രാമപാദങ്ങളില്‍

Monday 6 July 2015 9:40 pm IST

  അവരെ അകത്തേക്ക് വരാന്‍ പറയട്ടയോ? ദശരഥന്‍ തന്റെ മൂന്നു റാണിമാരേയും വിളിക്കാന്‍ നിര്‍ദ്ദേശിച്ചു. അവര്‍ എത്തിയശേഷം ശ്രീരാമനെ രാജാവ് സവിധത്തിലേക്ക് വിളിച്ചു. കൂപ്പിയ കൈകളുമായി തന്റെ സമീപത്തേക്ക് വരുന്ന രാമനെക്കണ്ട് മാറോടണയ്ക്കാന്‍ വെമ്പി ദശരഥന്‍ മഞ്ചത്തില്‍നിന്നു എഴുന്നേറ്റ് ഓടി. പക്ഷെ അടുത്തെത്തുംമുമ്പ് അദ്ദേഹം ബോധരഹിതനായി നിലംപതിച്ചു. ഇതുകണ്ട റാണിമാര്‍ അലമുറയിട്ടു. രാമനും താനും ഓടിച്ചെന്ന് അച്ഛനെ എടുത്ത് മഞ്ചത്തില്‍ കിടത്തി. മഹാരാജാവിന് ബോധം വീണപ്പോള്‍ ശ്രീരാമന്‍ കൂപ്പുകൈകളോടെ പിതാവിനോട് പറഞ്ഞു. മഹാരാജന്‍, അങ്ങ് ഞങ്ങളുടെയെല്ലാം പൊന്നുതമ്പുരാനാണ്. ഞാന്‍ ദണ്ഡകാരണ്യത്തിലേക്ക് പോവുകയാണ്. ലക്ഷ്മണനും സീതയും എന്നെ അനുഗമിക്കുന്നുണ്ട്. അതിന് അങ്ങ് അനുവാദം തരണം. അങ്ങ് എന്തിനാണ് ദുഃഖിക്കുന്നത്. സന്തോഷപൂര്‍വ്വം ഞങ്ങളെ യാത്രയാക്കിയാലും. വനയാത്രയ്ക്കുള്ള രാമന്റെ തീരുമാനത്തില്‍ മാറ്റമില്ലെന്നു കണ്ട ദശരഥന്‍ പറഞ്ഞു. അഹം രാഘവ കൈകേയ്യാ വരദാനേന മോഹിത: അയോദ്ധ്യായാസ്ത്വമേവാദ്യ ഭവ രാജാ നിഗൃഹ്യ മാം. രാമാ വരദാനത്തിന്റെ മറവില്‍ കൈകേയി എന്നെ വഞ്ചിച്ചുകളഞ്ഞു. അതുകൊണ്ട് എന്നെ ബന്ധിച്ച് തടവിലിട്ട് ബലാത്കാരേണ നീ അയോദ്ധ്യയുടെ രാജാവായാലും. ഇതുകേട്ട് ധര്‍മ്മമൂര്‍ത്തിയായ രാമന്‍ കൂപ്പുകൈകളോടെ പറഞ്ഞു. അച്ഛാ അങ്ങ് ഇനിയും ദീര്‍ഘകാലം അയോദ്ധ്യയില്‍ രാജാവായി വാഴണം. എനിക്ക് രാജ്യമോഹമില്ല. പതിനാലു വര്‍ഷം സ്വസ്ഥനായി വനത്തില്‍ കഴിഞ്ഞ് തിരിച്ചെത്തിയശേഷം ഞാന്‍ അങ്ങയുടെ പാദസേവ ചെയ്തുകൊണ്ട് കഴിഞ്ഞുകൊള്ളാം. അങ്ങയുടെ വാക്ക് പാഴ്‌വാക്കാകാന്‍ ഇടവരരുത്. ദശരഥന്‍ പറഞ്ഞു. മകനേ രാമ! നീ സത്യധര്‍മ്മങ്ങളെ മനസ്സില്‍സൂക്ഷിക്കുന്നവനാണ്. അവയില്‍ നിന്ന് വേറിട്ട് നില്‍ക്കാന്‍ നിനക്ക് കഴിയുന്നതല്ല എന്ന് എനിക്കറിയാം. നിനക്ക് നന്മയേ വരികയുള്ളു. എന്റെ സത്യം സംരക്ഷിക്കുന്നതിന്നു