കാസര്‍കോട് പീഡനത്തിനിരയായത് 125 കുട്ടികള്‍; കൂടുതലും മതപാഠശാലകളില്‍ നിന്നാണെന്ന് റിപ്പോര്‍ട്ട്

Sunday 5 July 2015 8:05 pm IST

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ കഴിഞ്ഞ വര്‍ഷം വിവിധ തരത്തിലുള്ള പീഡനങ്ങള്‍ക്ക് ഇരയായത് 125 കുട്ടികളെന്ന് ചൈല്‍ഡ്‌ലൈന്‍ റിപ്പോര്‍ട്ട്. ഇവരില്‍ 59 കുട്ടികളും ലൈംഗിക പീഡനത്തിനാണ് വിധേയരായത്.കുട്ടികള്‍ക്ക് ഏറ്റവുംകൂടുതല്‍ പീഡനങ്ങള്‍ ഏല്‍ക്കുന്നത് മതപഠനശാലകളില്‍ നിന്നാണ്. 45 കുട്ടികളെ ശാരീരിക പീഢനത്തിനും ഏഴ് കുട്ടികളെ ബാലവേലയ്ക്കും നാല് കുട്ടികളെ ഭിക്ഷാടനത്തിനും 10 കുട്ടികളെ മറ്റ് വിവിധതരം പീഡനങ്ങള്‍ക്കും ഉപയോഗിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ലൈംഗികപീഡനത്തിന് വിധേയരായവരില്‍ 47 പേരും പെണ്‍കുട്ടികളാണ്. 11നും 15നും ഇടയില്‍ പ്രായമുളള കുട്ടികളാണ് ലൈംഗിക പീഡനത്തിന് ഇരയാവുന്നതില്‍ ഏറെയും. ചൈല്‍ഡ് ലൈനിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ സാമ്പത്തിക വര്‍ഷം 11നും 15 നും ഇടയില്‍ പ്രായമുളള 41 കുട്ടികളാണ് ലൈംഗിക പീഡനത്തിന് ജില്ലയില്‍ ഇരയായിട്ടുള്ളത്. ആറിനും 10നും ഇടയില്‍ പ്രായമുളള 11 കുട്ടികളും 5 വയസ്സിന് താഴെയുളള നാല് കുട്ടികളും 16നും 17നും ഇടയിലുളള മൂന്ന് കുട്ടികളും പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. മതപഠനശാലകളില്‍ നിന്നാണ് കുട്ടികള്‍ ഏറ്റവും കൂടുതല്‍ പീഡനം ഏറ്റുവാങ്ങുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 14 കുട്ടികള്‍ മതപഠനശാലകളില്‍ നിന്നും 8 കുട്ടികള്‍ സ്വന്തം വീട്ടില്‍നിന്നും 9 കുട്ടികള്‍ അയല്‍പക്കവീടുകളില്‍നിന്നും 4 കുട്ടികള്‍ സ്‌കൂളില്‍നിന്നും പീഡനം ഏറ്റുവാങ്ങിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടികള്‍ പീഡനത്തിന് വിധേയരായ മറ്റു ഇടങ്ങള്‍,ഒറ്റപ്പെട്ട സ്ഥലങ്ങള്‍, കെയര്‍ഹോം, പൊതുസ്ഥലങ്ങള്‍, കടകള്‍, വാഹനങ്ങള്‍ എന്നിവയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ചൈല്‍ഡ് ലൈന്‍ 9 കുട്ടികള്‍ക്ക് വൈദ്യസഹായവും 180 കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് ലഭ്യമാക്കി. 30 കുട്ടികള്‍ക്ക് ഷെല്‍ട്ടറും നല്‍കി. അന്യസംസ്ഥാനങ്ങളില്‍നിന്നും കാണാതായി ഇവിടെയെത്തിയ 2 കുട്ടികള ചൈല്‍ഡ് ലൈന്‍ കണ്ടെത്തിയിട്ടുണ്ട്. കുട്ടികളെ ശാരീരികമായോ ലൈംഗികമായോ പീഡിപ്പിക്കുന്ന വിവരം ചൈല്‍ഡ് ലൈനിന്് കൈമാറാവുന്നതാണ്. 1098 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിച്ച് വിവരങ്ങള്‍ കൈമാറാന്‍ സൗകര്യമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.