‍കുകയായിരുന്നു.ഇതിന്റെ ഭാഗമായി കലക്ടര്‍ ആര്‍ഡിഒയെ ചുമതലപെടുത്തുകയും ബുധനാഴ്ച രാവിലെ എട്ടുമണിയോടെ ആര്‍ഡിഓയുടെ നേതൃത്വത്തില്‍ തഹസില്‍ദാര്‍ എ.സി.ദേവസ്യ,പെരുവന്താനം വില്ലേജ് ആഫീസര്‍ എം.എന്‍.രാജേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ റവന്യു സംഘമെത്തി ജെ.സി.ബി.ഉപയോഗിച്ചു ഗേറ്റു പൊളിച്ചു നീക്കുകയുമായിരുന്നു. ഡിസിസി സെക്രട്ടറി ബെന്നി പെരുവന്താനം പരാതിക്കാരായ സോമന്‍,വിനുവിജയന്‍ എന്നിവരും എത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.