വേണ്ടിയാണ് നീ ഈ ദുഃഖഭാരം നിന്റെ ശിരസ്സിലേറ്റുന്നതെന്ന് എനിക്കറിയാം. പക്ഷെ ഒരു സത്യം നീ മനസ്സിലാക്കുക. നീ വനത്തില്‍ പോകുന്നത് എനിക്കിഷ്ടമല്ലെന്നു മാത്രമല്ല വല്ലാത്ത അനിഷ്ടവുമാണ്. രാമന്‍ തൊഴുതുകൊണ്ട് വീണ്ടും പറഞ്ഞു. അങ്ങെനിയ്ക്ക് തരാന്‍ നിശ്ചയിച്ച രാജ്യവും സമ്പത്തും ഐശ്വര്യവും അധികാരവും ഭരതനു കൊടുക്കണം. ഇതൊന്നും എനിക്കു വേണ്ട. അങ്ങയുടെ സത്യം പാലിക്കാനാണ് എനിക്കിഷ്ടം. അങ്ങ് ദേവതുല്യനാണ്. ഇനി ഒരു നിമിഷം പോലും ഞാനിവിടെ തങ്ങുന്നില്ല. പതിനാലു വര്‍ഷം തികയുമ്പോള്‍ ഞാന്‍ തിരിച്ചുവരും. അങ്ങ് ദുഃഖിക്കരുത്. ദശരഥന്‍ പറഞ്ഞു. ശ്രേയസേ വൃദ്ധയേ താത പുനരാഗമനായ ച ഗച്ഛസ്വാരിഷ്ടമവ്യഗ്ര: പന്ഥാനമകതോ ഭയം മകനെ, നിനക്ക് ശ്രേയസ്സും ഐശ്വര്യവുമുണ്ടാകട്ടെ. നിനക്ക് ക്ഷേമം ഭവിക്കട്ടെ. ഭയമൊന്നുമുണ്ടാകാതെ നീ സസുഖം പോയിവരിക. പക്ഷെ ഏതായാലും നീ ഇന്നു രാത്രി പോകേണ്ട. ഒരു രാത്രിയെങ്കിലും നിന്നെക്കണ്ടുകൊണ്ട് ഞാന്‍ ജീവിക്കട്ടെ. നിന്റെ അമ്മയോടും എന്നോടുംകൂടി ഈ രാത്രി കഴിച്ചുകൊണ്ട് നാളെ രാവിലെ പോകാം. ഇതുകേട്ട് രാമന്‍ പറഞ്ഞു. ഇന്നു രാത്രി എനിക്കിവിടെ കിട്ടുന്ന സുഖങ്ങള്‍ നാളെ ആരു തരും? അതുകൊണ്ട് ഇന്നുതന്നെ പോകാന്‍ അനുവാദം നല്‍കിയാലും. ഇന്നുതന്നെ വനത്തിലേക്ക് പോകാനുള്ള എന്റെ നിശ്ചയത്തിന് യാതൊരു മാറ്റവുമില്ല. കൈകേയി മാതാവിന് അങ്ങ് നല്‍കിയ വരം പൂര്‍ണ്ണമായും പാലിച്ച് അവിടന്ന് സത്യപ്രതിജ്ഞന്‍ ആയാലും. എനിക്ക് രാജ്യമോ, സുഖമോ, സ്വര്‍ഗ്ഗമോ വേണ്ട. അവിടുത്തെ സത്യം പാലിക്കപ്പെടണമെന്നേ എനിക്കാഗ്രഹമുള്ളു. ഇനി ഞാന്‍ ഒട്ടും വൈകിയ്ക്കുന്നില്ല. എന്റെ നിശ്ചയത്തിന് ഇളക്കമില്ല. അവിടന്ന് ശോകമുക്തനായാലും. വനത്തിനു പോകാന്‍ കൈകേയി മാതാവ് എന്നോടപേക്ഷിച്ചു. ഞാനത് സമ്മതിക്കുകയും ചെയ്തു. ആ സത്യം എനിക്കും പാലിക്കേണ്ടതായിട്ടുണ്ട്. എനിക്ക് വനവാസം ക്ലേശകരമല്ല. വ്യസനാക്രാന്തനായ ദശരഥന്‍ മകനെ ഗാഢം പുണര്‍ന്നു. അദ്ദേഹം