അവതാരക ഭീകരത

Monday 6 July 2015 10:25 pm IST

കണ്ണുരുട്ടിയും പല്ലിറുമ്മിയും വെടിയുണ്ടയുതിര്‍ക്കുന്നപോലെ ചോദ്യങ്ങള്‍ ചോദിച്ചും ചില ചാനല്‍ അവതാരകന്മാര്‍ നടത്തുന്ന ഇന്റര്‍വ്യൂ 'ടെറര്‍ ജേര്‍ണലിസ'മെന്ന പുതിയൊരു സംഭവമായിത്തീര്‍ന്നിട്ടില്ലേ എന്ന് സംശയം തോന്നിയത് ജൂണ്‍ 20 ന് ഒരു അവതാരകന്‍ (മാതൃഭൂമി ന്യൂസ്) വെള്ളാപ്പള്ളി നടേശനെ ഇന്റര്‍വ്യൂ ചെയ്യുന്നതു കണ്ടപ്പോഴാണ്. അവതാരകന്റെ ചില ചോദ്യ വെടികള്‍ കേള്‍ക്കുക. ''തൊഗാഡിയയുടെ വാഗ്ദാനം സ്വീകരിച്ചാല്‍ പകരം നിങ്ങള്‍ എന്തെങ്കിലും കൊടുക്കില്ലേ? തൊഗാഡിയയുടെ രാഷ്ട്രീയത്തോട് നിങ്ങള്‍ യോജിക്കുകയല്ലേ? ബിജെപിയെ പകരം സഹായിക്കേണ്ടിവരില്ലേ' ഇന്ത്യന്‍ രാഷ്ട്രീയചരിത്രത്തെപ്പറ്റി കേവലബോധം പോലും ഈ അവതാരകനില്ലെന്നു തെളിയിക്കുന്ന ഒരു പ്രസ്താവനയും നടത്തിക്കണ്ടു. ബിജെപിയില്‍നിന്ന് മതേതരത്വത്തെ സംരക്ഷിക്കാനാണ് കേന്ദ്രത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും ഒന്നിക്കുന്നത് എന്ന് അവതാരകന്‍ വിശദീകരിക്കുന്നു. 1989 ലെ വി.പി.സിങ് മന്ത്രിസഭയെ പിന്തുണയ്ക്കാന്‍ ബിജെപിയുമായി സിപിഎം സഹകരിച്ചു. ഭാരതത്തില്‍ ഏതാണോ ഏറ്റവും വലിയ കക്ഷി ആ കക്ഷിയെ തകര്‍ക്കാന്‍ രണ്ടാമത്തെ വലിയ കക്ഷിയുമായി സഹകരിക്കുകയാണ് സിപിഎം തന്ത്രം. നിലനില്‍പ്പിനുള്ള കച്ചവട തന്ത്രങ്ങള്‍ അടവുനയം എന്ന പേരില്‍ നടപ്പാക്കുക മാത്രമാണ് അവരുടെ ശൈലി. അന്നന്നത്തെ വിപണി നോക്കി പരസ്യവാചകങ്ങള്‍ പടയ്ക്കുന്ന ഒരു വ്യവസായ സംരംഭം. ജൂണ്‍ 22 ന് ഏഷ്യാനെറ്റ് ചാനലിന്റെ അവതാരകനാണ് വെള്ളാപ്പള്ളിക്കുനേരെ ഇന്റര്‍വ്യൂവിന്റെ ഭീകരാക്രമണം നടത്തിയത്. ചോദ്യങ്ങള്‍ നോക്കുക. തൊഗാഡിയ പറയുന്നത് വെറും തറ വര്‍ത്തമാനമാണെന്ന് താങ്കള്‍ അംഗീകരിക്കുമോ? തൊഗാഡിയയുടെ താല്‍പ്പര്യം കൃഷിയാണോ? എസ്എന്‍ഡിപിയെ കൃഷി പഠിപ്പിക്കാന്‍ തൊഗാഡിയ വരണമോ? തൊഗാഡിയയുടെ ലക്ഷ്യം കൃഷിയോ മെഡിക്കല്‍ കോളേജോ അല്ല മറ്റു പലതുമല്ലേ? പാണക്കാട് തങ്ങളോടൊ കര്‍ദ്ദിനാളിനോടൊ ഇത്തരം ചോദ്യങ്ങള്‍ തട്ടിക്കയറി ചോദിക്കാന്‍ ഈ അവതാരക ഭീകരന്മാര്‍ക്ക് ധൈര്യമുണ്ടോ? ശബരീനാഥന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ചോദ്യം ചെയ്ത കെഎസ്‌യു നേതാവിനോട് വി.