ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ മുന്നറിയിപ്പിനും അവഗണന കടലോര ജാഗ്രതാസമിതികളുടെ പ്രവര്‍ത്തനം നിലച്ചു

Friday 3 July 2015 6:28 pm IST

കോഴിക്കോട്: കടലോര സുരക്ഷ ഉറപ്പാക്കാന്‍ രൂപീകരിച്ച ജാഗ്രതാസമിതികളുടെ പ്രവര്‍ത്തനം നിലച്ചു. കേരള തമിഴ്‌നാട് സമുദ്രാതിര്‍ത്തികളില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ജാഗ്രതാ സമിതികളുടെ നടത്തിപ്പില്‍ സംസ്ഥാന സര്‍ക്കാര്‍ കുറ്റകരമായ വീഴ്ചയാണ് വരുത്തിയിരിക്കുന്നത്. സംസ്ഥാന- ജില്ലാതലങ്ങളിലും തീരദേശം ഉള്‍ക്കൊള്ളുന്ന പോലീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചാണ് ത്രിതല ജാഗ്രത സമിതികള്‍ രൂപീകരിച്ചത്. ഇടതുസര്‍ക്കാരിന്റെ കാലത്താണ് കടലോര ജാഗ്രതാസമിതികള്‍ നിലവില്‍ വന്നത്. എന്നാല്‍ തുടക്കത്തില്‍ത്തന്നെ അതിന്റെ പ്രവര്‍ത്തനം മരവിച്ചു. മുഖ്യമന്ത്രി , ആഭ്യന്തരമന്ത്രി, ഫിഷറീസ് മന്ത്രി, പോലീസ്, ഇന്റലിജന്‍സ് മേധാവികള്‍, കോസ്റ്റ് ഗാര്‍ഡ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് മത്സ്യത്തൊഴിലാളി സംഘടനാ സംസ്ഥാനനേതാക്കള്‍ എന്നിവര്‍ ചേര്‍ന്നാണ് സംസ്ഥാന തല ജാഗ്രതാസമിതി. എന്നാല്‍ ഇതിന്റെ യോഗം വിളിച്ചു ചേര്‍ത്തിട്ട്  രണ്ട് വര്‍ഷമായി.ജില്ലാ കലക്ടറുടെ നേതൃത്വത്തിലാണ് ജില്ലാതല ജാഗ്രതാ സമിതി. ഇത് മിക്കവാറും ജില്ലകളില്‍ നിഷ്‌ക്രിയമാണ്. തീരദേശ പോലീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് നടക്കേണ്ട ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനവും ചുരുക്കം ചില കേന്ദ്രങ്ങളിലായി ഒതുങ്ങിയിരിക്കുകയാണ്. മുംബൈ സ്‌ഫോടനത്തിനു ശേഷമാണ് കടലോരമേഖലയില്‍ അതിര്‍ത്തി സംരക്ഷണത്തിന്റെ ഗൗരവം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തിരിച്ചറിഞ്ഞത്. എന്നാല്‍ പിന്നീട് ഇത് അവഗണിക്കപ്പെട്ടു.തീരദേശ പോലീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് രൂപീകരിച്ച ജാഗ്രത സമിതികളുടെ പ്രവര്‍ത്തനം തുടക്കത്തില്‍ ഏറെ സജീവമായിരുന്നു. അംഗങ്ങള്‍ക്ക് ഐഡന്റിറ്റി കാര്‍ഡുകളും വിവരങ്ങള്‍ കൈമാറുന്നതിന് ഫോണ്‍ ചെലവിലേക്ക് 200 രൂപ വീതവും നല്‍കിയിരുന്നു. എന്നാല്‍ ഇതും പിന്നീട് നിര്‍ത്തലാക്കി. സംസ്ഥാനത്ത് ഇരുപത്തിനാല് തീരദേശ പോലീസ് സ്റ്റേഷനുകള്‍ ആരംഭിക്കാനായിരുന്നു പദ്ധതി. എന്നാല്‍ വിഴിഞ്ഞം മുതല്‍ കാസര്‍കോട് തളങ്കര വരെ എട്ട് സ്റ്റേഷനുകള്‍ മാത്രമാണ് ആരംഭിച്ചത്. കടലില്‍ അഞ്ച് നോട്ടിക്കല്‍ മൈല്‍ ദൂരത്താണ് തീരദേശ പോലീസ് സ്റ്റേഷനുകളുടെ നിയന്ത്രണ മേഖല.പോലീസ്, തീരദേശ പോലീസ്, കോസ്റ്റ് ഗാര്‍ഡ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, നാവികസേന തുടങ്ങിയ വിവിധ ഏജന്‍സികളുടെ ഏകോപനമില്ലായ്മയും ഈ മേഖലയില്‍ ഏറെ ആശങ്കകള്‍ ഉണര്‍ത്തുന്നതാണ്. തീരദേശ പോലീസിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുന്നതിലും സര്‍ക്കാര്‍ വീഴ്ച വരുത്തുകയാണ്. സമുദ്രംവഴി രാജ്യത്തേക്ക് ആയുധം കടത്തുന്നത് സംബന്ധിച്ച് കേന്ദ്ര സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അദ്ദേഹത്തിന്റെ ഈയിടെ നടന്ന തിരുവനന്തപുരം-കന്യാകുമാരി സന്ദര്‍ശനത്തിനിടക്ക് കുളച്ചല്‍,കൊടിയതുറൈ എന്നീ സ്ഥലങ്ങളും പോയിരുന്നു. പാക്കിസ്ഥാന്‍,ചൈന, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍  നിന്നും സമുദ്രമേഖലയിലൂടെയുള്ള ഭീഷണിയെക്കുറിച്ച് അതീവ ജാഗ്രത പുലര്‍ത്തണമെന്നാണ് ഡോവലിന്റെ സന്ദര്‍ശനത്തില്‍ ഉണ്ടായ നിര്‍ദ്ദേശം. പാക്‌സേനാ മേധാവിയുടെ ശ്രീലങ്കന്‍ സന്ദര്‍ശനം, മാലി ദ്വീപില്‍ ചൈന മുപ്പതോളം ദ്വീപുകള്‍ വിലക്ക് വാങ്ങിയത് എന്നിവയുടെ അടിസ്ഥാനത്തില്‍ ഈ മേഖലയില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന കാര്യത്തില്‍ കേന്ദ്ര നിര്‍ദ്ദേശമുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാര്‍ അത് അവഗണിച്ചമട്ടാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.