വീണ്ടും ബോധരഹിതനായി നിലത്തുവീണു. കൈകേയിയൊഴിച്ചുള്ള രാജനാരികള്‍ വാവിട്ടലറി. സുമന്ത്രരും ബോധഹീനനായി. രാജകൊട്ടാരം വിലാപാലയമായി മാറി. പെട്ടെന്ന് ബോധം തിരിച്ചുകിട്ടിയ സുമന്ത്രന്‍ എഴുന്നേറ്റ് കൈകേയിയുടെ നേരെ കയര്‍ത്തുകൊണ്ട് പറഞ്ഞു. അവിടന്ന് ഭര്‍ത്താവിനെ കൈവിട്ടു. ഇതില്‍ കൂടുതലായി ഒരു ദുഷ്‌കര്‍മ്മം ഒരു സ്ത്രീയ്ക്ക് ചെയ്യാനില്ല. ഇതു ചെയ്തവര്‍ മറ്റെന്തു ചെയ്യാനും മടിക്കില്ല. ഭരതനെ രാജാവാക്കി വാണുകൊള്ളൂ. ഞങ്ങള്‍ രാമലക്ഷ്മണന്മാരോടൊപ്പം വനത്തിന് പോകുന്നു. ഈ കടുംകൈ കണ്ടിട്ടും ഭൂമി പിളരാത്തതെന്താണ്. സംഗതി ഇനിയും വൈകിയിട്ടില്ല. ഇക്ഷ്വാകുവംശ പരമ്പരകളുടെ ആചാരപ്രകാരം വൃദ്ധനായ ദശരഥന്‍ വനത്തിലേക്കും രാമന്‍ രാജാവും ആയിത്തീരട്ടെ. പക്ഷെ സുമന്ത്രരുടെ വാക്കുകള്‍ കൈകേയിയില്‍ യാതൊരു ഭാവഭേദവും ഉണ്ടാക്കിയില്ല. നൈവ സാ ക്ഷുഭ്യതേ ദേവീ ന ചസ്മ പരിഭൂയതേ ന ചാസ്യാ മുഖവര്‍ണ്ണസ്യ ലക്ഷ്യതേ വിക്രിയാ തദാ ഇതുകേട്ട് രാജ്ഞി ക്ഷോഭിക്കുകയോ ദുഃഖിക്കുകയോ ചെയ്തില്ലെന്നു മാത്രമല്ല അവരുടെ മുഖത്ത് അല്പംപോലും മാറ്റം ഉണ്ടായതുമില്ല. ആലസ്യത്തില്‍ നിന്നും ഉണര്‍ന്ന ദശരഥന്‍ രാമന്റെ വനയാത്രയ്ക്കു വേണ്ട ഒരുക്കങ്ങള്‍ ചെയ്യുവാന്‍ സുമന്ത്രരോടാജ്ഞാപിച്ചു. ചതുരംഗസേനാവ്യൂഹം, ധാന്യസഞ്ചയം, ധനഭണ്ഡാരം, അസ്ത്രശസ്ത്രാദികള്‍ തുടങ്ങി രാജോചിത വ്യവസ്ഥകളെല്ലാം യാത്രയ്ക്ക് അകമ്പടിയാകട്ടെ എന്നായി രാജകല്പന. ഇതുകേട്ട് കൈകേയി ഞെട്ടി. സേനയും, സമ്പത്തും, ജനങ്ങളുമില്ലാത്ത രാജ്യം ഭരതനുവേണ്ടെന്നും, ശ്രീരാമന്‍ ഇതൊന്നും കൂടാതെത്തന്നെ വനത്തിന്നു പോകണമെന്നും കൈകേയി പറഞ്ഞു. മാത്രമല്ല സൂര്യവംശജന്‍ തന്നെയായിരുന്ന സഹരന്‍ എന്ന രാജാവ് സ്വപുത്രനായ അസമഞ്ജനെ വനത്തിലേക്ക് ഒറ്റയ്ക്ക് നിഷ്‌കാസനം ചെയ്തതുപോലെ രാമനും അകമ്പടികളൊന്നും കൂടാതെത്തന്നെ വനത്തിലേക്ക് പോകണമെന്നും കൈകേയി വാദിച്ചു. ... തുടരും

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.