ഭീകരവിരുദ്ധ പോരാട്ടം: അമേരിക്കയുടെ ചെലവ്‌ 194 ലക്ഷം കോടി

Thursday 30 June 2011 8:03 pm IST

വാഷിംഗ്ടണ്‍: ഭീകരതയ്ക്കെതിരായ യുദ്ധത്തിനായി അമേരിക്ക ഇതേവരെ 194 ലക്ഷം കോടി രൂപയോളം ചെലവഴിച്ചു കഴിഞ്ഞതായി റിപ്പോര്‍ട്ട്‌. 20011 സെപ്തംബര്‍ പതിനൊന്നിന്‌ വേള്‍ഡ്‌ ട്രേഡ്‌ സെന്ററിന്‌ നേര്‍ക്ക്‌ നടന്ന ആക്രമണത്തെത്തുടര്‍ന്നാണ്‌ ഭീകരതയ്ക്കെതിരെ അമേരിക്ക ശക്തമായ നിലപാടുകള്‍ സ്വീകരിച്ചത്‌. ഇറാഖിലും അഫ്ഗാനിസ്ഥാനിലും ഏറ്റവുമൊടുവിലായി പാക്കിസ്ഥാനിലുമെത്തിയ യുഎസ്‌ സൈനിക നടപടികള്‍ പത്തുവര്‍ഷം പിന്നിടുമ്പോള്‍ അമേരിക്കയിലെ ബ്രൗണ്‍ സര്‍വകലാശാലയിലെ വാട്സണ്‍ പഠനകേന്ദ്രമാണ്‌ ഭീകരവിരുദ്ധ യുദ്ധത്തിനായി കൊടുക്കേണ്ടി വന്ന വില കണക്കാക്കിയിരിക്കുന്നത്‌.
ഇറാഖ്‌-അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നടത്തിയ സൈനിക നീക്കങ്ങള്‍ക്കായി 164 ലക്ഷം കോടിരൂപ മുതല്‍ 194 ലക്ഷം കോടി രൂപ വരെ അമേരിക്ക സ്വന്തം ഖജനാവില്‍നിന്നും എടുത്ത്‌ ചെലവഴിച്ചതായാണ്‌ റിപ്പോര്‍ട്ടില്‍ പറയുന്നത്‌. ഇതോടൊപ്പം പലിശയിനത്തില്‍ 44 ലക്ഷം കോടി രൂപയുടെ അധികച്ചെലവും കണക്കാക്കപ്പെട്ടിട്ടുണ്ട്‌.
ഭീകരതയ്ക്കെതിരായി നടന്ന പോരാട്ടങ്ങളില്‍ ഇതേവരെ രണ്ടുലക്ഷത്തിന്‌ മുകളില്‍ ആളുകള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടിലുണ്ട്‌. ഏറ്റവും കൂടുതല്‍ ആളുകള്‍ കൊല്ലപ്പെട്ടത്‌ ഇറാഖിലാണ്‌. 150000 ത്തോളം ആളുകള്‍. ഇതോടൊപ്പം പാക്കിസ്ഥാനില്‍ 39,000 ത്തിനടുത്തും അഫ്ഗാനിസ്ഥാനില്‍ 34000 ത്തിനടുത്തും ആളുകള്‍ അമേരിക്ക നടത്തിയ ഭീകരവിരുദ്ധ പോരാട്ടങ്ങളുടെ ഫലമായി കൊല്ലപ്പെട്ടിട്ടുണ്ട്‌. മൊത്തം മരണങ്ങളില്‍ 1,72,000 ത്തോളം സാധാരണക്കാരും 168 മാധ്യമപ്രവര്‍ത്തകരും 266 ജീവകാരുണ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. ഇതുകൂടാതെ 6051 യുഎസ്‌ സൈനികരാണ്‌ കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ മേല്‍പ്പറഞ്ഞ രാജ്യങ്ങളില്‍ കൊല്ലപ്പെട്ടത്‌. ഇറാഖില്‍ 1.25 ലക്ഷം സാധാരണക്കാര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നു.
അതിഭീമമായ സൈനിക ചെലവുകളാണ്‌ അഫ്ഗാനിസ്ഥാനില്‍നിന്നും സേനയെ പിന്‍വലിക്കാന്‍ അമേരിക്കയെ പ്രേരിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്‌. പാക്കിസ്ഥാന്‌ നല്‍കുന്ന സാമ്പത്തിക സഹായം വെട്ടിക്കുറക്കണമെന്ന ആശയവും ഇതോടൊപ്പം പ്രചാരം നേടിയിട്ടുണ്ട്‌. ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ അവതരിപ്പിക്കപ്പെട്ട 'കോസ്റ്റസ്‌ ഓഫ്‌ വാര്‍' എന്ന ഗവേഷണ പ്രബന്ധത്തിലാണ്‌ ഇക്കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്‌.
വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ ആക്രമണത്തിലൂടെ ഒസാമ ബിന്‍ലാദന്‍ ലക്ഷ്യമിട്ടത്‌ അമേരിക്കയുടെ സേനാശക്തിയേയല്ല മറിച്ച്‌ ആ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെയായിരുന്നുവെന്ന്‌ നിരീക്ഷകര്‍ വിലയിരുത്തുന്നു. ബിന്‍ലാദനെ തേടിയുള്ള യുദ്ധങ്ങള്‍ അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയെ വിപരീതമായി ബാധിക്കുകയായിരുന്നുവെന്നതാണ്‌ വാസ്തവം.