പാഠപുസ്തക വിതരണം; പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചു

Thursday 2 July 2015 10:56 pm IST

തിരുവനന്തപുരം: അധ്യയനവര്‍ഷം ആരംഭിച്ച് ഓണപ്പരീക്ഷ അടുത്തിട്ടും സംസ്ഥാനത്തെ സ്‌കൂളുകളില്‍  പാഠപുസ്തകവും യൂണിഫോമും വൈകുന്നതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളംവച്ചതോടെ നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ നേരത്തെ പിരിഞ്ഞു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ഒരു തവണ സഭ നിര്‍ത്തിവച്ച് കക്ഷിനേതാക്കളുമായി സ്പീക്കര്‍ എന്‍. ശക്തന്‍ ചര്‍ച്ച നടത്തിയെങ്കിലും സമവായമുണ്ടാക്കാനായില്ല. പ്രതിപക്ഷത്ത് നിന്ന് മാത്യു ടി. തോമസ് നല്‍കിയ അടിയന്തരപ്രമേയ നോട്ടീസ് പരിഗണിച്ച ശേഷമാണ് സഭാനടപടികള്‍ തടസ്സപ്പെട്ടത്. സ്വകാര്യപ്രസുകളെയും ഗൈഡ് ലോബിയെയും സഹായിക്കാനാണ് പാഠപുസ്തക വിതരണത്തില്‍ വീഴ്ച്ച വരുത്തിയതെന്ന് പ്രതിപക്ഷം ആരോപിച്ചു. 43 ലക്ഷം പുസ്തകങ്ങളാണ് വിതരണം ചെയ്യാനുണ്ടായിരുന്നതെന്നും ഇതില്‍ 13 ലക്ഷം പുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായെന്നും ശേഷിക്കുന്ന 30 ലക്ഷം പുസ്തകങ്ങള്‍ ജൂലൈ 20നകം അച്ചടിച്ച് നല്‍കാമെന്ന് കെബിപിഎസ് (കേരള ബുക്‌സ് ആന്റ് പബ്ലിക്കേഷന്‍ സൊസൈറ്റി) അറിയിച്ചതായും വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് പറഞ്ഞു. പുസ്തക വിതരണത്തിലെ പാളിച്ചയ്ക്കു പുറമെ ഉച്ചഭക്ഷണ വിതരണം, അടിസ്ഥാന സൗകര്യവികസനം, അധ്യാപക നിയമനം എന്നിവയിലും പൊതുവിദ്യാഭ്യാസ മേഖലയെ അവഗണിക്കുന്നതായി മാത്യു ടി തോമസ് ചൂണ്ടിക്കാട്ടി. പാഠപുസ്തക വിതരണം ഈമാസം 20ന് പൂര്‍ത്തിയാക്കുമെന്ന് അബ്ദുറബ്ബ് അറിയിച്ചു. ആകെ ആവശ്യമുള്ള മൂന്നരകോടി പാഠപുസ്തകങ്ങളില്‍ 43 ലക്ഷത്തിന്റെ അച്ചടിയാണ് വൈകിയത്. അതില്‍ 13 ലക്ഷം അച്ചടിച്ചുകഴിഞ്ഞു. പരിഷ്‌കരിച്ച പാഠപുസ്തകങ്ങള്‍ ആയതിനാലും ഗുണമേന്മയുള്ള കടലാസ് ലഭ്യമാകാന്‍ കാലതാമസം നേരിട്ടതുമാണ് പ്രതിസന്ധിയുണ്ടാക്കിയത്. നിശ്ചയിച്ച സമയപരിധിക്കകം അച്ചടി പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് അറിയിച്ചപ്പോഴാണ് സ്വകാര്യപ്രസുകളെ ആശ്രയിക്കാന്‍ തീരുമാനിച്ചത്. ഒരു പ്രസ് മാത്രം ടെന്‍ഡറില്‍ പങ്കെടുത്തതോടെ റീ ടെന്‍ഡറിന് തീരുമാനിച്ചെങ്കിലും പിന്നീട് സര്‍ക്കാര്‍ പ്രസുകള്‍ക്ക് തന്നെ അച്ചടി നല്‍കുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. അതേസമയം, അച്ചടിക്കരാര്‍ കെബിപിഎസിന് നല്‍കിയതു എന്നാണെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ മന്ത്രി തയ്യാറായില്ല. അച്ചടിക്കരാര്‍ നല്‍കിയത് ഫെബ്രുവരി 10നാണെന്ന മന്ത്രി കെ.പി. മോഹനന്റെ മറുപടി ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ചോദ്യമുന്നയിച്ചത്. മന്ത്രിയുടെ മറുപടിക്ക് ശേഷം സംസാരിച്ച പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ അടിയന്തരപ്രമേയം പരിഗണിക്കാത്തതിനാല്‍ നടുത്തളത്തില്‍ കുത്തിയിരിക്കുകയാണെന്ന് അറിയിച്ചു. മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ കുത്തിയിരുന്നതോടെ സഭ നിര്‍ത്തിവച്ചു. പാഠപുസ്തകം എന്നു നല്‍കുമെന്നതില്‍ മുഖ്യമന്ത്രി ഉറപ്പുനല്‍കണമെന്ന് പ്രതിപക്ഷം ആവശ്യമുന്നയിച്ചു. എന്നാല്‍, വിദ്യാഭ്യാസമന്ത്രി മറുപടി നല്‍കിയശേഷം ആവശ്യമുണ്ടെങ്കില്‍ പ്രതികരിക്കാമെന്ന് മുഖ്യമന്ത്രി നിലപാടെടുത്തതോടെ പ്രതിപക്ഷം ബഹളം തുടര്‍ന്നു. ഇതോടെ നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ പിരിച്ചുവിട്ടതായി സ്പീക്കര്‍ അറിയിച്ചു. പാഠപുസ്തക അച്ചടി വൈകുന്ന പ്രശ്‌നത്തില്‍ മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും കാട്ടുന്ന ധിക്കാരത്തിലുള്ള പ്രതിഷേധമാണ് രേഖപ്പെടുത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.