ഗോള്‍ഡ് കപ്പിന് നാളെ കിക്കോഫ്

Tuesday 7 July 2015 1:38 am IST

ഫിലാഡല്‍ഫിയ: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് പിന്നാലെ കോണ്‍കാകാഫ് ഗോള്‍ഡ് കപ്പ് തുടങ്ങുന്നു. നാളെ ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.30ന് ആദ്യ കിക്കോഫ്. ഉദ്ഘാടന മത്സരത്തില്‍ പനാമയും ഹെയ്തിയും ഏറ്റുമുട്ടും. അന്ന് തന്നെ നടക്കുന്ന രണ്ടാം മത്സരത്തില്‍ ആതിഥേയരും നിലവിലെ ചാമ്പ്യന്മാരുമായ അമേരിക്കയും ഹോണ്ടുറാസും തമ്മില്‍ പോരടിക്കും. അമേരിക്കയിലും കാനഡയിലുമായാണ് ഇത്തവണത്തെ ഗോള്‍ഡ് കപ്പ്. ഉത്തര, മധ്യ അമേരിക്കയിലെയും കരീബിയന്‍ ദ്വീപുകളില്‍നിന്നുമായി 12 ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. 14 സ്‌റ്റേഡിയങ്ങളിലായി 26 മത്സരങ്ങളാണ് നടക്കുന്നത്. ഫൈനല്‍ ജൂലൈ 27ന് പുലര്‍ച്ചെ 5ന് ഫിലാഡല്‍ഫിയയില്‍ നടക്കുന്ന ഫൈനല്‍ മത്സരത്തോടെ ഗോള്‍ഡ് കപ്പിന് തിരശ്ശീല വീഴും. ഗ്രൂപ്പ് എയില്‍ നിലവിലെ ചാമ്പ്യന്മാരാ അമേരിക്കക്ക് പുറമെ പനാമ, ഹെയ്തി, ഹോണ്ടുറാസ് ടീമുകളാണ് അണിനിരക്കുന്നത്. ഗ്രൂപ്പ് ബിയില്‍ കോസ്റ്ററിക്ക, എല്‍സാല്‍വഡോര്‍, ജമൈക്ക, സഹആതിഥേയരായ കാനഡ, ഗ്രൂപ്പ് സിയില്‍ മെക്‌സിക്കോ, ഗ്വാട്ടിമാല, ട്രിനിഡാഡ് ആന്റ് ടുബാഗോ, ക്യൂബ എന്നീ ടീമുകളും പോരാട്ടത്തിനിറങ്ങും. ഓരോ ഗ്രൂപ്പില്‍നിന്നും ആദ്യ രണ്ട് സ്ഥാനക്കാര്‍ ക്വാര്‍ട്ടറിലേക്ക് നേരിട്ട് യോഗ്യതനേടും. മികച്ച പ്രകടനം നടത്തുന്ന രണ്ട് മൂന്നാംസ്ഥാനക്കാര്‍ക്കും ക്വാര്‍ട്ടറിലേക്ക് പ്രവേശനം ലഭിക്കും. 19, 29 തീയതികളില്‍ ക്വാര്‍ട്ടര്‍ ഫൈനലും 23ന് സെമിയും 26ന് ലൂസേഴ്‌സ് ഫൈനലും നടക്കും. 1991-ല്‍ ആരംഭിച്ച കോണ്‍കാകാഫ് ഗോള്‍ഡ് കപ്പിന്റെ 13-ാമത് പതിപ്പാണ് ഇത്തവണ അരങ്ങേറുന്നത്. ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയത് മെക്‌സിക്കോയാണ്. ആറ് തവണ. 1993, 1996, 1998, 2003, 2009, 2011 എന്നിവര്‍ഷങ്ങളിലായിരുന്നു അവരുടെ കിരീടധാരണം. 2007-ല്‍ റണ്ണേഴ്‌സപ്പുമായി. കിരീട നേട്ടത്തില്‍ രണ്ടാം സ്ഥാനത്ത് അമേരിക്കയാണ്. അഞ്ച് തവണയാണ് അവര്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായത്. 1991, 2002, 2005, 2007, 2013 ടൂര്‍ണമെന്റുകളില്‍. 1993, 1998, 2009, 2011 ചാമ്പ്യന്‍ഷിപ്പുകളില്‍ റണ്ണേഴ്‌സുമായി. 2000-ല്‍ ജേതാക്കളായ കാനഡയാണ് കിരീടം നേടിയ മറ്റൊരു ടീം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.