സൗദിയില്‍ വാഹനാപകടം: അഞ്ച് മലയാളികള്‍ മരിച്ചു

Friday 3 July 2015 12:31 am IST

റിയാദ്: സൗദി അറേബ്യയുടെ കിഴക്കന്‍പ്രവിശ്യയായ ഷുഹൈബയില്‍ ബുധനാഴ്ച വൈകിട്ടുണ്ടായ വാഹനാപകടത്തില്‍ അഞ്ച് മലയാളികള്‍ മരിച്ചു. തിരുവനന്തപുരം സ്വദേശികളായ രവീന്ദ്ര കുറുപ്പ് (33), സന്തോഷ് (30), കൊല്ലം സ്വദേശികളായ ശിവകുമാര്‍ (28), തുളസി (35), ആലപ്പുഴ സ്വദേശി നൂഹ്മാന്‍ (35) എന്നിവരാണ് മരിച്ചത്. നൂഹ്മാന്‍ ആലപ്പുഴ സക്കറിയാ ബസാര്‍ വാര്‍ഡില്‍ പുത്തന്‍വീട്ടില്‍ ഇക്ബാലിന്റെ മകനാണ്. ജോലി കഴിഞ്ഞ് ദമാമിലെ വാസസ്ഥലത്തേക്ക് മടങ്ങിയ ആറോളം മലയാളികള്‍ സഞ്ചരിച്ചിരുന്ന ട്രക്കാണ് അപകടത്തില്‍പ്പെട്ടത്. ഒരാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നു. ഇവര്‍ യാത്രചെയ്തിരുന്ന ടൊയോട്ട ഹൈലക്‌സ് പിക്കപ്പ് വാഹനം ഒരു ട്രെയിലറിന് പുറകില്‍ ചെന്നിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ഇവരുടെ വാഹനം ട്രെയിലറിനുള്ളിലേക്ക് കയറിപ്പോയി. അഞ്ചുപേരും സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. പൂര്‍ണമായും തകര്‍ന്ന പിക്കപ്പിനുള്ളില്‍ നിന്ന് ദ്രുതകര്‍മസേനയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ദമാമിലെ ദല്ല ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ മലയാളിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ബിജെറ്റ് എന്ന എയര്‍ കണ്ടീഷനിംഗ് കമ്പനിയിലെ ജീവനക്കാരാണ് മരിച്ച അഞ്ചുപേരും. കഴിഞ്ഞ രണ്ടുമാസമായി ജോലിയുടെ ഭാഗമായി ശൈബയില്‍ തങ്ങിയ സംഘം അരാംകോ എന്ന പ്രോജക്ട് അവസാനിപ്പിച്ച് മടങ്ങുംവഴിയാണ് അപകടത്തില്‍പ്പെട്ടത്. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ബന്ധുക്കള്‍ ആരംഭിച്ചിട്ടുണ്ട്. ആലപ്പുഴ സ്വദേശി നൂഹ്മാന്റെ കബറടക്കം പടിഞ്ഞാറെ ഷാഫി ജുമാഅത്ത് കബര്‍സ്ഥാനില്‍ പിന്നീട്. ഭാര്യ-ഹസീന. അമ്മ: ആരിഫ. സഹോദരങ്ങള്‍: നൗഫല്‍, നഫിയ, നഫ്‌സി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.