വിംബിള്‍ഡണ്‍: ഡോക്കോവിച്ച്, ഫെഡറര്‍ മുന്നോട്ട്

Tuesday 7 July 2015 8:40 pm IST

ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പറും നിലവിലെ ചാമ്പ്യനുമായ സെര്‍ബിയയുടെ നൊവാക്ക് ഡോക്കോവിച്ച്, രണ്ടാം നമ്പര്‍ സ്വിസ്സ് ഇതിഹാസം റോജര്‍ ഫെഡറര്‍ എന്നിവര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ഡോക്കോവിച്ച് പതിനാലാം സീഡ് ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്‌സന്റെ കനത്ത വെല്ലുവിളി മറികടന്നാണ് ക്വാര്‍ട്ടറിലേക്ക് കുതിച്ചത്. മത്സരം അഞ്ച് സെറ്റ് നീണ്ടു. മൂന്ന് മണിക്കൂറും 49 മിനിറ്റും നീണ്ടുനിന്ന പോരാട്ടത്തില്‍ 6-7 (6-8), 6-7 (6-8), 6-1, 6-4, 7-5 എന്ന സ്‌കോറിനായിരുന്നു ഡോക്കോയുടെ വിജയം. ടൈബ്രേക്കറിലേക്ക് നീണ്ട പോരാട്ടത്തിനൊടുവില്‍ ആദ്യ രണ്ട് സെറ്റും നേടി ദക്ഷിണാഫ്രിക്കന്‍ താരം കെവിന്‍ ആന്‍ഡേഴ്‌സണ്‍ വമ്പന്‍ അട്ടിമറിയുടെ ലക്ഷണം കാണിച്ചു. എന്നാല്‍ തുടര്‍ന്നുള്ള മൂന്ന് സെറ്റുകളില്‍ ഉജ്ജ്വലഫോമിലേക്കുയര്‍ന്ന ഡോക്കോ വിജയം സ്വന്തമാക്കുകയായിരുന്നു. റോജര്‍ ഫെഡറര്‍ സ്പാനിഷ് താരം റോബര്‍ട്ടോ ബോറ്റിസ്റ്റയെ 6-2, 6-2, 6-3 എന്ന ക്രമത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അവസാന എട്ടിലേക്ക് കുതിച്ചത്. മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ ലിയാണ്ടര്‍ പേസ്- സ്വിസ് താരം മാര്‍ട്ടിന ഹിംഗ്‌സ് സഖ്യം ക്വാര്‍ട്ടറിലെത്തി. ന്യൂസിലാന്‍ഡ് ജോഡികളായ ആര്‍ട്ടെം സിറ്റാക്, അനസ്താസിയ റോഡിയോനോവ സഖ്യത്തെ 6-2, 6-2 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.