റബ്ബര്‍ വിലസ്ഥിരതാഫണ്ട്: പ്രോത്സാഹന പദ്ധതി നിലവില്‍ വന്നു

Friday 3 July 2015 10:47 pm IST

തിരുവനന്തപുരം: റബ്ബറിന്റെ വിലത്തകര്‍ച്ചയാല്‍ ദുരിതമനുഭവിക്കുന്ന റബ്ബര്‍ കര്‍ഷകരെ  സഹായിക്കുന്നതിനായി 'റബ്ബര്‍ പ്രൊഡക്ഷന്‍ ഇന്‍സെന്റീവ് സ്‌കീം' നിലവില്‍വന്നു.2015-16 ബജറ്റില്‍ പ്രഖ്യാപിച്ച വിലസ്ഥിരതാ പദ്ധതിപ്രകാരം കിലോയ്ക്ക് 150 രൂപ താങ്ങുവില നിശ്ചയിച്ച് റബ്ബര്‍ കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം  നേരിട്ട്്്്് ലഭ്യമാക്കുന്നതിനായി രൂപം നല്‍കിയ പദ്ധതിയാണിത്.  ഇതു സംബന്ധിച്ച ധനവകുപ്പിന്റെ ഉത്തരവ്  ഇന്നലെ പുറത്തിറക്കി. ഈ പദ്ധതിപ്രകാരം റബ്ബറിന്റെ താങ്ങുവിലയും റബ്ബര്‍ബോര്‍ഡ് നിശ്ചയിക്കുന്ന ദൈനംദിന വിലസൂചികയും  തമ്മിലുള്ള വില വ്യത്യാസം കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട്് നല്‍കും. പദ്ധതിയിലെ പ്രധാന വ്യവസ്ഥകളും ഈ ആനുകൂല്യം ലഭിക്കുന്നതിനായി സംസ്ഥാനത്തെ റബ്ബര്‍ കര്‍ഷകര്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങളും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. അഞ്ച് ഹെക്ടറില്‍ താഴെ കൃഷിഭൂമിയുള്ള റബ്ബര്‍ കര്‍ഷകര്‍ക്ക് നേരിട്ടോ അതതു പ്രദേശത്തെ റബ്ബര്‍ ഉത്പാദകസംഘങ്ങള്‍ വഴിയോ അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയോ ഈ പദ്ധതിയില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. അപേക്ഷാ ഫാറങ്ങളും മറ്റ് വിവരങ്ങളും www.ebt.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്ന കര്‍ഷകരുടെ വിവരങ്ങള്‍ റബ്ബര്‍ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ സൂക്ഷ്മപരിശോധന നടത്തി സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്യുന്ന വിവരവും അപേക്ഷകന്‍ രജിസ്റ്റര്‍ ചെയ്യുന്ന മൊബൈല്‍ നമ്പരില്‍ എസ്എംഎസ് സന്ദേശമായി ലഭ്യമാക്കും. ഇപ്രകാരം നല്‍കുന്ന സാമ്പത്തിക സഹായം രണ്ട് ഹെക്ടര്‍ റബ്ബര്‍ കൃഷിക്ക് മാത്രമായിരിക്കും. ഹെക്ടറൊന്നിന് പരമാവധി 1800 കിലോഗ്രാം എന്ന കണക്കിലായിരിക്കും ആനുകൂല്യം ലഭ്യമാകുക. കര്‍ഷകര്‍ക്ക് കൃഷിഭൂമിയുടെ അളവനുസരിച്ച് രണ്ടാഴ്ചയിലൊരിക്കല്‍ പരമാവധി വില്‍ക്കാവുന്ന റബ്ബറിന്റെ അളവ് ഓണ്‍ലൈനായി നിശ്ചയിച്ചു നല്‍കും.ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി റബ്ബര്‍ കര്‍ഷകര്‍ക്ക് സഹായം നേരിട്ട് നല്‍കാന്‍ ലക്ഷ്യമാക്കിയുള്ള 'റബ്ബര്‍ പ്രൊഡക്ഷന്‍ ഇന്‍സെന്റീവ് സ്‌കീം' വിജയകരമായി നടപ്പാക്കുന്നതിന് സഹകരിക്കണമെന്ന് ധനമന്ത്രി കെ.എം.മാണി അഭ്യര്‍ഥിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.