എം.സുധീരന്‍ പറഞ്ഞത് അരുവിക്കരയില്‍ നടക്കുന്നത് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് അല്ല എന്നാണ്. ഈ ഉപതെരഞ്ഞെടുപ്പില്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്യപ്പെട്ടില്ല. കോളേജ് തെരഞ്ഞെടുപ്പ് പോലെ സ്ഥാനാര്‍ത്ഥികളെ നോക്കിയാണ് വോട്ട് ചെയ്യപ്പെട്ടത്. ഒരു കോളേജ് യൂണിയന്റെ ആയുസ്സായ 9 മാസം മാത്രമാണ് ഈ എംഎല്‍എയുടെയും കാലാവധി. പ്രശസ്തമായ അന്തിക്കാടന്‍ ഡയലോഗ് കടമെടുത്തു പറഞ്ഞാല്‍ വിഘടനവാദികളും (എല്‍ഡിഎഫ്) പ്രതിക്രിയാവാദികളും (യുഡിഎഫ്) പ്രഥമ ദര്‍ശനത്തില്‍ അകലത്തിലാണെങ്കിലും അവര്‍ തമ്മിലുള്ള അന്തര്‍ധാര (അഡ്ജസ്റ്റ്‌മെന്റ്) സജീവമായിരുന്നു എന്നുവേണം കരുതാന്‍. ന്യൂനപക്ഷ ഫാസിസത്തിന്റെ ധനാധിപത്യം ഒരിക്കല്‍ക്കൂടി ജയിച്ചു എന്ന ഒറ്റവരിയില്‍ അരുവിക്കരയുടെ തെരഞ്ഞെടുപ്പ് വിശകലനം ഒതുക്കാം. അരുവിക്കര നീന്തിയെത്താന്‍ ഇടതു സ്ഥാനാര്‍ത്ഥിക്കു ക്ഷേത്രദര്‍ശനം നടത്തി പൂവും പ്രസാദവും സ്വീകരിച്ച് പൂജാരിയുടെ അനുഗ്രഹം തേടേണ്ടിവന്നു. ഇഎംഎസ് തന്റെ രാപകലുകള്‍ എഴുത്തിലൂടെയും പ്രസംഗത്തിലൂടെയും ഹോമിച്ചത് ഏതു സംസ്‌കൃതിയെ തള്ളിപ്പറയാനാണോ അതേ സംസ്‌കൃതിയുടെ കാല്‍ച്ചുവട്ടില്‍ കേരള കമ്മ്യൂണിസം മുട്ടുമടക്കിയിരിക്കുന്നു.വിധിക്കുപോലും ചിരിവരുമീ ചതഞ്ഞ വേദാന്തം എന്ന വയലാര്‍ വരികള്‍ ഇപ്പോള്‍ സിപിഎമ്മിന് കൃത്യമായി ഇണങ്ങുന്നു. അന്താരാഷ്ട്രാ യോഗദിനാചരണത്തിലൂടെ ഭാരതം ലോകത്തിന്റെ ആദ്ധ്യാത്മിക തലസ്ഥാനമായി മാറി. 1893 ല്‍ ചിക്കാഗോയിലെ ലോക മത പാര്‍ലമെന്റില്‍ സ്വാമി വിവേകാനന്ദന്‍ നടത്തിയ ഉദ്‌ബോധനം ലോകം ഏറ്റെടുത്തിരിക്കുന്നു. ജൂണ്‍ 21 ന് ലോകരാഷ്ട്രങ്ങളെ യോഗയുടെ ഒരേ ചരടില്‍ കോര്‍ത്തുകൊണ്ട് 'വസുധൈവ കുടുംബകം' എന്ന ഋഷിദര്‍ശനം സാക്ഷാത്കൃതമായി. ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിലേക്ക് യോഗദിനാചരണം ലോകജാലകം തുറന്നു എന്ന് ലോകത്തിലെ പ്രമുഖ പത്രങ്ങള്‍ എഴുതി. എന്നാല്‍ ദേശാഭിമാനിയുടെ മുഖപ്രസംഗം (ജൂണ്‍ 23) പറയുന്നത് നരേന്ദ്രമോദി പ്രതിനിധാനം ചെയ്യുന്ന ആര്‍എസ്എസിന്റെ വെറും ആയോധനകലയാണ് യോഗ എന്നാണ്. യോഗപോലെ എന്തെങ്കിലും ലോകത്തിന് നല്‍കാന്‍ കമ്മ്യൂണിസ്റ്റ് ചൈനയ്ക്ക് ഒന്നുമില്ല. ചൈനയിലെ ഗുവാങ്ങ്‌സ് സുവാങ് പ്രദേശത്ത് എല്ലാവര്‍ഷവും വേനല്‍ക്കാലം തുടങ്ങുന്ന ഞായറാഴ്ച പട്ടി ഇറച്ചി തീറ്റ ഒരു ആചാരമാണ്. ഈ വര്‍ഷം ജൂണ്‍ 22 ന് പതിനായിരക്കണക്കിന് പട്ടികളെ ഇവിടെ കൊന്നുതിന്നു. പട്ടിയിറച്ചി തിന്നാല്‍ ഭാഗ്യം ഉണ്ടാകുമെന്നാണ് ചൈനക്കാരുടെ വിശ്വാസം. യോഗയെ അന്ധവിശ്വാസമെന്നും മതാചാരമെന്നും പറഞ്ഞ് പുച്ഛിക്കുന്ന കമ്മ്യൂണിസ്റ്റുകാരുടെ ചൈനയിലാണ് ഈ ഭ്രാന്തന്‍ ആചാരങ്ങള്‍. ജൂണ്‍ 21 അന്താരാഷ്ട്ര യോഗാദിനമായി ആചരിച്ച് ഭാരതീയര്‍ ലോകത്തിനുമേല്‍ മേല്‍ക്കൈ നേടുമ്പോള്‍ ചൈന വിട്ടുകൊടുക്കുമോ? ചൈനയുടെ വാര്‍ഷിക പട്ടിയിറച്ചിത്തീറ്റ ഉത്സവം നടക്കുന്ന ജൂണ്‍ 22 അന്താരാഷ്ട്ര ഭോഗാദിനമായി ആചരിക്കണമെന്ന് കമ്മ്യൂണിസ്റ്റ് ചൈന യുഎന്‍ഒയോട് ആവശ്യപ്പെട്ടേക്കാം. രാഷ്ട്രീയ ഫലിത ബിന്ദുക്കള്‍: സിപിഎം തൊഴിലാളി പാര്‍ട്ടിയാണെന്നു നേതാക്കള്‍! (ഹിന്ദുക്കള്‍ മാത്രമാണ് തൊഴിലാളികളാകുന്നത്. എങ്കില്‍ പിന്നെ ഇതു ഹിന്ദു പാര്‍ട്ടി എന്നു തുറന്നുപറഞ്ഞുകൂടേ?) സിപിഎം ന്യൂനപക്ഷ സംരക്ഷണത്തിനുള്ള പാര്‍ട്ടിയാണെന്നു നേതാക്കള്‍! (മുതലാളിമാര്‍ മുഴുവന്‍ ന്യൂനപക്ഷ മതവിശ്വാസികളാണ്. എങ്കില്‍ പിന്നെ മുതലാളിമാര്‍ക്കുവേണ്ടിയുള്ള പാര്‍ട്ടിയാണെന്നു പറഞ്ഞുകൂടേ?) തൊഴിലാളികളെ (ഭൂരിപക്ഷ സമുദായത്തെ) നേര്‍ച്ചക്കോഴികളാക്കി മുതലാളിമാരെ (ന്യൂനപക്ഷസമുദായങ്ങളെ) സേവിക്കുന്ന പാര്‍ട്ടി! ഒരേ വായില്‍ക്കൂടി ആഹാരവും വിസര്‍ജനവും നടത്തുന്ന നീര്‍നായയെ പാവം മലയാളി ഓര്‍ത്തുപോകുന്നെങ്കില്‍ രക്തസാക്ഷികള്‍ മാപ്പ് നല്‍കുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.