ബിഎസ്എന്‍എല്‍ ലാന്റ് ഫോണിലും ഇനി വീഡിയോ കോളിങ്

Wednesday 8 July 2015 9:34 pm IST

കൊച്ചി: ലാന്റ് ഫോണില്‍ പരസ്പരം കണ്ട് സംസാരിക്കുന്നത് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ ബിഎസ്എന്‍എല്‍ തയ്യാറെടുക്കുന്നു. ബിഎസ്എന്‍എല്‍ എക്‌സ്‌ചേഞ്ചുകളിലെ ഡിജിറ്റല്‍ സ്വിച്ചുകളുടെ സ്ഥാനത്ത് ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ സ്വിച്ചുകള്‍ സ്ഥാപിച്ചാണ് ആധുനിക സൗകര്യങ്ങള്‍ ലഭ്യമാക്കുന്നത്. ബിഎസ്എന്‍എല്‍ ടെലഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ ന്യൂ ജനറേഷന്‍ നെറ്റ് വര്‍ക്ക് തലത്തിലേക്ക് ഉയര്‍ത്തുന്നതോടെയാണ് വീഡിയോ കോളിങ് അടക്കമുള്ള സൗകര്യങ്ങള്‍ ലാന്റ് ഫോണുകളില്‍ ലഭ്യമാകുക. മറ്റു ലാന്റ് ഫോണുകളും മൊബൈല്‍ ഫോണുകളും ഉള്‍പ്പെടെയുള്ളവയിലേക്കുള്ള വീഡിയോ കോണ്‍ഫറന്‍സിങ്, രാജ്യത്ത് എവിടെയുമുള്ള ലാന്റ് ഫോണുകള്‍ ബന്ധിപ്പിച്ചുള്ള ക്ലോസ്ഡ് യൂസര്‍ ഗ്രൂപ്പുകള്‍, അതിവേഗ ഇന്റര്‍നെറ്റ് തുടങ്ങി ഒട്ടനവധി സൗകര്യങ്ങളാണ് ന്യൂ ജനറേഷന്‍ നെറ്റ് വര്‍ക്ക് എക്‌സ്‌ചേഞ്ചുകള്‍ക്കു കീഴിലെ ലാന്റ് ലൈനുകള്‍ക്കു ലഭിക്കുക. ഈ എക്‌സ്‌ചേഞ്ചുകളിലെ ഡിജിറ്റല്‍ സ്വിച്ചുകള്‍ക്കു പകരം ഐ.പി. സ്വിച്ചുകള്‍ സ്ഥാപിച്ചാണ് ന്യൂ ജനറേഷന്‍ നെറ്റ് വര്‍ക്ക് സാധ്യമാക്കുന്നത്. എറണാകുളത്തെ കുമ്പളങ്ങി, ഇടക്കൊച്ചി, പള്ളുരുത്തി എക്‌സ്‌ചേഞ്ചുകളില്‍ ഈ സംവിധാനം സ്ഥാപിച്ചു കഴിഞ്ഞു. വൈറ്റിലയില്‍ ഇതിനായുള്ള ജോലികള്‍ നടന്നു വരികയാണ്. പള്ളുരുത്തി എക്‌സ്‌ചേഞ്ചിലെ ലാന്റ് ഫോണുകളില്‍ നിന്ന് വീഡിയോ കോളിങ് സംവിധാനം പരീക്ഷിച്ചു കഴിഞ്ഞതായി ബിഎസ്എന്‍എല്‍ എറണാകുളം പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ ജി. മുരളീധരന്‍ പറഞ്ഞു. മറ്റ് എക്‌സ്‌ചേഞ്ചുകളില്‍ കൂടി ഈ സംവിധാനം ഏര്‍പ്പെടുത്തിയ ശേഷമേ ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ലഭ്യമാക്കിയിട്ടുള്ള വീഡിയോ കോളിങ് വാണിജ്യാടിസ്ഥാനത്തില്‍ ലഭ്യമാക്കുകയുള്ളു. എറണാകുളത്തെ 13 എക്‌സ്‌ചേഞ്ചുകളില്‍ സംവിധാനം ഏര്‍പ്പെടുത്താനാണ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ മൊബൈല്‍ ഫോണുകളില്‍ ലഭ്യമായിട്ടുള്ള വീഡിയോ കോളിങ് സംവിധാനം അതിലും മികച്ച രീതിയില്‍ ലഭിക്കുന്ന സാഹചര്യമാവും ന്യൂ ജനറേഷന്‍ നെറ്റ് വര്‍ക്ക് എക്‌സ്‌ചേഞ്ചുകള്‍ നിലവില്‍ വരുന്നതോടെ ഉടലെടുക്കുക. മൊബൈല്‍ ഫോണുകളിലെ കോളുകള്‍ ഇടയ്ക്കു വെച്ചു മുറിഞ്ഞു പോകുന്ന കോള്‍ ഡ്രോപ്പിങ് ഒഴിവാക്കാനായി ടവറുകളിലെ ട്രാഫിക് തിരിച്ചു വിടുന്ന സംവിധാനം ഏര്‍പ്പെടുത്തും. എറണാകുളം സെക്കണ്ടറി സ്വിച്ചിങ് ഏരിയയ്ക്കു കീഴില്‍ ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ 4365 ലാന്‍ഡ് ഫോണുകളും 5900 ബ്രോഡ്ബാന്റ് കണക്ഷനുകളും നല്‍കി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 15,383 ലാന്‍ഡ് ലൈനുകളാണ് ഇവിടെ നിന്നു നല്‍കിയത്. എട്ടു ശതമാനം വര്‍ധനവോടെ 484 കോടി രൂപ വരുമാനവും ഉണ്ടാക്കി. ഈ വര്‍ഷം 600 കോടി രൂപയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.