പട്ടത്താനം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം

Tuesday 7 July 2015 8:08 pm IST

കൊല്ലം ജില്ലയില്‍ കടപ്പാക്കടയില്‍ സ്ഥിതി ചെയ്യുന്ന പട്ടത്താനം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിന് അതിപ്രധാനമായ ഒരു സ്ഥാനമാണുള്ളത്. 75 വര്‍ഷങ്ങള്‍ക്ക് മുമ്പ് കടപ്പാക്കടയില്‍ പട്ടത്താനത്ത് ആലിന്‍ചുവട്ടില്‍ സ്ഥാപിച്ചിരുന്ന കളിമണ്‍ കൃഷ്ണവിഗ്രഹത്തിന് മുമ്പില്‍ വിളക്ക് തെളിയിക്കല്‍ മാത്രം മുടങ്ങാതെ നടന്നുവരികയും പിന്നീടത് ക്ഷേത്രമായി പണികഴിപ്പിച്ച് ആചാരവിധിപ്രകാരം ജലത്തില്‍ നിന്നും ഉയര്‍ന്നുവന്നിട്ടുള്ള പീഠത്തില്‍ പ്രതിഷ്ഠ നടത്തിയിട്ടുള്ളതും ഇവിടത്തെ പ്രധാന പ്രത്യേകതയാണ്. വലതുകാല്‍ ചവിട്ടി ഓടക്കുഴല്‍ കയ്യിലേന്തി നിലയുറപ്പിച്ചിട്ടുള്ള ഒരപൂര്‍വ്വ കൃഷ്ണവിഗ്രഹമാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ഉപദേവതകളായി ഗണപതിയും നാഗരാജാവും നാഗയക്ഷിയും നാഗകന്യകയും യോഗീശ്വരനും ബ്രഹ്മരക്ഷസും നിലകൊള്ളുന്നു. കൂടാതെ അതിപ്രധാനമായ വളരെയധികം പഴക്കം ചെന്ന ചിത്രങ്ങള്‍ അടങ്ങിയ പുരാതനമായ പൂജാമുറിയും ഇവിടുത്തെ പ്രത്യേകതയാണ്. എല്ലാ വര്‍ഷവും വിനായകചതുര്‍ത്ഥി ഊരുവലത്തോടു കൂടി ആനയൂട്ടും ഗജപൂജയും നടത്തി ആഘോഷിക്കുകയും ചെയ്യുന്നു. കൂടാതെ വൃശ്ചികമാസം ഭക്തജനങ്ങളുടെ നേര്‍ച്ചയായി അറുപത്തിയൊന്ന് ദിവസത്തെ ചിറപ്പ് മഹോത്സവമായും മേടം 9,10,11 തീയതികളില്‍ വിപുലമായ ഉത്സവ പരിപാടികളും നടത്തിവരുന്നു. കഴിഞ്ഞ പതിമൂന്ന് വര്‍ഷമായി ഉത്സവദിവസം നടത്തിവരുന്ന സമൂഹവിഷ്ണു സഹസ്രനാമാര്‍ച്ചന വളരെ പ്രസിദ്ധമാണ്. ക്ഷേത്രത്തില്‍ പുതിയതായി നിര്‍മിച്ച ഗണപതി ശ്രീകോവിലിന്റെ പ്രതിഷ്ഠാ കര്‍മ്മവും കാണിക്കവഞ്ചിയും ക്ഷേത്രം വലംവയ്ക്കാന്‍ നടപ്പാതയും സമര്‍പ്പിച്ചത്  വിപുലമായ പരിപാടികളോടെയായിരുന്നു. ക്ഷേത്രം ട്രസ്റ്റ് പുറത്തിറക്കിയ വൃന്ദാവന ഗീതങ്ങള്‍ എന്ന ഗാനോപഹാരം പ്രകാശനം ചെയ്തത് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ മഹാരാജാവാണ്. ഇപ്പോള്‍ ഈ ക്ഷേത്രം ഒരു സ്വകാര്യ ട്രസ്റ്റ് ആയി ഭക്തജനങ്ങളുടെ സഹകരണത്തോടെ പ്രവര്‍ത്തിച്ചു വരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.