അയല്‍ രാജ്യങ്ങളുമായി നല്ല ബന്ധമാണ് ഭാരതം ആഗ്രഹിക്കുന്നത്: രാജ്‌നാഥ് സിങ്

Thursday 2 July 2015 9:51 pm IST

ശ്രീനഗര്‍: പാക്കിസ്ഥാന്‍ ഉള്‍പ്പടെയുള്ള അയല്‍ രാജ്യങ്ങളുമായി സൗഹൃദ ബന്ധമാണ് ഭാരതം ആഗ്രഹിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. നല്ല ബന്ധം ആഗ്രഹിക്കുന്നില്ലായിരുന്നെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് ഒരിക്കലും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെറീഫിനെ ക്ഷണിക്കുമായിരുന്നില്ലായെന്നും രാജ്‌നാഥ് ചൂണ്ടിക്കാട്ടി. സത്യപ്രതിജ്ഞാവേളയില്‍ പാക്കിസ്ഥാനെ ക്ഷണിക്കുക വഴി നമ്മുടെ നയമെന്താണന്ന് വ്യക്തമാക്കുകയായിരുന്നു. കശ്മീര്‍ സന്ദര്‍ശനത്തോടനുബന്ധിച്ച് ശ്രീനഗറില്‍ വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി എപ്പോഴും പറയാറുണ്ട്, 'സുഹൃത്തുക്കള്‍ മാറും, എന്നാല്‍ അയല്‍ക്കാര്‍ മാറില്ലെന്ന്'. പാക്കിസ്ഥാനുമായി നല്ല ബന്ധത്തിനുള്ള ശ്രമമാണ് നമ്മള്‍ എപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നത്. കശ്മീരില്‍ സമാധാന അന്തരീക്ഷം ഉറപ്പുവരുത്താനുള്ള പരിശ്രമങ്ങളാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ ചെയ്തുവരുന്നത്. കശ്മീരിലെ അന്തരീക്ഷം അത്ര മോശമല്ല. ജനങ്ങളുടെ പിന്തുണയോടെ അന്തരീക്ഷം കൂടുതല്‍ നല്ലതും സുരക്ഷിതത്വവുമാക്കിത്തീര്‍ക്കും. മേഖലയുടെ പുരോഗതിയാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. രാജ്യത്തെ ഏറ്റവും മനോഹരമായ സ്ഥലങ്ങളില്‍ ഒന്നായിട്ടാണ് ജമ്മു കശ്മീരിനെ കാണുന്നത്. ഇതിനെ പ്രതിപക്ഷം ചോദ്യം ചെയ്യുന്നത് ശരിയല്ല. അമര്‍നാഥ് ക്ഷേത്രവും രാജ്‌നാഥ് സന്ദര്‍ശിച്ചു. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയ രാജ്‌നാഥ് അമര്‍നാഥ് യാത്രയുടെ സുരക്ഷാസംവിധാനങ്ങളും വിലയിരുത്തി. സംസ്ഥാന ഭരണകൂടവും പോലീസ് വിഭാഗങ്ങളും സുരക്ഷാ ഏജന്‍സികളും കേന്ദ്ര പോലീസ് സേനാ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് സാധ്യമാകുന്ന തരത്തില്‍ ഏറ്റവും മികച്ച സുരക്ഷ ഒരുക്കുവാനും രാജ്‌നാഥ് നിര്‍ദ്ദേശം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.