പത്തനംതിട്ട: പൂനെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അന്തര്‍സര്‍വ്വകലാശാല ജ്യോതിശാസ്ത്ര പഠന കേന്ദ്രവും കോഴഞ്ചേരി സെന്റ് തോമസ് കോളേജും സംയുക്തമായി കോട്ടയത്ത് ദ്വിദിന ജ്യോതിശാസ്ത്ര പഠന ശില്‍പ്പശാല സംഘടിപ്പിക്കും. നാളെമുതല്‍ 11വരെ കോട്ടയം സിഎംഎസ് കോളേജില്‍ നടക്കുന്ന ശില്‍പ്പശാലയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ പങ്കെടുക്കും.
ജ്യോതിശാസ്ത്ര പഠനമേഖലയിലെ പ്രമുഖ പ്രൊഫസര്‍മാരായ അജിത്ത് കെമ്പാവി (പൂന), രംജീവ് മിശ്ര, രഞ്ജന്‍ ഗുപ്ത, പി.പി.ദിവാകരന്, രാമപ്രകാശ്, എസ്.കെ.പാണ്ഡെ(വൈസ് ചാന്‍സലര്‍ റായ്പൂര്‍ യൂണിവേഴ്സിറ്റി), സൈലോ മുഖര്‍ജി, എച്ച്.പി സിംഗ്, കെ.ഇന്ദുലേഖ, ഷിലു എബ്രഹാം , ഡോ. കൗസ്തുഫ് വഗ്മെയര് തുടങ്ങിയവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. ജ്യോതിശാസ്ത്ര പഠന മേഖലയെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്നതിനായി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന വാന നിരീക്ഷകരോടൊപ്പം ഒരു ദിനം. എന്ന പരിപാടിയും ഇതോടൊപ്പം നടക്കും.
സമ്മേളനത്തില്‍ അന്തര്‍ സര്‍വ്വകലാശാല ജ്യോതിശാസ്ത്ര പഠന കേന്ദ്രം ഡയറക്ടര്‍ ഡോ.അജിത്ത് കെമ്പാവിയെ ആദരിക്കും. നാളെ കോട്ടയം സിഎംഎസ് കോളേജില്‍ നടക്കുന്ന ശില്‍പ്പശാലയുടെ ഉദ്ഘാടനം ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മെത്രാപ്പൊലീത്ത നിര്‍വ്വഹിക്കും. സിഎംഎസ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.റോയി സാം ഡാനിയേല്‍ അദ്ധ്യക്ഷതവഹിക്കും.
സമാപന സമ്മേളനം 11 ന് വൈകിട്ട് 4 മണിക്ക് കോഴഞ്ചേരി സെന്റ് തോമസ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.റോയ്സ് മല്ലശ്ശേരി ഉദ്ഘാടനം ചെയ്യും. അന്തര്‍ സര്‍വ്വകലാശാല ജ്യോതിശാസ്ത്ര പഠന കേന്ദ്രത്തിന്റെ സംസ്ഥാനത്തെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് 1996 മുതല്‍ നടന്നുവരുന്നത് കോഴഞ്ചേരി സെന്റ് തോമസ് കോളേജിലാണ്.
പത്രസമ്മേളനത്തില്‍ കോഴഞ്ചേരി സെന്റ് തോമസ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.റോയ്സ് മല്ലശ്ശേരി, കോര്‍ഡിനേറ്റര്‍ ഡോ.നൈനാന് സജിത്ത് ഫിലിപ്പ് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: