മോദി കസാഖിസ്ഥാനില്‍ 'ഇസ്ലാമിക പാരമ്പര്യം ഭീകരവാദത്തെ നിരാകരിക്കുന്നത് '

Tuesday 7 July 2015 10:35 pm IST

അസ്താന: ഭാരതത്തിലെയും മധ്യേഷ്യയിലെയും ഇസ്ലാമിക പാരമ്പര്യം ഭീകരവാദത്തെ നിരാകരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അസ്ഥിരതയുടെ കാലഘട്ടത്തിലാണ് നാം. ഭീകരവാദം എല്ലാവര്‍ക്കും ഭീഷണിയാണ്. സൈബര്‍ ലോകം ഭീകരവാദത്തിന്റെ അതിര്‍ത്തികള്‍ മായ്ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കസാഖിസ്ഥാനിലെ അസ്താനയില്‍ നസര്‍ബയേവ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. മധ്യേഷ്യന്‍ രാജ്യങ്ങളിലെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്നലെ പ്രധാനമന്ത്രി കസാഖിസ്ഥാനിലെത്തി. തലസ്ഥാനമായ അസ്താനയില്‍ മോദിക്ക് ആചാരപരമായ വരവേല്‍പ്പ് ലഭിച്ചു. കസാഖ് പ്രധാനമന്ത്രി കരിം മാസിമോവുമായി പ്രാഥമിക ചര്‍ച്ച നടത്തിയ മോദി, ഇന്ന് പ്രസിഡന്റ് നസര്‍ബയേവുമായി കൂടിക്കാഴ്ച നടത്തും. നസര്‍ബയേവ് യൂണിവേഴ്‌സിറ്റിയിലായിരുന്നു പ്രധാനമന്ത്രിക്ക് ആദ്യ ചടങ്ങ്. പ്രതിരോധ-സുരക്ഷാ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കാന്‍ നടപടിയുണ്ടാകുമെന്ന് ചടങ്ങില്‍ മോദി പറഞ്ഞു. ഭീകരവാദത്തിനെതിരേ ഒരുമിച്ച് പോരാടി മനുഷ്യരാശിയോടുള്ള ഉത്തരവാദിത്വം നിറവേറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രാദേശിക സഹകരണം, ഇരുപത്തിയൊന്നാം നൂറ്റാണ്ടിനായി സില്‍ക്ക് റൂട്ട് സ്ഥാപിക്കല്‍, ഭാരതവും മധ്യേഷ്യന്‍ രാജ്യങ്ങളുമായുള്ള സാമ്പത്തിക സഹകരണം തുടങ്ങിയ വിഷയങ്ങളും അര മണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍ പ്രധാനമന്ത്രി പരാമര്‍ശിച്ചു. നേരത്തെ, ഉസ്‌ബെക്കിസ്ഥാനിലെ അവസാന ചടങ്ങില്‍ ഭാരത വംശജര്‍, വിവിധ സര്‍വകലാശാലകളിലെ ഹിന്ദി വിദ്യാര്‍ഥികള്‍, ഭാരതത്തെക്കുറിച്ച് ഗവേഷണം നടത്തുന്നവര്‍ തുടങ്ങിയവരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. വിദേശത്ത് ഒരേ ഭാഷ അപരിചിതരെ ബന്ധിപ്പിക്കുമെന്നും, വ്യക്തിത്വ വികസനത്തില്‍ ഭാഷകള്‍ക്ക് പ്രധാന പങ്കുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഉസ്‌ബെക്ക് റേഡിയോയില്‍ ഹിന്ദി പ്രക്ഷേപണം തുടങ്ങിയതിന്റെ 50-ാം വാര്‍ഷികം 2012ല്‍ ആഘോഷിച്ച കാര്യവും പ്രധാനമന്ത്രി അനുസ്മരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.