ബോട്ടിലുണ്ടായിരുന്നവര്‍ക്ക് പാക് ഭീകരബന്ധമെന്ന് സൂചന

Tuesday 7 July 2015 1:13 am IST

 

പിടിയിലായ ബോട്ടില്‍ തീരദേശ സംരക്ഷണസേന
പരിശോധന നടത്തുന്നു

കൊച്ചി: ഭാരത സമുദ്രാതിര്‍ത്തിയില്‍വച്ച് കഴിഞ്ഞദിവസം പിടിയിലായ ഇറാനിയന്‍ ബോട്ടിലുണ്ടായിരുന്നവര്‍ക്ക് പാക് ഭീകരബന്ധമെന്ന് സൂചന. ഇറാന്‍ പൗരന്മാരാണെന്ന് അവകാശപ്പെടുന്ന ഇവര്‍ ബലൂചിസ്ഥാന്‍ സ്വദേശികളാണെന്ന് വ്യക്തമായി. ഇറാനിലെ പെണ്‍കുട്ടികളെ വിവാഹം ചെയ്തതുവഴി തങ്ങള്‍ക്ക് ആ രാജ്യത്തെ പൗരത്വം ലഭിച്ചുവെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇതിന്റെ ആധികാരികത പരിശോധിച്ചു വരികയാണ്. മീന്‍പിടിക്കാനാണ് തങ്ങള്‍ എത്തിയതെന്ന് ഇവര്‍ പറയുന്നുണ്ടെങ്കിലും അതിന്റെ ലക്ഷണങ്ങളൊന്നും ബോട്ടിലില്ല.

പിടിച്ച മീനുകളും ഉപകരണങ്ങളും കടലില്‍ ഉപേക്ഷിച്ചെന്നാണ് പിടിയിലായവര്‍ മൊഴി നല്‍കിയിട്ടുള്ളത്. എന്നാല്‍ ഇത് അന്വേഷണ ഉദ്യോഗസ്ഥര്‍ വിശ്വാസത്തിലെടുത്തിട്ടില്ല. എഞ്ചിന്‍ നിലച്ചതുമൂലം ബോട്ട് കടലില്‍ ഒഴുകി നടക്കുകയായിരുന്നുവെന്നും ഉടമയെ അറിയിച്ചപ്പോള്‍ ഇത്രയും ദൂരെയായതിനാല്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നു മറുപടി നല്‍കിയെന്നുമാണ് പറയുന്നത്. എന്നാല്‍ ബോട്ടില്‍ നിന്നു മൂന്നു ദിവസമായി പാകിസ്ഥാനിലേക്ക് വയര്‍ലെസ് സന്ദേശങ്ങള്‍ പോയത് റോ പിടിച്ചടുത്തിട്ടുണ്ട്. ഇറാനി ഭാഷയിലായിരുന്നു ഈ സന്ദേശങ്ങള്‍.

തങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലാണെന്നും മറ്റും ഇവര്‍ വെളിപ്പെടുത്തുന്നുണ്ട്. റോ പിന്നീട് ഈ വിവരങ്ങള്‍ നാവിക സേനക്കും കോസ്റ്റ് ഗാര്‍ഡിനും കൈമാറുകയായിരുന്നു. തുടര്‍ന്നാണ് ബോട്ട് കസ്റ്റഡിയിലെടുത്തത്. നാവികസേനയുടേയും കോസ്റ്റ്ഗാര്‍ഡിന്റയും ബോട്ടുകള്‍ പിന്തുടരുന്നുണ്ടെന്ന് വ്യക്തമായതോടെ ഇവര്‍ കയ്യിലുണ്ടായിരുന്ന ഉപകരണങ്ങള്‍ കടലില്‍ ഉപേക്ഷിച്ചുവെന്നാണ് കരുതുന്നത്. ഇതില്‍ ആയുധങ്ങളുമുണ്ടോയെന്ന് വ്യക്തമല്ല.

പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ ഭീകരാക്രമണ പദ്ധതികളോട് സാമ്യമുള്ള സംഭവമാണ് ഇതെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ വിലയിരുത്തല്‍. മുമ്പ് മുംബൈ ഭീകരാക്രമണ സംഭവത്തില്‍ ഭീകരര്‍ എത്തിയത് മത്സ്യബന്ധന തൊഴിലാളികളുടെ വേഷത്തിലായിരുന്നു. മുംബൈ തീരത്ത് തീരസംരക്ഷണ സേനയുടെ കണ്ണുവെട്ടിച്ച് എത്തിച്ചേരാന്‍ ഭീകരര്‍ക്ക് കഴിഞ്ഞതും ഇതുമൂലം തന്നെ.

പരിശീലനം ലഭിച്ച ഭീകരരെ മറ്റു രാജ്യങ്ങളിലേക്ക് അയച്ച് വിവാഹം വഴി പൗരത്വം സംഘടിപ്പിക്കുന്ന രീതിയും ഐഎസ്‌ഐയുടേതാണ്. ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇതിനായി അവര്‍ ആളുകളെ അയക്കാറുണ്ടെന്നും പറയുന്നു. സമാനമായ രീതിയില്‍ മാസങ്ങള്‍ക്കു മുന്‍പ് ഗുജറാത്ത് തീരത്ത് ഭീകരരുടെ ബോട്ട് കാണപ്പെട്ടെങ്കിലും കോസ്റ്റ്ഗാര്‍ഡ് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് അവര്‍ ബോട്ട് തകര്‍ത്തിരുന്നു. മുംബൈ ഭീകരാക്രമണ മാതൃകയില്‍ കൊച്ചിയിലും ആക്രമണം നടത്താന്‍ പാക് ഭീകര സംഘടനകള്‍ പദ്ധതിയിട്ടിരുന്നതായും നേരത്തെ വെളിപ്പെട്ടിരുന്നു. കൊച്ചി ലക്ഷ്യമാക്കിയാണ് ബോട്ട് എത്തിയതെന്ന് കരുതുന്നു. എന്നാല്‍ ഇവരുടെ ഉദ്ദേശ്യം എന്തായിരുന്നുവെന്ന് വ്യക്തമല്ല.

പിടിയിലായവര്‍ ഇതുവരെ വെളിപ്പെടുത്തിയ കാര്യങ്ങളെല്ലാം നുണയാണെന്നും തെളിഞ്ഞു. അന്താരാഷ്ട്ര തലത്തില്‍ അന്വേഷണം നടത്തേണ്ടതിനാലും ഭീകരബന്ധമുണ്ടെന്ന് വ്യക്തമായതിനാലും കേസ് എന്‍ഐഎക്ക് കൈമാറണമെന്ന് തീരസംരക്ഷണ സേന ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.