നിഗൂഢ അറയില്‍ 20,000 കോടിയുടെ നിധിശേഖരം

Friday 1 July 2011 10:18 am IST

തിരുവനന്തപുരം : സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നടക്കുന്ന നിലവറ പരിശോധനയില്‍ നാലാം ദിവസം സഹസ്രകോടികളുടെ നിധിശേഖരം കണ്ടെത്തി. രണ്ടായിരത്തിലധികം വരുന്ന രത്നങ്ങള്‍ പതിച്ച മാലകള്‍, ചാക്കുകണക്കിന്‌ രത്നങ്ങള്‍, സ്വര്‍ണദണ്ഡുകള്‍, സ്വര്‍ണ കട്ടികള്‍, സ്വര്‍ണ കയര്‍, നെല്‍മണിയുടെ വലിപ്പമുള്ള സ്വര്‍ണതരികളുടെ വന്‍ ശേഖരം, കിരീടങ്ങള്‍, വീരശൃംഖലകള്‍ എന്നിവ കണ്ടെത്തിയിട്ടുണ്ട്‌. ഗ്രാനൈറ്റ്‌ പാകിയ നിലവറയില്‍ നിന്നും കണ്ടെടുത്ത സ്വര്‍ണത്തിന്റെ 30 ശതമാനം മാത്രമേ പുറത്തെത്തിക്കാനായുള്ളൂ. ഇതിന്റെ യഥാര്‍ത്ഥ മൂല്യം 20000 കോടിയില്‍ കൂടുതല്‍ വരുമെന്നാണ്‌ സൂചന.
136 വര്‍ഷമായി തുറക്കാതിരുന്ന എ എന്ന നിലവറയുടെ വാതില്‍ ഗ്യാസ്‌ കട്ടര്‍ ഉപയോഗിച്ച്‌ പൊളിച്ച ശേഷമാണ്‌ സമിതി അംഗങ്ങള്‍ പരിശോധന നടത്തിയത്‌. എ എന്ന അറ ബുധനാഴ്ച തുറന്നിരുന്നുവെങ്കിലും ഉള്ളില്‍ ചെറിയ അറയും വാതിലും കണ്ടതിനെത്തുടര്‍ന്ന്‌ വിശദ പരിശോധന ഇന്നത്തേക്ക്‌ മാറ്റുകയായിരുന്നു. ഒന്നര മീറ്റര്‍ ഉയരവും മൂന്ന്‌ മീറ്റര്‍ വീതിയുമുള്ള നീളമേറിയ നിലവറയില്‍ കണ്ടെത്താ ദൂരത്തോളം സ്വര്‍ണ നിധിശേഖരം കണ്ടെത്തുകയായിരുന്നു. നിലവറയില്‍ ഒരു ഭാഗത്ത്‌ മണ്ണിടിഞ്ഞ്‌ സ്വര്‍ണശേഖരത്തിലേക്ക്‌ വീണിരുന്നു. വന്‍ വൃക്ഷത്തിന്റെ വേരുകളും സ്വര്‍ണശേഖരത്തില്‍ പടര്‍ന്നു കയറിയ അവസ്ഥയുണ്ടായിരുന്നു.
നിലവറയില്‍ കണ്ടെത്തിയ രത്നങ്ങള്‍ ബെല്‍ജിയം രത്നങ്ങളാണെന്നാണ്‌ പ്രാഥമിക നിഗമനം. ലോകത്ത്‌ ഏറ്റവും വിലമതിക്കുന്ന അമൂല്യ രത്നങ്ങളാണിവ. മാലകളില്‍ 2 കിലോ 300ഗ്രാം വരുന്ന നാല്‌ മാലകള്‍ കണ്ടെടുത്തു. കണ്ടെടുത്തതില്‍ വച്ച്‌ ഏറ്റവും ഭാരമേറിയ മാലകളാണിത്‌. കഴിഞ്ഞ ദിവസങ്ങളിലായി അഞ്ച്‌ അറകളിലായി നടത്തിയ പരിശോധനയില്‍ ആയിരം കോടിയിലേറെ രൂപയുടെ നിക്ഷേപങ്ങളാണ്‌ കണ്ടെടുത്തത്‌. ഇന്നലെ നടത്തിയ പരിശോധനയില്‍ ഇതിന്റെ പതിന്മടങ്ങ്‌ മൂല്യമുള്ള സ്വര്‍ണ നിക്ഷേപങ്ങളാണ്‌ ദൃശ്യമായത്‌. വര്‍ഷങ്ങളായി തുറക്കാത്ത ബി എന്ന അറയിലും സഹസ്ര കോടികളുടെ നിക്ഷേപമുണ്ടെന്നാണ്‌ വിലയിരുത്തല്‍. ഇതിനിടെ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ സുരക്ഷ ശക്തമാക്കണമെന്ന്‌ ജീവനക്കാരുടെ സംഘടനകള്‍ ആവശ്യമുന്നയിച്ചു.
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണഖനികളുടെ (കല്ലറകള്‍) ശേഖരത്തെക്കുറിച്ചും ക്ഷേത്രത്തിന്റെ ആസ്തിയെക്കുറിച്ചും പുറംലോകമറിഞ്ഞ സാഹചര്യം കണക്കിലെടുത്ത്‌ ക്ഷേത്രത്തിന്റെ സുരക്ഷ ശക്തമാക്കണമെന്ന്‌ കര്‍മ്മചാരി സംഘം ആവശ്യപ്പെട്ടു. സുരക്ഷാ പരിശീലനം ലഭിച്ച തോക്കുധാരികളായ കേന്ദ്ര സെക്യൂരിറ്റി വിദഗ്ധരെ ക്ഷേത്രത്തിനകത്തും പുറത്തും നിയോഗിക്കണം. രാജഭരണകാലത്ത്‌ പുറത്തെ ക്ഷേത്രനടകളില്‍ തോക്കുധാരികളായ തിരുവിതാംകൂര്‍ സ്റ്റേറ്റ്‌ പോലീസാണ്‌ ക്ഷേത്രത്തിന്റെ സുരക്ഷ നോക്കിയിരുന്നത്‌.
വര്‍ദ്ധിച്ചുവരുന്ന ഭീകരവാദത്തിന്റെയും മാഫിയാ സംഘങ്ങളുടെയും സാഹചര്യം കണക്കിലെടുത്ത്‌ ക്ഷേത്രത്തിന്റെ സുരക്ഷാച്ചുമതല കേന്ദ്രസര്‍ക്കാരിന്റെ രാജ്യസുരക്ഷാ സൈന്യം ഏറ്റെടുക്കണമെന്ന്‌ കര്‍മ്മചാരി സംഘം ജനറല്‍ സെക്രട്ടറി വി. രവികുമാര്‍ ആവശ്യപ്പെട്ടു.

-സ്വന്തം ലേഖകന്‍