കൊച്ചി: പ്രമുഖ സ്പോര്‍ട്സ് ലേഖകന്‍ വി.രാജഗോപാല്‍ (63) അന്തരിച്ചു. ഇന്ന് രാവിലെ ഒമ്പതിന് കൊച്ചിയിലെ പിവിഎസ് ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട് സ്വദേശിയാണ്.
മാതൃഭൂമി മുന്‍ ഡപ്യൂട്ടി എഡിറ്ററായിരുന്ന രാജഗോപാല്‍ മാതൃഭൂമിയില്‍ നിന്നും വിരമിച്ച ശേഷം ടിവി ന്യു ചാനലിന്റെ എഡിറ്ററായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ആറ് ഏഷ്യാഡും ഒരു യൂത്ത് ഒളിംപിക്സും ഇദ്ദേഹം മാതൃഭൂമിക്ക് വേണ്ടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ദീര്‍ഘകാലം മാതൃഭൂമി വാരാന്തപ്പതിപ്പില്‍ ഒളിമ്പ്യന്‍ എന്ന പേരില്‍ സ്പോര്‍ട്സ് കോളം കൈകാര്യം ചെയ്തിരുന്നു.
പ്രമുഖ അന്താരാഷ്ട്ര സ്പോര്‍ട്സ് അവാര്‍ഡായ ലോറസിന്റെ അന്താരാഷ്ട്ര സെലക്ഷന് പാനലില്‍ തുടര്‍ച്ചയായ പന്ത്രണ്ട് വര്‍ഷം അംഗമായിരുന്നു. പി.ടി.ഉഷയെ കുറിച്ചുള്ള ‘ഒരേയൊരു ഉഷ’ ഉള്‍പ്പടെ നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. കേരള പ്രസ് അക്കാഡമി ജനറല്‍ കൗണ്‍സില്‍ അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
രണ്ടു തവണ കേരള സ്പോര്‍ട്സ് കൗണ്‍സിലിന്റെ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: