ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാധ്രയും തന്റെ ആതിഥേത്വം സ്വീകരിച്ചിട്ടുണ്ടെന്ന് ഐ.പി.എല്‍ മുന്‍ചെയര്‍മാന്‍ ലളിത് മോദി. ട്വിറ്ററിലൂടെയാണ് ഇരുവരും ഒരുമിച്ചിരിക്കുന്ന ചിത്രം സഹിതം ലളിത് മോഡി ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇരുവരും തന്റെ മുന്നില്‍ കൂപ്പുകൈകളോടെയാണ് നിന്നിട്ടുള്ളതെന്നും ലളിത മോഡി പറയുന്നു. ഇക്കാര്യം രാഹുലിനോ വദ്രയ്ക്കോ കോണ്‍ഗ്രസ്സിനോ നിഷേധിക്കാന്‍ കഴിയുമോ എന്നാണ് മോദിയുടെ ചോദ്യം. അതിനൊപ്പം ഒരു ഫോട്ടോയും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ചിത്രം ഫോട്ടോഷോപ്പില്‍ സൃഷ്ടിച്ചതല്ലെന്ന് തെളിയിക്കാന്‍ മണിക്കൂറുകള്‍ക്ക് ശേഷം കൂടുതല്‍ ചിത്രങ്ങളും ലളിത് മോഡി പുറത്തുവിട്ടു. ഇതേ വേദിയില്‍ രാഹുല്‍ തന്നെ കാണാന്‍ വന്നവര്‍ക്ക് ഓട്ടോഗ്രാഫ് ഒപ്പിട്ടു നല്‍കുന്നതുള്‍പ്പെടെയുള്ള ചിത്രങ്ങളാണ് പുറത്തുവിട്ടത്.ബോളിവുഡ് താരം ഷാരൂഖ് ഖാനും സമീപത്തുണ്ട്.
ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ലളിത് മോഡിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ കമന്റുകള്‍ നിറയുകയാണ്.
ആരോപണം രാഹുലിന്റെ ഓഫീസ് നിഷേധിച്ചു. രാഹുല്‍ ഗാന്ധിയോ അദ്ദേഹത്തിന്റെ കുടുംബത്തിലെ ആരെങ്കിലുമോ ലളിത് മോഡിയുടെ ആതിഥേയത്വം സ്വീകരിച്ചിട്ടില്ലെന്ന് ഓഫീസ് വ്യക്തമാക്കി. എന്നാല്‍ ചിത്രത്തെക്കുറിച്ച് വിശദീകരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളോ രാഹുലിന്റെ ഓഫീസോ തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: