കോച്ച്‌ ഫാക്ടറി ഓഫീസ്‌ നിര്‍ത്തി

Thursday 30 June 2011 10:17 pm IST

പാലക്കാട്‌: നിര്‍ദിഷ്ട റെയില്‍വെ കോച്ച്‌ ഫാക്ടറിക്കായി സ്ഥലം ഏറ്റെടുക്കുന്നതിന്‌ വേണ്ടി തുടങ്ങിയ ഓഫീസ്‌ മുന്നറിയിപ്പില്ലാതെ നിര്‍ത്തലാക്കി. ഇടത്‌ സര്‍ക്കാരില്‍ റവന്യൂ മന്ത്രിയായിരുന്ന കെ.പി.രാജേന്ദ്രനാണ്‌ ഓഫീസ്‌ ഉദ്ഘാടനം ചെയ്തത്‌. കോച്ച്‌ ഫാക്ടറിക്കായി സംസ്ഥാന സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്ത്‌ നല്‍കുന്നതിനായി ത്വരിതഗതിയിലുള്ള പ്രവര്‍ത്തനങ്ങളാണ്‌ നടത്തിയിരുന്നത്‌. ഇതിനുവേണ്ടി ഒരു ഡെപ്യൂട്ടി കളക്ടര്‍ ഉള്‍പ്പെടെ 38 ജീവനക്കാരെ അടിയന്തരമായി നിശ്ചയിക്കുകയും ചെയ്തിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത്‌ നിന്നും കോച്ച്‌ ഫാക്ടറിക്ക്‌ വേണ്ടിയുള്ള പ്രവര്‍ത്തനത്തില്‍ തടസം ഉണ്ടാകരുതെന്ന നിലപാടാണ്‌ ഉണ്ടായിരുന്നത്‌. സ്ഥലം കണ്ടെത്തിയതിനെ തുടര്‍ന്നാണത്രെ ഓഫീസിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുവാന്‍ തീരുമാനിച്ചത്‌. എന്നാല്‍ കഴിഞ്ഞ രണ്ട്‌ വര്‍ഷമായി കോച്ച്‌ ഫാക്ടറിയുടെ കാര്യത്തില്‍ റെയില്‍വെയുടെ ഭാഗത്ത്‌ നിന്നും ഒരു വിരലനക്കം പോലും ഉണ്ടായിട്ടില്ല. ജീവനക്കാരെ ഇനി കലക്ടറേറ്റില്‍ തിരികെ നിയമിക്കേണ്ടതായി വരും. അട്ടപ്പാടിയിലെ സര്‍വെ നടത്തിയിരുന്നതും ഇതേ ഓഫീസിലെ ജീവനക്കാരായിരുന്നു. ഓഫീസ്‌ നിര്‍ത്തലാക്കിയതോടെ സര്‍വെയും അവതാളത്തിലാകും.