ചിദംബരം

Monday 14 November 2011 8:31 pm IST

വില്ലുപുരത്തുനിന്ന്‌ അന്‍പതു കിലോമീറ്റര്‍ അകലെയുള്ള സ്റ്റേഷനാണ്‌ ചിദംബരം. സുപ്രസിദ്ധമായ നടരാജമൂര്‍ത്തിയാണ്‌ ഇവിടെ വിരാജിക്കുന്നത്‌. ദക്ഷിണഭാരത്തതിലെ പഞ്ചതത്ത്വലിംഗങ്ങളില്‍ ഇവിടത്തേത്‌ ആകാശതത്ത്വിലിംഗമാണ്‌. സ്റ്റേഷനില്‍ നിന്ന്‌ ഒന്നരക്കിലോമീറ്റര്‍ അകലെയാണ്‌ ക്ഷേത്രം. ഇവിടെ ഏതാനും ധര്‍മ്മശാലകളുണ്ട്‌. നടരാജശിവക്ഷേത്രം നില്‍ക്കുന്നതു പന്തീരായിരം ചതുരശ്രയടി ചുറ്റളവിനുള്ളിലാണ്‌. മൂന്നാമത്തെ ചുറ്റില്‍ തെക്കെ കവാടഭാഗത്തു ഗണപതിക്ഷേത്രം നില്‍ക്കുന്നു. വടക്കുവശത്തു നന്ദിയുടെ വലിയ വിഗ്രഹം ഒരു ക്ഷേത്രത്തിലുണ്ട്‌. അഞ്ചാമത്തെ ചുറ്റിലാണു നടരാജക്ഷേത്രം നില്‍ക്കുന്നത്‌. ഇത്‌ അങ്കണത്തിനു മദ്ധ്യത്തിലാണ്‌. ഇതില്‍ നൃത്തം ചെയ്യുന്ന ശിവന്റെ വലുതും സുന്ദരവുമായ വിഗ്രഹമാണുള്ളത്‌. നടരാജന്‍രെ വലതുവശം കാളിഭിത്തിയില്‍ ഒരു യന്ത്രമായി കൊത്തിവച്ചിരിക്കുന്നു. അവിടെ സ്വര്‍ണ്ണഹാരങ്ങള്‍ തൂങ്ങിക്കിടക്കുന്നുണ്ട്‌. ഈ ശൂന്യാകാരമായ നിലയിലാണ്‌ ആകാശതത്ത്വലിംഗം. ഇവിടെ തിരശ്ശീലയിട്ടിട്ടുണ്ട്‌. പകലും രാത്രിയും അഭിഷേകസമയത്തും ദര്‍ശനം നടത്താം. അഭിഷേകാവസരത്തില്‍ നീലനിരറത്തിലും സ്ഫടികനിറത്തിലുമുള്ള ലിംഗങ്ങള്‍ ദര്‍ശിക്കാം. നടരാജക്ഷേത്രത്തിനു മുന്നില്‍ ദര്‍സനം നടത്തുന്ന സ്ഥലത്തിന്‌ ഇടതുവശത്ത്‌ ശ്രീഗോവിന്ദരാജക്ഷേത്രത്തില്‍ ശേഷശായിയായ നാരായണമൂര്‍ത്തിയുണ്ട്‌. അതിനടുക്കലായി ലക്ഷ്മീദേവിയുടെ ക്ഷേത്രം കാണാം. ഇവിടത്തെ ലക്ഷ്മീദേവിയുടെ പേര്‌ പുണ്ഡരീകവല്ലിയെന്നാണ്‌. നടരാജക്ഷേത്രത്തിന്റെ നാലമത്തെ ചുറ്റില്‍ പാര്‍വ്വതിയുടെ മടിയിലിരിക്കുന്ന ശിവന്റെ വിഗ്രഹമുണ്ട്‌. വെള്ളിയില്‍ തീര്‍ത്ത ഹനുമദ്‌ വിഗ്രഹവും കാണാം. നവഗ്രഹങ്ങളുടെയും അറുപത്തിനാലു യോഗിനിമാരുടെയും ക്ഷേത്രങ്ങളും ഇവിടുണ്ട്‌. ഈ ചുറ്റില്‍ പാര്‍വ്വതിയുടെ ഒരു വലിയ ക്ഷേത്രമുണ്ട്‌. അതിനു വലതുഭാഗത്തു നാട്യേശ്വരീമൂര്‍ത്തി ഇരിക്കുന്നു. നടരാജക്ഷേത്രത്തിന്റെ നാലാമത്തെ ചുറ്റില്‍ വടക്കുഭാഗത്ത്‌ സഭാമണ്ഡപത്തോടുകൂടിയ ഒരു ക്ഷേത്രമുണ്ട്‌. ഇതില്‍ ഏതാനും വാതിലുകള്‍ക്കുള്ളില്‍ ശിവലിംഗം ഇരിക്കുന്നു. ഇതാണ്‌ ചിദംബരത്തിലെ മൂലവിഗ്രഹം. ഇവിടെ പതജ്ഞലിമഹര്‍ഷിയും വ്യാഘ്രപാദമഹര്‍ഷിയും പൂജ നടത്തിയിരുന്നതാണ്‌. അവരുടെ ആരാധനയില്‍ സന്തുഷ്ടനായി ശിവന്‍ പ്രത്യക്ഷനായി താണ്ഡവനൃത്തം ചെയ്തു. ആ നൃത്തത്തിന്റെ സ്മാരകമായിട്ടാണു നടരാജവിഗ്രഹം പ്രതിഷ്ഠിച്ചിട്ടുള്ളത്‌. ഈ ക്ഷേത്രത്തിന്റെ ഒരു ഭാഗത്ത്‌ പാര്‍വ്വതീവിഗ്രഹം കാണാം. നടരാജക്ഷേത്രത്തിന്റെ രണ്ടു ചുറ്റിനു വെളിയിലായി കിഴക്കു ഭാഗത്ത്‌ വളരെ വലിയ ശിവഗംഗാസരോവരം ഉണ്ട്‌. സരോവരത്തിനു പടിഞ്ഞാറ്‌ ശിവകാമസുന്ദരി (പാര്‍വ്വതി)യുടെ ഒരു വലിയ ക്ഷേത്രമുണ്ട്‌. ഇതില്‍ മൂന്നു കവാടങ്ങള്‍ക്കുള്ളില്‍ പാര്‍വ്വതീദേവി വിരാജിക്കുന്നു. പാര്‍വ്വതീക്ഷേത്രസമീപം തന്നെ സുബ്രഹ്മണ്യക്ഷേത്രവുമുണ്ട്‌. ക്ഷേത്രത്തില്‍ കാര്‍ത്തികേയസ്വാമിയുടെ ഭവ്യമായ മൂര്‍ത്തിയാണ്‌. ചിദംബരം സ്റ്റേഷനുകിഴക്ക്‌ യൂണിവേഴ്സിറ്റിക്കു സമീപം തിരുവേട്കലം എന്ന ശിവക്ഷേത്രം കാണാം. ഇവിടെയും പാര്‍വ്വതിക്കു പ്രത്യേകം ക്ഷേത്രമുണ്ട്‌. - സ്വാമി ധര്‍മ്മാനന്ദ തീര്‍ത്ഥ

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.