പശ്ചിമഘട്ട സംരക്ഷണം അന്തിമ വിജ്ഞാപനം സപ്തംബര്‍ 9നകം

Tuesday 7 July 2015 10:31 pm IST

ന്യൂദല്‍ഹി: പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല മേഖലകള്‍ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് നടപ്പാക്കുന്നതു സംബന്ധിച്ച അന്തിമ വിജ്ഞാപനം സപ്തംബര്‍ 9നകം ഉണ്ടാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ജൂലൈ 31ന് മുമ്പായി പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശവും നല്‍കി. ഇന്നലെ പശ്ചിമഘട്ടവുമായി ബന്ധപ്പെട്ടുള്ള സംസ്ഥാനങ്ങളിലെ വനം-പരിസ്ഥിതി മന്ത്രിമാരുടെ യോഗത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിച്ചത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ജനങ്ങള്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് കേന്ദ്രവനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. പശ്ചിമഘട്ട മേഖലകളിലെ മലിനീകരണത്തിനും വാണിജ്യാടിസ്ഥാനത്തിലുള്ള ഖനന പ്രവര്‍ത്തനങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ഉണ്ടാകും. എന്നാല്‍ സാധാരണക്കാരായ ജനങ്ങള്‍ ആശങ്കപ്പെടേണ്ട യാതൊന്നും ഇതിലില്ലെന്നും ജാവദേക്കര്‍ പറഞ്ഞു. കര്‍ണ്ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതു സംബന്ധിച്ച നിലപാട് അറിയിക്കാന്‍ വൈകുന്നതാണ് അന്തിമ വിജ്ഞാപനം താമസിക്കാന്‍ കാരണം. കേരളം, ഗോവ, ഗുജറാത്ത്, തമിഴ്‌നാട് എന്നീ നാലു സംസ്ഥാനങ്ങളും റിപ്പോര്‍ട്ട് സമര്‍പ്പിച്ചു കഴിഞ്ഞു. എല്ലാ സംസ്ഥാനങ്ങളുടേയും മറുപടി ലഭിച്ചാല്‍ മാത്രമേ അന്തിമ തീരുമാനം സ്വീകരിക്കാനാകൂ. അതിനായാണ് ജൂലൈ 31 വരെ വീണ്ടും സമയം നല്‍കിയത്. പശ്ചിമഘട്ട മേഖലയില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം കണക്കിലെടുക്കാതെ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് ഉചിതമായ തീരുമാനം കൈക്കൊള്ളാമെന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കിയിട്ടുണ്ട്. പരിസ്ഥിതിലോല മേഖലയായി നിര്‍ണ്ണയിച്ചിരിക്കുന്ന പശ്ചിമഘട്ടത്തിലെ പ്രദേശങ്ങളില്‍ 1986-ലെ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം തീരുമാനമെടുക്കാനുള്ള അധികാരം കേന്ദ്ര വനം-പരിസ്ഥിതി മാന്ത്രാലയത്തിനാണ്. പശ്ചിമഘട്ടമേഖലയില്‍ 56000 പരിസ്ഥിതി ലോല പ്രദേശങ്ങളുള്ളതായിട്ടാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങള്‍കൂടി കണക്കിലെടുത്ത് പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല മേഖലകള്‍ പൂര്‍ണ്ണമായും സംരക്ഷിക്കുന്നതിനുള്ള അന്തിമവിജ്ഞാപനം പുറപ്പെടുവിക്കാനുള്ള തയാറെടുപ്പിലാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം. അന്തിമ വിജ്ഞാപനം വരുന്നതോടെ പശ്ചിമഘട്ട മേഖലയിലെ അനിയന്ത്രിതമായ കടന്നുകയറ്റങ്ങള്‍ക്ക് വിരാമമാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.