ബിജെപിയുടെ വളര്‍ച്ച തടയുക ലക്ഷ്യമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ

Tuesday 7 July 2015 7:44 pm IST

ന്യൂദല്‍ഹി: കേരളത്തിലെ ബിജെപിയുടെ വളര്‍ച്ച ഏതുവിധേനയും തടയുകയാണ് പാര്‍ട്ടിയുടെ പ്രഥമ ലക്ഷ്യമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. ബിജെപി വളര്‍ച്ച തടയാന്‍ അടിയന്തിര നടപടികള്‍ കൈക്കൊള്ളാന്‍ സംസ്ഥാന ഘടകത്തിന് പോളിറ്റ് ബ്യൂറോ നിര്‍ദ്ദേശം നല്‍കി. ബിജെപിയെ ഫലപ്രദമായി ചെറുക്കാന്‍ സിപിഎം ഒരുങ്ങും. സംസ്ഥാനത്തെ മതസൗഹാര്‍ദ്ദം തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അരുവിക്കരയില്‍ ബിജെപി വര്‍ഗ്ഗീയ ധ്രുവീകരണമുണ്ടാക്കിയെന്നും പിബി വിലയിരുത്തി. അരുവിക്കരയില്‍ പാര്‍ട്ടി ഐക്യത്തോടെയാണ് പ്രവര്‍ത്തിച്ചതെന്നും ഐക്യം കൂടുതല്‍ ശക്തമാക്കണമെന്നും പോളിറ്റ് ബ്യൂറോ കേരള ഘടകത്തോട് ആവശ്യപ്പെട്ടു. പാര്‍ട്ടിക്കുള്ളില്‍ ഐക്യമില്ലെന്ന ആരോപണത്തെ പി.ബി തള്ളിക്കളഞ്ഞിട്ടുണ്ട്. പാര്‍ട്ടിയിലെ ഐക്യം ശക്തമാക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കഴിഞ്ഞ ദിവസം അരുവിക്കര തോല്‍വി സംബന്ധിച്ചു നടത്തിയ പോളിറ്റ് ബ്യൂറോയിലെ ചര്‍ച്ചകള്‍ക്ക് ശേഷം ബിജെപിയെ എതിര്‍ക്കണമെന്ന നിലപാടുമായാണ് സിപിഎം ഇന്നലെ രംഗത്തെത്തിയത്. നേരത്തെ കോണ്‍ഗ്രസ് ദേശീയ നേതൃത്വവും സമാന നിലപാട് അറിയിച്ചിരുന്നു. ബിജെപിയെ നേരിടാന്‍ സിപിഎം കോണ്‍ഗ്രസിന്റെ സഹായം തേടണമെന്ന് കോണ്‍ഗ്രസ് അച്ചടക്കസമിതി അധ്യക്ഷന്‍ എ.കെ ആന്റണി പ്രസ്താവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സിപിഎം ദേശീയ നേതൃത്വവും ബിജെപിയുടെ വളര്‍ച്ച തടയണമെന്ന നിലപാട് പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.